Tuesday, 13 September 2016

സഹമുറിയന്റെ കുത്തേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു; തര്‍ക്കത്തിന് കാരണമായത് ഓണം ബോണസ് വീതംവയ്പ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കം; മുകേഷ് പസ്വാന്റെ കൊലപാതകത്തില്‍ നാട്ടുകാരനായ ജിതേന്ദ്രദാസ് അറസ്റ്റില്‍



മലപ്പുറം : തിരൂരില്‍ സഹതാമസക്കാരന്റെ കുത്തേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു. ബീഹാര്‍ നന്ദപൂര്‍ മോട്ടീപുരി കമ്ബാരന്‍ സുരേഷ് പാസ്വാന്റെ മകന്‍ മുകേഷ് പസ്വാന്‍ (27) ആണ് കൊല്ലപ്പെട്ടത്. ഓണത്തിനു ലഭിച്ച അലവന്‍സ് വിതംവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരന്‍ തന്നെയായ ജിതേന്ദ്രദാസിനെ (28) പൊലീസ് അറസ്റ്റുചെയ്തു.

കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണിവര്‍. നാംലംഗ ബീഹാര്‍ സ്വദേശികള്‍ താമസിച്ചിരുന്ന പച്ചാട്ടിരിയിലെ കെട്ടിടത്തില്‍ വച്ച്‌ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
ഓണത്തോടനുബന്ധിച്ച്‌ ഉടമ നാലുപേര്‍ക്കായി 2000 രൂപ നല്‍കിയിരുന്നു. കൊല്ലപ്പെട്ടയാള്‍ ഈ തുകയില്‍ നിന്നും സിഗരറ്റ് വാങ്ങുകയും ചെയ്തു. ഇത് കൂടെയുള്ളയാള്‍ ചോദ്യം ചെയ്യുകയും വാക്കേറ്റമാവുകയുമായിരുന്നു.

നാലു പേരും മദ്യപിക്കുമായിരുന്നു. സംഭവ സമയത്തും ഇവര്‍ മദ്യപിച്ചിരുന്നു. കൊല്ലപ്പെട്ട മുകേഷ് പസ്വാന്് മാത്രം സിഗരറ്റ് വലി ശീലവുമുണ്ടായിരുന്നു. വീതിച്ചു നല്‍കേണ്ട തുകയില്‍ നിന്നും മുകേഷ് സിഗരറ്റ് വാങ്ങിയത് ജിതേന്ദ്രദാസ് ചോദ്യം ചെയ്തു. ഈ സമയം ഇവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു താമസിക്കുന്ന മുറിയില്‍ ഉണ്ടായിരുന്നത്.

മറ്റു രണ്ട് പേരില്‍ ഒരാള്‍ പുറത്തും മറ്റേയാള്‍ ഭക്ഷണം പാകം ചെയ്യുകയുമായിരുന്നു. ജിതേന്ദ്രദാസും മുകേഷും തമ്മിലുള്ള വാക്കേറ്റം മൂര്‍ച്ചിച്ചതോടെ കയ്യാങ്കളിയിലേക്ക് എത്തി. പിന്നീട് കയ്യില്‍ കിട്ടിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു .സ്ക്രൂഡൈവര്‍ പോലുള്ള ഉപകരണം കൊണ്ടാണ് കുത്തിയിട്ടുള്ളത്. നെഞ്ചിന് താഴെ ആഴത്തിലുള്ള കത്തായിരുന്നു.

കരളും ഹൃദയത്തിലേക്കുള്ള രക്തക്കുഴലും തകര്‍ന്നാണ് മരണം സംഭവിച്ചിട്ടുള്ളത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കൊല ചെയ്തതായി കണക്കാക്കുന്ന ജിതേന്ദ്രദാസ് സംഭവ ശേഷം തിരൂരില്‍ തന്നെയുള്ള ബന്ധുവിന്റെ താമസസ്ഥലത്തായിരുന്നു.

മുകേഷിന്റെ കൂടെ താമസിച്ചിരുന്ന മൂവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൃത്യം നടത്തിയ ജിതേന്ദ്രനെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ എം.കെ ഷാജി പറഞ്ഞു.

No comments:

Post a Comment