കുട്ടിക്കള്ളനെ കൊണ്ട് കാളിങ് ബെല്‍ അടിപ്പിച്ച് വാതില്‍ തുറന്നപ്പോള്‍ മറ്റുള്ളവര്‍ ഓടിക്കൂടി; ബസ്സുടമയേയും ഭാര്യയേയും കെട്ടിയിട്ട് തൊടുപുഴയില്‍ വന്‍ കവര്‍ച്ച നടത്തിയവര്‍ ഷൊര്‍ണൂരില്‍ പിടിയിലായി; അന്യസംസ്ഥാനക്കാര്‍ കുടുങ്ങിയത് ചെന്നൈയിലേക്ക് ടാക്സിവിളിച്ചതില്‍ സംശയം തോന്നിയപ്പോള്‍
തൊടുപുഴ: ഉറങ്ങിക്കിടന്ന വീട്ടുകാരെ കുട്ടിക്കള്ളനെ ഉപയോഗിച്ച് കോളിങ് ബെല്ലടിച്ച് വിളിച്ചുണര്‍ത്തി വാതില്‍ തുറപ്പിച്ച ശേഷം വന്‍ കവര്‍ച്ച. ജില്ലയിലെ ആദ്യ ബസ് സര്‍വീസായിരുന്ന പ്രകാശ് ബസുടമ പ്രകാശ് കൃഷ്ണന്‍ നായരുടെ മകന്‍ ബാലചന്ദ്രനേയും ഭാര്യ ശ്രീജയേയും വിളിച്ചുണര്‍ത്തി വാതില്‍ തുറപ്പിച്ച ശേഷം കെട്ടിയിട്ട് കവര്‍ച്ച നടത്തുകയായിരുന്നു.തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസം ബാലചന്ദ്രന്‍, ഭാര്യ ശ്രീജ എന്നിവരെയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്ന് ആക്രമണം നടത്തി കെട്ടിയിട്ട ശേഷം പണവും സ്വര്‍ണാഭരങ്ങളും കവര്‍ന്നത്.
ഒന്നേമുക്കാല്‍ ലക്ഷം രൂപയും നാലര പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും ഐപാഡും മോഷ്ടിക്കപ്പെട്ടു. കവര്‍ക്കുശേഷം രക്ഷപ്പെട്ട മോഷണ സംഘത്തിലെ മൂന്നുപേര്‍ ഷൊര്‍ണൂരില്‍ ഷാഡോ പൊലീസിന്റെ പിടിയിലായി.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഒരു കുട്ടി കാളിങ് ബെല്‍ അടിച്ച് വിളിക്കുന്നതായി കണ്ട് എന്താണ് കാര്യമെന്നറിയാന്‍ വാതില്‍ തുറന്ന ബാലചന്ദ്രനേയും ഷീജയേയും പൊടുന്നനെ ഇരുട്ടില്‍ പതുങ്ങിനിന്ന മറ്റ് അക്രമികള്‍ വളയുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും പിടിച്ചുകെട്ടി പ്രതികള്‍ പണവും സ്വര്‍ണവും ഫോണും കവര്‍ന്നു. ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ സംസാരിച്ചിരുന്ന അഞ്ചു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവരില്‍ മൂന്നുപേരാണ് പാലക്കാട് ഷൊര്‍ണൂരില്‍ വച്ച് പിടിയിലായത്.
നല്ല ഉറക്കത്തിലായിരുന്ന ഇവര്‍ കുട്ടി എന്തോ സഹായം തേടി എത്തിയതാണെന്ന് കരുതി പരിഭ്രമത്തോടെ വാതില്‍ തുറക്കുകയായിരുന്നു. പമ്ബുടമയാണ് ബാലചന്ദ്രന്‍. വിവരമറിഞ്ഞ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയ തൊടുപുഴയിലെ ഷാഡോ പൊലീസ് റെയില്‍വെ പൊലീസിന്റെ സഹായത്തോടെയാണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയത്.
തൊടുപുഴയില്‍ നിന്ന് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ആലുവയിലെത്തി ട്രെയിന്‍ കയറിയെന്ന് പൊലീസിന് വിവരം ലഭിച്ചതോടെയാണ് പ്രതികള്‍ക്കായി വലവിരിച്ചത്. ഇവരെ പിന്‍തുടര്‍ന്നെത്തിയ പൊലീസ് ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടുകയായിരുന്നു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. കുട്ടിയെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
പമ്ബുടമയായ ബാലചന്ദ്രന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പമ്ബിലെ കളക്ഷനാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവര്‍ കവര്‍ച്ചയ്ക്കുശേഷം ഓട്ടോയില്‍ മൂവാറ്റുപുഴയിലെത്തിയ ശേഷം സുല്‍ത്താന്‍ ബത്തേരി ബസ്സില്‍ കയറി ആലുവയില്‍ ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് ട്രെയിനല്‍ ഷൊര്‍ണുരിലെത്തി. ഇവിടെനിന്ന് ചെന്നൈയിലേക്ക് പോകാന്‍ ടാക്സിവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് സംശയം തോന്നിയതോടെയാണ് അവര്‍ പൊലീസിന് വിവരമറിയിച്ചത്.
കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ബാലചന്ദ്രനും ഭാര്യയും തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ ചികിത്സയിലാണ്. കവര്‍ച്ചക്കാരെന്ന് സംശയിച്ചവരുടെ ദൃശ്യങ്ങള്‍ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
No comments:
Post a Comment