Monday, 12 September 2016

അഞ്ച് രൂപയുടെ സാധനം 50 രൂപയ്ക്ക് വില്‍ക്കുന്നതിനെതിരെ കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ പ്രതിഷേധം; നൗഷാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പൊതുജനങ്ങള്‍



കായംകുളം:ബക്രീദ്-ഓണക്കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച്‌ വില്‍പ്പനനടത്തുന്ന വ്യാപാരികള്‍ക്കെതിരെ പ്രതിഷേധവുമായി പച്ചക്കറി കച്ചവടക്കാരന്‍. കായംകുളത്തെ പച്ചക്കറി കച്ചവടക്കാരന്‍ നൗഷാദ് അഹമ്മദാണ് തത്സമയം പ്രതിഷേധവുമായി രംഗത്തെത്തിയത്. വിലകുറച്ച്‌ സാധനങ്ങള്‍ വിറ്റതിന് തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ വ്യാപാരികള്‍ക്കെതിരെയാണ് നൗഷാദ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

അഞ്ച് രൂപയുടെ സാധനം 50 രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. എന്തുവന്നാലും തോല്‍ക്കാന്‍ മനസ്സില്ലെന്നും വീഡിയോയില്‍ നൗഷാദ് വ്യക്തമാക്കുന്നു. സാധനങ്ങള്‍ ഇനിയും വിലകുറച്ച്‌ തന്നെ വില്‍ക്കും. കൊള്ളലാഭം തനിക്ക് വേണ്ട.
ഇപ്പോള്‍ വില്‍ക്കുന്ന വിലയിലും തനിക്ക് ലാഭമുണ്ടെന്നും നൗഷാദ് പറയുന്നു.

ഞായാറാഴ്ച്ച നടന്ന ലൈവ് പ്രതിഷേധ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. 30,000ത്തോളം പേര്‍ ഇപ്പോള്‍ വീഡിയോ ഷെയര്‍ ചെയ്തു. 8 ലക്ഷത്തിലധികം പേര്‍ കാഴ്ച്ചക്കാരായി. കഴുത്തറപ്പന്‍ വ്യാപാരികള്‍ക്കെതിരെ നിലപാടെടുത്ത നൗഷാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്.

നൗഷാദിന്റെ വാക്കുകളിലേക്ക്; 
ഞാനിവിടെ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍ക്കുന്നതിന്റെ പേരില്‍ അടുത്തുള്ള കച്ചവടക്കാരായ രണ്ട് മഹാന്‍മാര്‍ക്ക് എന്തോ ബുദ്ധിമുട്ടുണ്ടായി. അവര്‍ ഇത്രയും കാലം ഉണ്ടാക്കിയ സ്വത്തെല്ലാം ഞാന്‍ പിടിച്ചുപറിക്കാന്‍ പോകുകയാണെന്ന്. അവര്‍ പൊലീസില്‍ പോയി പരാതി നല്‍കി. ഇപ്പോള്‍ എന്നെ പൊലീസുകാര്‍ എന്നെ വിളിച്ചിരിക്കുകയാണ്. ഞാന്‍ പോകില്ല. അതിനുമാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. അഞ്ച് രൂപയുടെ സാധാനം അമ്ബത് രൂപയ്ക്കാണ് അവര്‍ വില്‍ക്കുന്നത്. കള്ളന്‍മാരുള്ള മാര്‍ക്കറ്റാണ് കായംകുളം. ഞാന്‍ എപ്പോള്‍ വന്ന് വ്യാപാരം ചെയ്താലും ഇവന്‍മാര്‍ക്ക് പ്രശ്നമാണ്. എനിക്ക് വിലകുറച്ചാണ് സാധാനങ്ങള്‍ ലഭിക്കുന്നത്, എനിക്ക് ഇടനിലക്കാരില്ല. ഞാന്‍ വിലകുറച്ച്‌ സാധാനങ്ങള്‍ വില്‍ക്കുന്നതിന്റെ പേരില്‍ ഇവന്‍മാരുടെ ഉറക്കം പോയെന്ന്. ഇത്തവണ ആളുകളുടെ കഴുത്തറക്കാന്‍ പറ്റിയില്ല. അതിന്റെ പേരില്‍ പരാതി നല്‍കിയിരിക്കുകയാണ്. എനിക്ക് ഭയമില്ല. നിങ്ങളെങ്കിലും പ്രതികരിക്കണം. ഞാന്‍ നിത്യോപയോഗ സാധനങ്ങള്‍..എനിക്ക് ഇടനിലക്കാരില്ലാതെ.ഞാന്‍ തന്നെ പോയി വാങ്ങി വിലകുറച്ച്‌ വില്‍ക്കുന്നു. എന്റെ കച്ചവട രീതി അങ്ങനെയാണ്. എനിക്ക് സാധനങ്ങള്‍ വിറ്റ് വലിയ ആളാകേണ്ട. വലിയ സമ്ബാദ്യവും വേണ്ട. വെളിനാട്ടില്‍ പറയും, കായംകുളം എന്നാല്‍ മായംകുളമെന്ന്. പകല്‍ കായംകുളം. പകല്‍ കഴിഞ്ഞാല്‍ മായംകുളം. ഒരുത്തന്‍ മാത്രം ജീവിച്ചാല്‍ മതി ഇവിടെ. വിലകുറച്ച്‌ വില്‍ക്കാന്‍ പറ്റില്ലേ, വിലകുറച്ച്‌ വില്‍ക്കുമ്ബോഴും എനിക്ക് ലാഭമുണ്ട്. എനിക്ക് അതുമതി.

No comments:

Post a Comment