Tuesday, 13 September 2016

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയെ ജയിലില്‍ ആക്രമിച്ചു

വെല്ലൂര്‍(തമിഴ്നാട്): മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയെ ജയിലില്‍ സഹതടവുകാരന്‍ ആക്രമിച്ചു. കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളിലൊരാളായ എ ജി പേരറിവാളനു നേരെയാണ് ജയിലില്‍ ആക്രമണം ഉണ്ടായത്.

രാജേഷ് ഖന്ന എന്ന സഹതടവുകാരനാണ് അതിസുരക്ഷയുള്ള വെല്ലൂര്‍ ജയിലില്‍ പേരറിവാളനെ ആക്രമിച്ചത്. ഇരുമ്ബുവടി കൊണ്ടു ഇയാള്‍ തലയ്ക്കടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 6.15 മണിയോടെയായിരുന്നു സംഭവം.പരിക്കേറ്റ പേരറിവാളനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം കൊലക്കേസില്‍ 13 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന രാജേഷും പേരറിവാളനും തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.
പേരറിവാളിന് ഗുരുതരമായ പരിക്കില്ലെന്നും തലയില്‍ തുന്നലുകള്‍ മാത്രമെ ഉള്ളൂവെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജയിലിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

രാജീവ് വധക്കേസില്‍ 20 വര്‍ഷത്തിലേറെയായി തടവുശിക്ഷ അനുഭവിച്ചുവരുന്ന പേരറിവാളന്‍
ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയ്ക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഈ ആവശ്യം തള്ളുകയാണ് ചെയ്തത്.

എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ ദയാഹര്‍ജിയില്‍ തീരുമാനം അകാരണമായി വൈകിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമായി 2014 ഫെബ്രുവരിയില്‍ കുറച്ചിരുന്നു. പേരറിവാളനെ കൂടാതെ ശാന്തന്‍, മുരുഗന്‍ എന്നിവരുടേയും ശിക്ഷ കുറച്ചിരുന്നു. 1991 മേയ് 21നാണ് ശ്രീപെരുമ്ബത്തൂരില്‍വച്ച്‌ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

No comments:

Post a Comment