Monday, 12 September 2016

ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ യുഎസ് ആണവ ബോംബറുകള്‍; സംഘര്‍ഷം കനക്കുന്നു



സോള്‍• തുടരെ തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പുമായി യുഎസിന്റെ ആണവ ബോംബറുകള്‍ ദക്ഷിണ കൊറിയയില്‍. ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്തിനു പിന്നാലെയാണ് യുഎസിന്റെ നീക്കം. ആണവായുധ വാഹകശേഷിയുള്ള സൂപ്പര്‍സോണിക് ബോംബറുകളാണ് ദക്ഷിണ കൊറിയയില്‍ എത്തിയിരിക്കുന്നത്.

ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍നിന്ന് 120 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒസാന്‍ എയര്‍ബേസിനു മുകളിലൂടെ ബി-1ബി ബോംബറുകള്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും ജെറ്റ് വിമാനങ്ങളുടെ അകമ്ബടിയോടെയായിരുന്നു ഇത്.

നിലവില്‍ ദക്ഷിണ കൊറിയയ്ക്ക് ആണവായുധങ്ങളൊന്നും തന്നെയില്ല.
പക്ഷെ പ്രധാന സഖ്യകക്ഷികളായ അവര്‍ക്ക് യുഎസ് എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 28,000ത്തില്‍ അധികം വരുന്ന യുഎസ് സൈനികരും ഇവര്‍ക്കൊപ്പമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചാമത്തെ ആണവ പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും പ്രഹരശേഷി കൂടിയതായിരുന്നു അത്. പരീക്ഷണത്തിന്റെ ഫലമായുള്ള ഭൂചലനത്തില്‍ ദക്ഷിണ കൊറിയയും കുലുങ്ങിയിരുന്നു. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ എതിര്‍പ്പു മറികടന്നായിരുന്നു കൊറിയയുടെ ആണവ പരീക്ഷണം.

No comments:

Post a Comment