എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. തോന്നയ്ക്കല്‍ വാസുദേവന്‍ അന്തരിച്ചു; വിട പറയുന്നതു തോന്നയ്ക്കല്‍ നാട്യഗ്രാമത്തിന്റെ മുഖ്യ സംഘാടകന്‍
തിരുവനന്തപുരം: സാഹിത്യനിരൂപകനും സാമൂഹിക പ്രവര്‍ത്തകനും റിട്ട. കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോന്നയ്ക്കല്‍ വാസുദേവന്‍ അന്തരിച്ചു. 78 വയസായിരുന്നു.
ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.45നായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്കു ശേഷം കുടവൂരിലെ വീട്ടുവളപ്പില്‍ നടക്കും.
തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരിക്കെ സ്വയം വിരമിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ് , പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. തോന്നയ്ക്കല്‍ ഗവ.ഹൈ സ്കൂള്‍. ഗവ.ആര്‍ട്സ് കോളേജ് , യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം മലയാളം അദ്ധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.
തോന്നയ്ക്കല്‍ കേന്ദ്രമായി സ്ഥാപിതമായ നാട്യ ഗ്രാമം എന്ന സാംസ്കാരിക വേദിയുടെ മുഖ്യ സംഘാടകനായിരുന്നു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആശാന്‍ സ്മാരകത്തെ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടായി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. വില്യം വേര്‍ഡ്സ്വര്‍ത്തിന്റെ ലിറിക്കല്‍ ബെല്ലാര്‍ഡ്സിന്റെ ആമുഖ വിവര്‍ത്തനം, യുങ്ങിന്റെ മനഃശാസ്ത്രം, സാഹിത്യ വിമര്‍ശനം, മലയാളത്തിലെ വീരഗാഥകള്‍ എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.
ഭാര്യയും വോളിബാള്‍ താരവുമായ എം.എസ് .ശ്രീലത നേരത്തെ മരണമടഞ്ഞിരുന്നു. സിനിമ സീരിയല്‍ പ്രവര്‍ത്തകനായ നോവിന്‍ വാസുദേവ്, ടെക്നോപാര്‍ക്ക് ജീവനക്കാരനായ ശംഭു എന്നിവര്‍ മക്കളാണ്. തോന്നയ്ക്കല്‍ നാരായണന്‍ സഹോദരനാണ്.
No comments:
Post a Comment