പാഠം 22: അറിയാം പെന്‍ഷന്‍ പ്ലാനിന്റെ നേട്ടങ്ങളും കോട്ടങ്ങളും
വിരമിച്ചതിനുശേഷമുള്ള ജീവിതത്തിന് മ്യൂച്വല്‍ ഫണ്ട്, ഓഹരി തുടങ്ങിയ നിക്ഷേപ പദ്ധതികളോടൊപ്പം എന്‍പിഎസും പരിഗണിക്കാം. എന്‍പിഎസിനെക്കുറിച്ചുള്ള പാഠത്തിന്റെ തുടര്‍ച്ചയാണ് ഈ ഭാഗം.
എന്‍പിഎസ് ടയര്‍ 1 അക്കൗണ്ടിലെ നിക്ഷേപ തുക കാലാവധിയെത്തുമ്ബോള്‍ പൂര്‍ണമായും പിന്‍വലിക്കാനാവില്ല. മൊത്തം തുകയുടെ 40 ശതമാനം ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടിവരും.
ബാക്കിയുള്ള 60 ശതമാനം തുക കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാം.
നേട്ടവും കോട്ടവും
നേട്ടം
പ്രതിമാസം 500 രൂപമാത്രം(വര്‍ഷം 6000 രൂപ) നിക്ഷേപിച്ചാല്‍ മതി. ഏതെങ്കിലും മാസം പണം നിക്ഷേപിച്ചില്ലെങ്കിലും പ്രശ്നമില്ല. ഒരു വര്‍ഷം 6000 രൂപ അക്കൗണ്ടില്‍ എത്തണമെന്നേയുള്ളൂ.
ഓഹരിയിലെ നിക്ഷേപമാണ് ദീര്‍ഘകാലത്തില്‍ മികച്ച നേട്ടം നല്‍കുക. നിക്ഷേപത്തിന്റെ 50 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ എന്‍പിഎസ് അവസരമൊരുക്കുന്നു. പിപിഎഫ്, ഇപിഎഫ് എന്നിവയില്‍ ഈ സൗകര്യമില്ല.
സുതാര്യത. ഇപിഎഫിലും പിപിഎഫിലും പണം എവിടെ നിക്ഷേപിക്കുന്നുവെന്നോ മറ്റ് വിവരങ്ങളോ പുറംലോകം അറിയാറില്ല. എവിടെയാണ് നിങ്ങളുടെ പണം നിക്ഷേപിക്കുന്നതെന്ന് എന്‍പിഎസില്‍ വ്യക്തമായി അറിയാം. ഓഹരി, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ബോണ്ടുകള്‍ തുടങ്ങിയവയില്‍ എത്ര അനുപാതത്തില്‍ എത്ര തുക നിക്ഷേപിക്കുന്നുവെന്ന് നിക്ഷേപകന് കാലാകാലങ്ങളില്‍ അറിയാം.
ഫണ്ട് മാനേജരെ മാറ്റാം. നിലവില്‍ നിശ്ചയിച്ചിട്ടുള്ള ഫണ്ട് മാനേജര്‍മാരിലാരിലേയ്ക്കുവേണമെങ്കിലും മാറാന്‍ കഴിയും. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നവരിലേയ്ക്ക് നിക്ഷേപം മാറ്റാന്‍ ഇത് സാഹയിക്കും.
കുറഞ്ഞ പ്രവര്‍ത്ത ചെലവ്. മ്യൂച്വല്‍ ഫണ്ട്, യുലിപ് പ്ലാനുകള്‍ തുടങ്ങിയവയേക്കാള്‍ വളറെ കുറഞ്ഞ പ്രവര്‍ത്ത ചെലവാണ് എന്‍പിഎസ് അക്കൗണ്ട് പരിപാലിക്കാന്‍ നിക്ഷേപകന് മുടക്കേണ്ടിവരുന്നത്. ഫണ്ട് മാനേജുമെന്റ് ചാര്‍ജായി 0.01 ശതമാനമാണ് ഈടാക്കുന്നത്. അതായത് പത്ത് ലക്ഷം രൂപ കൈകാര്യം ചെയ്യുന്നതിന് ഈടാക്കുന്നത് 100 രൂപമാത്രം.
കോട്ടം
* നിക്ഷേപം പിന്‍വലിക്കുമ്ബോഴുള്ള 20 ശതമാനം തുകയ്ക്ക് ഇനിയും നികുതി ആനുകൂല്യം ലഭിച്ചിട്ടില്ല. ഭാവിയില്‍ പൂര്‍ണമായും നികുതി ആനുകൂല്യം ലഭിച്ചേക്കും.
* 60 വയസ്സ് എത്തുന്നതിനുമുമ്ബ് നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. അങ്ങനെ പിന്‍വലിക്കുകയാണെങ്കില്‍ നിക്ഷേപത്തിന്റെ 80 ശതമാനം ആന്വിറ്റി പ്ലാന്‍ വാങ്ങാന്‍ ഉപയോഗിക്കണം. കാലാവധിയെത്തുന്നതിനുമുമ്ബ് ഇപിഎഫ്, പിപിഎഫ് എന്നിവയിലെ നിക്ഷേപം പിന്‍വലിക്കാന്‍ താരതമ്യേന എളുപ്പമാണ്.
* കാലാവധിയെത്തിയാല്‍ പിന്‍വലിച്ച തുകയുടെ 40 ശതമാനം ആന്വിറ്റി പ്ലാന്‍ വാങ്ങാനായി ചെലവഴിക്കണം. അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കുറവാണ്.
* നിവധി നിക്ഷേപ രീതികളുള്ളതിനാല്‍ എന്‍പിഎസിന്റെ എന്‍എവി നിശ്ചയിക്കുന്നത് സങ്കീര്‍ണമായ പ്രകൃയയാണ്.
പ്രത്യേകതകള്‍:
60വയസാകുമ്ബോള്‍ മൊത്തം തുകയുടെ 60 ശതമാനമാണ് പണമായി പിന്‍വലിക്കാനാകുക. 40 ശതമാനം തുക ആന്വിറ്റി പ്ലാനില്‍ നിര്‍ബന്ധമായും നിക്ഷേപിക്കണം. ഈ പ്ലാന്‍ വഴിയാണ് നിശ്ചിത ഇടവേളകളില്‍ വരുമാനം ലഭിക്കുക.
പിന്‍വലിക്കുന്ന 60 ശതമാനം തുകയില്‍ 40 ശതമാനത്തിന്മേല്‍ ആദായനികുതി ഇളവും ലഭിക്കും. ഈ തുകയ്ക്ക് മൂലധന നേട്ടത്തിനുള്ള നികുതി നല്‍കേണ്ടതില്ല. ബാക്കിവരുന്ന 20 ശതമാനം തുകയുടെ മൂലധനനേട്ടത്തിന് മാത്രമേ നികുതി ബാധ്യതയുള്ളൂ.
ഈ 20 ശതമാനംകൂടി ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ചാല്‍ പൂര്‍ണമായും ആദായനികുതി ആനുകൂല്യം ലഭിക്കും.
ദീര്‍ഘകാല ലോക്ക് പിരീഡ്
പെന്‍ഷന്‍ പദ്ധതിയായതിനാല്‍ ദീര്‍ഘകാല ലോക്ക് ഇന്‍ പിരിയഡ് പദ്ധതിക്കുണ്ട്. 60വയസ്സിനുശേഷംമാത്രമേ പദ്ധതിയില്‍നിന്ന് പണം പിന്‍വലിക്കാനാകൂ. 60വയസ് പൂര്‍ത്തിയായാല്‍ 40 ശതമാനംതുക നിര്‍ബന്ധമായും ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടിവരും. ജീവിതകാലംമുഴുവന്‍ പെന്‍ഷനായി നിശ്ചിത തുക ലഭിക്കുന്നതിനുവേണ്ടിയാണിത്.
ഓഹരിയില്‍ നിക്ഷേപം ഭാഗികമായി
ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ എന്‍പിഎസില്‍ ഭാഗികമായി മാത്രമാണ് ഓഹരിയില്‍ നിക്ഷേപം അനുവദിക്കുന്നത്. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്ബോള്‍, ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപം, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയേക്കാളും നേട്ടം ഓഹരിയിലെ നിക്ഷേപമാണ് നല്‍കുക. ഇതൊരു പരിമിതിയാണ്.
സ്കീം ഇ പ്രകാരം ഓഹരിയില്‍ പരമാവധി അനുവദിക്കുന്ന നിക്ഷേപം 50 ശതമാനമാണ്. ബാക്കിയുള്ള 50 ശതമാനം ഡെറ്റ് പദ്ധതികളിലും നിക്ഷേപിക്കും.
ആന്വിറ്റി പ്ലാന്‍
ലൈഫ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ നല്‍കുന്ന പെന്‍ഷന്‍ പ്ലാനുകളാണിത്. പദ്ധതിയില്‍ നിക്ഷേപിച്ച ഉടനെതന്നെ പെന്‍ഷന്‍ ലഭിക്കും. ബാങ്ക് നിക്ഷേപം, ചെറു നിക്ഷേപ പദ്ധതികള്‍ എന്നിവയെക്കാളും നേട്ടംകുറവാണെങ്കിലും ചേരുമ്ബോള്‍ നിശ്ചയിക്കുന്ന പലിശ പെന്‍ഷന്‍കാലം മുഴുവനും ലഭിക്കും. പലിശ നിരക്കുകളിലെ മാറ്റങ്ങള്‍ ഇവിടെ ബാധകമാവില്ല.
ആന്വിറ്റി പ്ലാനില്‍ നിര്‍ബന്ധമായും ചേരണോ?
60 വയസാകുമ്ബോള്‍ ലഭിക്കുന്ന മൊത്തം തുകയില്‍ 40 ശതമാനം നിര്‍ബന്ധമായും ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കേണ്ടിവരും. ജീവിതകാലം മുഴുവന്‍ അതിലെ നിക്ഷേപ തുക പിന്‍വലിക്കാനാവില്ല.
അതായത് മൊത്തം നിക്ഷേപം 50 ലക്ഷമാണെന്നിരിക്കട്ടെ, അതിലെ 40 ശതമാനം തുകയായ 20 ലക്ഷം രൂപയാണ് പെന്‍ഷന്‍ ലഭിക്കുന്നതിന് ആന്വിറ്റിയില്‍ നിക്ഷേപിക്കേണ്ടിവരിക.
അതിനേക്കാള്‍ നേട്ടം നല്‍കുന്ന നിക്ഷേപ പദ്ധതികളില്‍ ഈതുക നിക്ഷേപിക്കാന്‍ കഴിയില്ലെന്നതാണ് ഒരു ദോഷവശം. സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം തുടങ്ങിയ പദ്ധതികളിലൊന്നും ആതുക മുടക്കാനാവില്ല. ഈ പദ്ധതികളിലെല്ലാം ജീവിച്ചിരിക്കെതന്നെ നിക്ഷേപ തുക തിരിച്ചെടുക്കാന്‍ നിക്ഷേപകനെ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
ആന്വിറ്റി പ്ലാനുകള്‍ക്ക് നികുതി ആനുകൂല്യമില്ല
ആന്വിറ്റി പ്ലാനുകളില്‍നിന്ന് ലഭിക്കുന്ന പെന്‍ഷന് ആദായ നികുതി ആനുകൂല്യമില്ല. മൊത്തംവരുമാനത്തോട് ചേര്‍ത്ത് നികുതി നല്‍കാന്‍ ബാധ്യത വ്യക്തിക്കുണ്ട്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. ഒരുവര്‍ഷത്തിനുശേഷം ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടില്‍നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് മൂലധന നേട്ട നികുതിയും നല്‍കേണ്ടതില്ല. ഡെറ്റ് ഫണ്ടുകള്‍ക്കാണെങ്കില്‍ ഇന്‍ഡക്സേഷന്‍ ബെനഫിറ്റും ലഭിക്കും.
ആന്വിറ്റിയിലെ നിക്ഷേപ തുക ലഭിക്കില്ല
ആന്വിറ്റിയില്‍ നിക്ഷേപിക്കുന്ന തുക നിക്ഷേപകന് ഒരിക്കലും തിരിച്ചുലഭിക്കില്ല. ആന്വിറ്റിയില്‍ ഏഴുമുതല്‍ 10വരെ ഓപ്ഷനുകളുണ്ട്. ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് അതിലൊന്ന്. മരണശേഷം ജീവിത പങ്കാളിക്കോ, അവകാശികള്‍ക്കോ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമുണ്ട്.
കുറഞ്ഞ നേട്ടം
ആന്വിറ്റി പദ്ധതികളില്‍നിന്ന് ശരാശരി ലഭിക്കുന്ന ആദായം ആറ് ശതമാനംമാത്രമാണ്. പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈതുക പരിമിതമാണ്.
ആകെത്തുക
ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണെന്ന് ആദ്യമേ മനസിലാക്കുക. പെന്‍ഷന്‍ കാല ജീവിതത്തിന് എത്ര തുകവേണ്ടിവരുമെന്ന് കണക്കാക്കി അതിനുവേണ്ടി പ്രതിമാസ നിക്ഷേപം നടത്തുന്നതാണ് ഉചിതം.
പണപ്പെരുപ്പവും നിങ്ങള്‍ ജീവിച്ചിരുന്നേക്കാവുന്ന കാലവും മുന്നില്‍കണ്ടാകണം നിക്ഷേപം. പെന്‍ഷന്‍ കാല ജീവിതത്തിന് മ്യൂച്വല്‍ ഫണ്ട്, ഓഹരി തുടങ്ങിയ നിക്ഷേപ പദ്ധതികളോടൊപ്പം എന്‍പിഎസും പരിഗണിക്കാം.
No comments:
Post a Comment