ഡോക്ടര്‍ ബൈജു മരണക്കിടക്കയില്‍ ഒമ്ബതുകൊല്ലം കിടന്നിട്ടും എത്താത്ത സര്‍ക്കാരിന്റെ ദയവ് മരണശേഷം കിടപ്പാടം ജപ്തിചെയ്യുന്ന വേളയിലെങ്കിലും എത്തുമോ? മകനെ മരണംവരെ അടുത്തിരുന്ന് ശുശ്രൂഷിച്ച ലീലയും അയ്യപ്പനും പൊട്ടിപ്പൊളിഞ്ഞ കൂരവിട്ട് ഇറങ്ങേണ്ട ദുരവസ്ഥയില്‍; മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇടപെടുമെന്ന പ്രതീക്ഷയില്‍ എംപിക്ക് നിവേദനം
മൂവാറ്റുപുഴ: താന്‍ നല്‍കിയ മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ആ മരുന്ന് കഴിച്ചുകാണിച്ചതോടെ തളര്‍ന്നുവീഴുകയും ഒമ്ബതുവര്‍ഷം ജീവച്ഛവമായി കിടന്ന് കഴിഞ്ഞദിവസം മരണത്തെ പുല്‍കുകയും ചെയ്ത ഡോക്ടര്‍ ബൈജുവിന്റെ വീടിന് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി. ബൈജുവിന്റെ ചികിത്സയ്ക്കായി പായിപ്ര സഹകരണ ബാങ്കില്‍ നിന്ന് ഏഴുവര്‍ഷം മുമ്ബ് കടമെടുത്ത 90,000 രൂപ പലിശയ്ക്കുമേല്‍ പലിശയായി പെരുകി ഇപ്പോള്‍ നാലുലക്ഷത്തോളം രൂപയായി.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ ഡോ.
ബൈജുവിനുണ്ടായ ദുരന്തത്തില്‍ സഹായമേകാന്‍ ഇക്കാലത്രയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല. ഇപ്പോള്‍ മകനെ ശുശ്രൂഷിച്ചുകഴിഞ്ഞുവന്ന വയോധിക ദമ്ബതികളും അനുജനും കുടുംബവും പെരുവഴിയിലാകുന്ന ഘട്ടമെത്തുമ്ബോഴെങ്കിലും ഈ കുടുംബത്തിന്റെ കിടപ്പാടമെങ്കിലും രക്ഷിക്കാന്‍ മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇടപെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നാലുലക്ഷത്തോളമായ വായ്പാതുക തിരിച്ചു പിടിക്കാന്‍ ജപ്തി നടപടിക്ക് ബാങ്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടബാദ്ധ്യത എഴുതിത്ത്ത്തള്ളണമെന്ന് സംഘാംഗങ്ങള്‍ കഴിഞ്ഞ പൊതുയോഗത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു. പൊതുയോഗം അംഗീകരിച്ചെങ്കിലും ഇതിന്മേല്‍ തീരുമാനമായിട്ടില്ല. തുക അടയ്ക്കാത്ത പക്ഷം ജപ്തിനടപടികള്‍ കൈക്കൊള്ളുമെന്ന് കാണിച്ചാണ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്നലെ പായിപ്രയിലെ ഡോ. ബൈജുവിന്റെ വീട്ടിലെത്തിയ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ കെ. സോമപ്രസാദ് എംപിക്കുമുന്നില്‍ വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയിച്ചിരുന്നു. വായ്പ എഴുതിത്ത്ത്തള്ളി ജപ്തി ഒഴിവാക്കുക, അച്ഛനമ്മമാരായ അയ്യപ്പന്‍, ലീല എന്നിവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, സഹോദരന്‍ ബിജുവിന് ജോലി നല്‍കുക, ഇടിഞ്ഞുവീഴാറായ വീട് നന്നാക്കി കൊടുക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിക്കുന്ന നിവേദനം എംപിക്ക് കൈമാറി.
ശാന്തമ്മയെന്ന രോഗിക്ക് നല്‍കിയ മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലെത്തി ഡോ. ബൈജുവിനെക്കൊണ്ട് ആ മരുന്ന് കഴിപ്പിക്കുകയായിരുന്നു. താന്‍ നല്‍കിയ മരുന്നില്‍ വിഷമില്ലെന്ന് ഉറപ്പായിരുന്ന ഡോക്ടര്‍ ആ മരുന്ന് കഴിക്കുകയും കുഴഞ്ഞുവീണ് ശരീരം തളര്‍ന്ന് കിടപ്പിലാകുകയും ചെയ്തു. ഒമ്ബതുവര്‍ഷം മുമ്ബുണ്ടായ സംഭവത്തില്‍ ശാന്തമ്മയെ കൊല്ലാന്‍ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയിരുന്നെന്നും ഇതറിയാതെ ഡോക്ടര്‍ മരുന്ന് കഴിക്കുകയുമായിരുന്നെന്നുമുള്ള കേസ് ഇപ്പോഴും നടക്കുകയാണ്.
ഏറെ ജനകീയനായിരുന്ന ഡോക്്ടര്‍ ബൈജുവിന്റെ ദുരന്തത്തില്‍ ഇടപെടാനോ കാര്യമായ സഹായമെത്തിക്കാനോ ഇക്കാലമത്രയും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല. സര്‍വീസിലിരിക്കെ ഡ്യൂട്ടിക്കിടെ ഉണ്ടായ ദുരന്തത്തിന് സഹായംനല്‍കാന്‍ ഇദ്ദേഹത്തിന് ഒമ്ബതുമാസത്തെ സര്‍വീസേ ഉണ്ടായിരുന്നുള്ളൂ എന്ന തടസ്സവാദമാണ് ഉന്നയിക്കപ്പെട്ടത്.
ഡോക്ടര്‍ കിടപ്പിലായതോടെ ഇദ്ദേഹത്തെ കഷ്ടപ്പെട്ട് പഠിപ്പിച്ച കൂലിപ്പണിക്കാരായ അമ്മയും അച്ഛനും പണിക്കുപോകാന്‍പോലും ആകാതെ ഇദ്ദേഹത്തെ ശുശ്രൂഷിച്ച് കഴിച്ചുകൂട്ടേണ്ട അവസ്ഥയിലായിരുന്നു. പ്രദേശത്തെ ഒരു ചാരിറ്റി സംഘടന മാത്രമാണ് അവസാനകാലത്ത് ആശ്രയമായിരുന്നത്.
ഇത്തരത്തില്‍ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നതിനിടെ വായ്പത്തവണകള്‍ കുടിശ്ശികയായി ഇപ്പോള്‍ തുക നാലുലക്ഷമായി ഉയരുകയായിരുന്നു. നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ബാങ്ക് അതിന്മേല്‍ നടപടികളെടുത്തിട്ടില്ല. വായ്പ എഴുതിത്ത്ത്തള്ളുന്നത് സംബന്ധിച്ച് ഇതിനു മുമ്ബും പലവട്ടം ചര്‍ച്ച നടന്നിരുന്നു. ഇതിനിടയിലാണ് ഡോ. ബൈജു മരിച്ചത്. ഡോക്ടറുടെ അമ്മ ലീലയുടെ പേരിലാണ് വായ്പ.
ഇടിഞ്ഞുവീഴാറായ വീടും സ്ഥലവും പണയംവച്ചാണ് വായ്പയെടുത്തത്. ഇത് ജപ്തി ചെയ്യപ്പെട്ടാല്‍ മകനു വേണ്ടി ജീവിതത്തിന്റെ അവസാന കാലം നീക്കിവച്ച വയോധിക ദമ്ബതിമാരും ഡോക്ടര്‍ ബൈജുവിന്റെ അനുജന്‍ ബിജുവും കുടുംബവും പെരുവഴിയിലാകും. കഷ്ടപ്പാടുകള്‍ക്കിടയിലും നേരത്തെ പലവട്ടം വായ്പ പുതുക്കിവച്ചിരുന്നു. പിന്നീട് അതും കഴിയാതായി. ഡോക്ടര്‍ക്ക് സര്‍ക്കാറില്‍ നിന്നോ മറ്റെവിടെ നിന്നോ കിട്ടുന്ന സഹായങ്ങള്‍ അച്ഛനമ്മമാര്‍ക്ക് കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് ഭാര്യ ഡോ. ഷിന്‍സി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ഈ കടക്കെണിയില്‍ നിന്ന് ഡോ ബൈജുവിന്റെ കുടുംബത്തെ രക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ഇവരുടെ നിവേദനം സ്വീകരിച്ച എംപി സോമപ്രസാദ് അറിയിച്ചിട്ടുണ്ട്. അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ ഒഴിവാക്കാനും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനും ശ്രമിക്കുമെന്നും മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും എംപി. അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടുമെന്നും ഡോക്ടറുടെ കുടുംബത്തിന്റെ രക്ഷയ്ക്കെത്തുമെന്നുമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
No comments:
Post a Comment