Tuesday, 13 September 2016

അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ല; കാവേരി വിഷയത്തിലുണ്ടായ അക്രമങ്ങള്‍ വേദനയുണ്ടാക്കി; നിയമപരമായേ വിഷയം പരിഹരിക്കാനാകൂ എന്നും പ്രധാനമന്ത്രി; സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതു വരെ കര്‍ണാടകത്തില്‍ നിന്നു പകല്‍ കെഎസ്‌ആര്‍ടിസി സര്‍വീസില്ല; കണ്ണൂരിലേക്കുള്ള ട്രെയിന്‍ വൈകിട്ട് 6.30ന്



ന്യൂഡല്‍ഹി/ബംഗളൂരു: കാവേരി വിഷയത്തില്‍ പ്രതികരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നു മോദി പറഞ്ഞു.

കാവേരി വിഷയത്തിലുണ്ടായ അക്രമങ്ങള്‍ വേദനയുണ്ടാക്കി. നിയമപരമായേ വിഷയം പരിഹരിക്കാനാകൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതു വരെ കര്‍ണാടകത്തില്‍ നിന്നു പകല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഏര്‍പ്പെടുത്തിയ ആദ്യ ട്രെയിന്‍ യാത്ര തിരിച്ചു.
രണ്ടാമത്തെ ട്രെയിന്‍ കണ്ണൂരിലേക്ക് വൈകിട്ട് 6.30ന് യാത്ര തിരിക്കും.

സംഘര്‍ഷത്തെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ മതിയായ സുരക്ഷയില്ലാതെ സര്‍വ്വീസുകള്‍ നടത്തേണ്ടതില്ലെന്ന് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചതോടെ ബംഗളുരുവില്‍ നിന്നുള്ള മലയാളികള്‍ ട്രെയിനിനെ ആശ്രയിക്കേണ്ടി വരും. തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ രാവിലെ 11:15നാണ് ബംഗളുരുവില്‍ നിന്നു യാത്ര തിരിച്ചത്. ബാംഗ്ലൂര്‍ കലാപത്തിനിടെ വഴിയില്‍ കുടുങ്ങിയ യാത്രക്കാരുമായി നാലു കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഹാസന്‍ മംഗളൂരു വഴി കാസര്‍കോട് എത്തി.

ബംഗലുരുവില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാനായി കേരള സര്‍ക്കാര്‍ ബംഗലുരുവില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കും. വിവരങ്ങള്‍ക്കായി 09535092715 എന്ന നമ്ബറില്‍ വിളിക്കാം.

തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തിലക്കുള്ള ബസ്സ് സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകള്‍ ഹൊസൂരില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ്. ചെന്നൈയിലെ കര്‍ണ്ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാവേരി നദീജലം പങ്കുവയ്ക്കുന്നതിന്റെ പേരില്‍ കര്‍ണാടകയും തമിഴ്നാടും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ഇടപെടുകയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരു സംസ്ഥാനത്തേയും സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കാവേരി പ്രശ്നത്തിന്റെ പേരില്‍ ഇപ്പോള്‍ ഉണ്ടായ അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാവേരി പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ്. അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. കോടതി വിധിയുടെ പേരില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടായ അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. പൊതുമുതല്‍ നശിപ്പിക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങളെ വൈകാരികമായി നേരിടുന്നതിന് പകരം അതാത് കക്ഷികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. കാവേരി പ്രശ്നത്തില്‍ കോടതിയുടെ നിര്‍ദ്ദേശം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കുകയാണ് വേണ്ടതെന്നും നായിഡു ചൂണ്ടിക്കാട്ടി.

അതേസമയം, കടുത്ത സംഘര്‍ഷവും ഏറ്റുമുട്ടലുകളും ഭീതിപരത്തിയ മണിക്കൂറുകള്‍ക്കു ശേഷം ബംഗളൂരുവില്‍ സ്ഥിതി ശാന്തമാകുന്നതായി റിപ്പോര്‍ട്ട്. നഗരത്തില്‍ സമാധാനാന്തരീക്ഷം തിരികെ വന്നതായി ബംഗളൂരു പൊലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യത ഇല്ലെന്നും പൊലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇന്നലെ രാത്രിക്കു ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. നഗരത്തിന്റെ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. നഗരത്തില്‍ പതിനയ്യായിരത്തോളം പൊലീസ്-കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്. സമരക്കാരോട് സംയമനം പാലിക്കണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.

No comments:

Post a Comment