Thursday, 15 September 2016

കെഎസ്‌ആര്‍ടിസി ബെംഗളൂരു സര്‍വീസ് ഇന്നു പുനരാരംഭിക്കും; സ്കൂളുകളും കോളജുകളും തുറന്നു



തിരുവനന്തപുരം• ബെംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. മൈസൂരു വഴിയുള്ള സര്‍വീസുകളാണ് ആദ്യം ആരംഭിക്കുക. സര്‍വീസുകളുടെ ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കെഎസ്‌ആര്‍ടിസി എംഡി ബെംഗളൂരുവിലെത്തി. എന്നാല്‍ സേലം വഴിയുള്ള സര്‍വീസുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ബുധനാഴ്ച നഗരത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്നും നഗരം സാധാരണപോലെയാണ്. സിറ്റി ബസുകളും മെട്രോയും സര്‍വീസ് നടത്തി. മിക്ക സ്കൂളുകളും കോളജുകളും തുറന്നു. പൊലീസും കേന്ദ്രസേനയും പ്രശ്നബാധിത മേഖലകളില്‍ ഫ്ളാഗ് മാര്‍ച്ച്‌ നടത്തി. തമിഴ്നാട്ടില്‍ നാളെ വ്യാപാരി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് കണക്കിലെടുത്ത് അതിര്‍ത്തി മേഖലകളി‍ല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കേന്ദ്രസേന 20 വരെ കര്‍ണാടകയില്‍ തുടരും.

അതേസമയം, കന്നഡ സംഘടനകള്‍ ഇന്നു പ്രഖ്യാപിച്ചിരുന്ന ട്രെയിന്‍ തടയലിനു പൊലീസ് അനുമതി നിഷേധിച്ചു. ട്രെയിന്‍ തടയാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 16 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ 144 തുടരും.

തിങ്കളാഴ്ചത്തെ അനിഷ്ട സംഭവങ്ങളുടെ പേരില്‍ രണ്ട് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍മാരെ സസ്പെന്‍ഡു ചെയ്തു. അതേസമയം, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു പൊലീസ് പിടികൂടിയവരിലേറെയും പാവപ്പെട്ട തൊഴിലാളികളാണെന്നും പരാതിയുണ്ട്.

No comments:

Post a Comment