ഒമ്ബതുമാസം സര്‍വീസിലിരുന്ന ഡോക്ടര്‍ തളര്‍ന്നുവീണ് കിടപ്പിലായാല്‍ സര്‍ക്കാര്‍ സഹായത്തിനെത്തില്ലേ? ഡോ. ബൈജു സര്‍ക്കാരിന്റെ കണക്കില്‍ ഇപ്പോഴും ഡ്യൂട്ടിക്കുവരാതെ ആബ്സന്റ് ആയ ഒരു ഡോക്ടര്‍മാത്രം; മനുഷ്യസ്നേഹി ആയിരുന്ന ഈ ഡോക്ടര്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്
മുവാറ്റുപുഴ: ഒമ്ബതുകൊല്ലം മുമ്ബ് 2007ലെ റിപ്പബ്ലിക്ക് ദിനത്തിന് തലേന്ന് ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ട ഡോ. ബൈജു അതിനുശേഷം ഇന്നുവരെ സര്‍ക്കാര്‍ രേഖകളില്‍ ആബ്സന്റ് ആണ്. തന്റേതല്ലാത്ത കാരണത്താല്‍ രോഗിയുടെ ഭര്‍ത്താവ് ഒരുക്കിയ മരണക്കെണിയില്‍ വീണുപോയ ആ ഗവണ്‍മെന്റ് ഡോക്ടര്‍ ഒമ്ബതുവര്‍ഷത്തെ നരകജീവിതത്തിനു ശേഷം മരണത്തെ പുല്‍കുമ്ബോഴും ഇക്കാലമത്രയും ഒരു സര്‍ക്കാര്‍ സഹായവും അദ്ദേഹത്തെ തേടിയെത്തിയില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.
പ്രൊബേഷന്‍ കാലയളവില്‍ ഒമ്ബതുമാസത്തെ മാത്രം സര്‍വീസുണ്ടായിരുന്നപ്പോഴാണ് ബൈജുവിന് ദുരന്തമുണ്ടാകുന്നത്. അക്കാരണം പറഞ്ഞുകൊണ്ടുതന്നെ മനുഷ്യസ്നഹം മറന്ന സര്‍ക്കാര്‍ അധികാരികള്‍ അദ്ദേഹത്തിന് സഹായം നിഷേധിക്കുകയായിരുന്നുവത്രെ. രാഷ്ട്രീയക്കാരും ഡോക്ടര്‍മാരുടെ സംഘടനകളും പലകാലത്തും ഇതിനായി ശ്രമിച്ചെങ്കിലും മനുഷ്യസ്നഹത്തിനു വിലകല്‍പ്പിക്കാന്‍ ചുവപ്പുനാടകള്‍ തടസ്സമാക്കി സര്‍ക്കാര്‍ മേലാളന്മാര്‍ ഡോട്കറുടെ ദുരന്തത്തെ കണ്ടില്ലെന്നു നടിച്ചു.
താന്‍ നല്കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ സ്വന്തം ജീവിതം തന്നെ ഉപയോഗിച്ചപ്പോള്‍ അതില്‍ ഒളിഞ്ഞിരുന്ന ചതി മനസിലാക്കാന്‍ കഴിയാതെയാണ് മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ പുത്തന്‍പുര വീട്ടില്‍ ഡോ. പി.എ. ബൈജു (47) ലോകത്തോടു വിട പറഞ്ഞത്. ഒന്‍പതു വര്‍ഷത്തെ ജീവിത യാതനകള്‍ക്കൊടുവില്‍. മൂവാറ്റപുഴ പായിപ്ര മാനാറിയിലെ വീട്ടില്‍ ഞായറാഴ്ച രാത്രി 12.30 യോടെയായിരുന്നു ഡോക്ടറുടെ അന്ത്യം.
താന്‍ ശാന്തയെന്ന രോഗിക്ക് നല്‍കിയ മരുന്നുകഴിച്ച് അവര്‍ അവശനിലയിലായെന്നു പറഞ്ഞ് ഭര്‍ത്താവും ബന്ധുക്കളും കൊണ്ടുവന്ന മരുന്ന് വിശ്വാസ്യത തെളിയിക്കാനായി 2007 ജനുവരി 26ന് ബൈജു കഴിക്കുകയായിരുന്നു. മരുന്നില്‍ രോഗിയുടെ ഭര്‍ത്താവ് വിഷംകലര്‍ത്തിയിരുന്നതറിയാതെയാണ് ഡോക്ടര്‍ അത് കഴിച്ചുകാണിച്ചത്. ബൈസണ്‍വാലി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. അല്പസമയത്തിനുള്ളില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആറുമാസത്തിനു ശേഷം വീട്ടിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.
അതിനുശേഷം ഒമ്ബതുവര്‍ഷം ദുരിതക്കിടക്കയില്‍ ബോധം നഷ്ടമായി കഴിഞ്ഞ ഡോക്ടര്‍ ബൈജുവിന് സര്‍ക്കാര്‍ വേണ്ടതുപോലെ സഹായമെത്തിച്ചില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരുടെയും ഡോക്ടര്‍മാരുടെ സംഘടനകളും ഇടപെട്ടിരുന്നെങ്കിലും വലിയ സഹായമൊന്നും ലഭിച്ചില്ല. പേരിനായി പലരും ഡോക്ടറുടെ വീട്ടില്‍ കയറിയിറങ്ങി ഒമ്ബതുമാസംമാത്രം ജോലി ചെയ്തതുകൊണ്ട് ഡോക്ടര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു വാദം. ഇടക്കിടെ ദുരിതാശ്വാസനിധിയില്‍നിന്ന് സര്‍ക്കാരും മറ്റു സന്നദ്ധ സംഘടനകള്‍ അവരുടെ ചാരിറ്റി ഫണ്ടില്‍ നിന്നും കുറച്ച് സഹായം നല്‍കിയെങ്കിലും അതൊന്നും ഡോക്ടറെ രക്ഷിക്കാന്‍ പര്യപ്തമായില്ല.
ഡ്യൂട്ടിയിലിരിക്കെ ഡോക്ടര്‍ക്ക് അത്യാഹിതമുണ്ടായതിനാല്‍ ശമ്ബളം തുടര്‍ന്നും നല്‍കണമെന്ന വീട്ടുകാരുടെ ആവശ്യം. പരിഗണിക്കപ്പെട്ടില്ല. സംഭവം നടന്ന് ആദ്യമൊക്കെ ശുഷ്കാന്തി കാണിച്ചവര്‍ പിന്നീടങ്ങോട്ടു തിരിഞ്ഞുനോക്കാതെയയി. ആദ്യകാലത്തെ ഉ്ത്സാഹംകഴിഞ്ഞതോടെ പിന്നീടാരും ഡോക്ടറെ കാണാനെത്തിയില്ല. അവസാനകാലത്ത് ചികിത്സയ്ക്കു മറ്റുമായി നാട്ടിലുള്ള ഒരു ചാരിറ്റി സംഘടനയാണ് ഇടയ്ക്കിടെ വീട്ടില്‍ എത്തി അത്യാവശ്യ മരുന്നും മറ്റും നല്‍കിയിരുന്നത്.
കുറച്ചുകാലംകൊണ്ട് രോഗികളുടെ കണ്ണിലുണ്ണിയായി
വിവിധ ആശുപത്രികളില്‍ ജോലി ചെയ്തശേഷമാണ് ഡോ. ബൈജു സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്. ആദ്യ നിയമനം ബൈസന്‍വാലിയില്‍. കുറച്ചുകാലംകൊണ്ടുതന്നെ പേരെടുത്ത് രോഗികള്‍ക്ക് പ്രിയങ്കരനായി മാറി ബൈജു. ആശുപത്രി രോഗികളെക്കൊണ്ടു നിറഞ്ഞു. അതിലൊരാളായിരുന്നു ശാന്തയെന്ന വീട്ടമ്മയും. നിത്യരോഗിയായിരുന്ന അവര്‍ ശരീരം തളര്‍ന്ന് ഏറെക്കുറെ ഒരു കിടപ്പുരോഗിയായെന്ന അവസ്ഥയിലായിരുന്നു ഡോക്ടറുടെ അരികിലെത്തുന്നത്. സ്വന്തമായി ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. ആമവാതമായിരുന്നു ശാന്തക്കെന്ന് കണ്ടെത്തിയ ഡോക്ടര്‍ അതിനുള്ള ചികിത്സകള്‍ നിര്‍ദ്ദേശിച്ചു.
മരുന്നു ഫലിച്ചു. രണ്ടു മാസംകൊണ്ട് ശാന്തയുടെ നില വളരെയധികം മെച്ചപ്പെട്ടു. പിന്നീട് തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചു. നാഗാര്‍ജുന ഔഷധനിര്‍മ്മാണ കമ്ബനിയുടെ രാസനപഞ്ജകം കഷായമാണ് ഡോക്ടര്‍ പ്രധാനമായും നിര്‍ദ്ദേശിച്ചത്. മരുന്നുമായി വീട്ടിലെത്തിയശേഷം ഒരു ഡോസ് കഴിച്ചു. പിന്നീട് രണ്ടാമത്തെ ഡോസ് കഴിച്ചശേഷമാണ് ശാന്തയ്ക്ക് അസ്വസ്ഥത തോന്നിയത്. തുടര്‍ന്ന് ശാന്തയെ ബന്ധുക്കള്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. വിഷം ഉള്ളില്‍ച്ചെന്നതാണെന്ന് അവിടെയുള്ള ഡോക്ടര്‍ വ്യക്തമാക്കി. അതിനുള്ള ചികിത്സകള്‍ ഉടനടി നല്‍കുകയും ചെയ്തതോടെ അപകടാവസ്ഥയില്‍ നിന്ന് ശാന്ത രക്ഷപ്പെട്ടു.
തുടര്‍ന്നാണ് ശാന്തയുടെ ഉള്ളില്‍ച്ചെന്ന മരുന്നുമായി ഭര്‍ത്താവ് രാജപ്പനും കൂട്ടരും ബൈജു ഡോക്ടറുടെ അടുത്തെത്തുന്നത്. താന്‍ നല്‍കിയ മരുന്ന് വിഷമല്ലെന്നും അതില്‍ യാതൊരു പിഴവുകളുമില്ലെന്നും ഡോക്ടര്‍ ആവര്‍ത്തിച്ചെന്നാണ് സാക്ഷിമൊഴികള്‍. പക്ഷേ, അതൊന്നും ഡോക്ടറെ വളഞ്ഞവര്‍ കേട്ടില്ല. ഒടുവില്‍ ഡോക്ടര്‍ ഈ മരുന്ന് കഴിച്ചു കാണിക്കുകയായിരുന്നു. മണിക്കൂറുകളോളം ഡോക്ടര്‍ക്ക് പറയത്തക്ക വിഷമതകള്‍ ഉണ്ടായിരുന്നില്ല. സംഭവദിവസം വൈകുന്നേരമായപ്പോള്‍ ഒരു ഫ്രൂട്ടി കഴിച്ചതോടെ ഡോക്ടര്‍ പെട്ടെന്ന് തളര്‍ന്നുവീഴുകയായിരുന്നു.
മരുന്നുകഴിക്കല്‍ സംഭവമൊന്നും അതുവരെ അത്രഗൗരവത്തില്‍ ആരും എടുത്തിരുന്നില്ല. പക്ഷേ, ഡോക്ടര്‍ അബോധാവസ്ഥയിലേക്കു വീണതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ഉഗ്രവിഷമായിരുന്നു മരുന്നില്‍ കലര്‍ന്നിരുന്നതെന്ന് അറിയാതെയാണ് ബൈജുവിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സ്ഥിതിവഷളായിരുന്നു. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിനു താഴേക്കു ചലനമറ്റു. പിന്നീടൊരിക്കല്‍പ്പോലും ബൈജു ഒരുവാക്കും പറഞ്ഞിട്ടില്ല.
കണ്ണീരോര്‍മ്മകളുമായി വയോധികമാതാവ്
മൂവാറ്റുപുഴ: അവന്‍ ഒരുപാട് വേദന തിന്നു. ഒന്നനങ്ങാന്‍ പോലും കഴിയാതെ കട്ടിലില്‍ തളര്‍ന്ന് ഒമ്ബതുവര്‍ഷമായി ഒരേ കിടപ്പ്. ചിലപ്പോള്‍ ഇമയൊന്നു ചിമ്മും. കണ്ണുകളില്‍നിന്നും കണ്ണീരൊഴുകും. ആരോ ചെയ്ത തെറ്റിന് എന്റെ മകന്‍ അനുഭവിച്ച കഷ്ടതകള്‍ പറഞ്ഞാല്‍ തീരുന്നില്ല. ഞാനിരിക്കുമ്ബോള്‍ അവനെ ദൈവം വിളിച്ചതാകണം. കാരണം ഞാന്‍ പോയാല്‍ അവനെ നോക്കാന്‍ മറ്റാരുമില്ലല്ലോ .. അനങ്ങാനോ മിണ്ടാനോ കഴിയാതെ കഴിഞ്ഞ ബൈജുവിനെ പരിപാലിച്ച വയോധികമാതാവ് ലീല പറയുന്നു.
ബൈസണ്‍വാലി ആശുപത്രിയില്‍ വച്ച് രോഗിക്കു കുറിച്ചുകൊടുത്ത മരുന്നില്‍ അവരുടെ ഭര്‍ത്താവ് ഏലത്തിനടിക്കുന്ന കൊടുംവിഷമാണ് കലര്‍ത്തിയതെന്ന് ആ അമ്മ പറയുന്നു. ശാന്ത അതുകഴിച്ചതാണ്. പക്ഷേ എങ്ങനെയോ അവര്‍ രക്ഷപ്പെട്ടു. പക്ഷേ, എന്റെ വാവയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ശാന്തയുടെ ഭര്‍ത്താവും കൂട്ടരും ആശുപത്രിയില്‍ വന്ന് വിഷം കലര്‍ത്തിയ മരുന്ന് അവന്റെ വായില്‍ ബലമായി ഒഴിച്ചു നല്‍കുകയായിരുന്നുവെന്ന് ലീല പറയുന്നു. പക്ഷേ, പൊലീസ് മൊഴിയില്‍ അവന്‍ സ്വയം ആ വിഷമരുന്ന് കുടിച്ചെന്നാണ്.
അവന് അപകടം പിണഞ്ഞപ്പോള്‍ ആരും ഞങ്ങളെ അറിയിച്ചില്ല. അവന്‍ ബോധരഹിതനായി സംസാരിക്കാന്‍ കഴിയാതെ വീണുപോയപ്പോഴാണ് ഞങ്ങള്‍ ഇതൊക്കെ അറിഞ്ഞതുതന്നെ. ഒരുപക്ഷേ, മരുന്ന് അവന്റെ ഉള്ളില്‍ച്ചെന്ന് കുറേയധികം സമയം അവന് കുഴപ്പമൊന്നുമില്ലായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് അവനുമായോ അവനു ഞങ്ങളോടോ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവനില്‍നിന്നു തന്നെ കാര്യം അറിയാമായിരുന്നു. പക്ഷേ, അതുണ്ടായില്ല- കരഞ്ഞുകൊണ്ട് ലീല പറയുന്നു.
ജനകീയ പ്രതിഷേധമൊക്കെ നടന്നതുകൊണ്ടാണ് പിന്നീട് കേസ് എടുത്തത്. പൊലീസിനെപ്പോലും അവരെല്ലാം പാട്ടിലാക്കിയെന്നുകരുതണം. ഒടുവില്‍ ശാന്ത കഴിച്ച വിഷമരുന്നും വാവ കഴിച്ചതും ഒരേ മരുന്നാണെന്ന് കണ്ടെത്തിയപ്പോഴാണ് അവര്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി. ആ കേസ് ഇന്നും തീര്‍ന്നിട്ടില്ല- മകനെ ജീവച്ഛവമാക്കിയവര്‍ക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയുമായി ലീല പറഞ്ഞുനിര്‍ത്തുന്നു.
പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ മോഹങ്ങള്‍ ബാക്കിയാക്കി അന്ത്യയാത്ര
കഷ്ടപ്പെട്ട് പഠിപ്പിച്ച മകന്‍ ഡോക്ടറായതോടെ വീട് പച്ചപിടിക്കുമെന്ന കൂലിപ്പണിക്കാരായ ലീലയുടേയും ഭര്‍ത്താവിന്റെയും പ്രതീക്ഷകള്‍ക്കുമേല്‍ വിധി ഇടിത്തീപോലെ വന്നുവീണ സംഭവമായിരുന്നു ഡോക്ടര്‍ക്കുണ്ടായ ദുരന്തം. ഡോ. ബൈജുവിന്റെ പായിപ്രയിലെ വീട്ടിലേക്ക് എത്തണമെങ്കില്‍ മണ്‍വഴിയിലൂടെ കുന്നുകയറി ഇറങ്ങണം. ചെങ്കുത്തായ മലയുടെ ഒരു വശത്താണ് വീട്. ബൈക്കുപോലും കഷ്ടിച്ച് പോകുന്ന വഴി. ചികിത്സയ്ക്കായി ബൈജുവിനെ സ്ട്രക്ചറില്‍ കിടത്തി ചുമന്നാണു സമീപത്തുള്ള ടാര്‍ റോഡിലേക്ക് എത്തിച്ചിരുന്നത്. അവിടെനിന്ന് ആംബുലന്‍സിലായിരുന്നു ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നത്. ഓടുമേഞ്ഞ വീടും പൊട്ടിയ ചുമരുകളും ചോര്‍ന്നൊലിക്കുന്ന വീടുമായിരുന്നു അപകടശേഷം ഡോക്ടറുടെ ഏക ആശ്രയം.
ബൈജുവിനേറ്റ ദുരന്തം ആ കുടുംബത്തിന്റെ പ്രതീക്ഷയാകെ തകര്‍ത്തു. സാമ്ബത്തികമായി അഭിവയോധികിപ്പെടേണ്ടിയിരുന്ന കുടുംബം ബൈജു വീണതോടെ ദുരിതക്കയത്തിലേക്ക് വീണുപോയി. കൂലിപ്പണിക്കുപോയിരുന്ന ലീല പിന്നീട് ആ പണിക്കു പോകാതെ മകനു കൂട്ടിരുന്നു. പിതാവും സഹോദരന്‍ ബിജുവുമാണ് പിന്നീടുള്ള ആശ്രയം. ഏക സഹോദരി വത്സല അകാലത്തില്‍ ഒന്നരമാസം മുമ്ബ് മരണമടഞ്ഞത് കുടുംബത്തിന് മറ്റൊരു വേദനയായി.
ബൈജുവിന്റെ ഭാര്യ ഡോ. ഷിന്‍സി തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഡോക്ടറാണ്. മക്കള്‍ രണ്ടുപേരും ഷിന്‍സിക്കൊപ്പമാണ്. ഷിന്‍സി കുട്ടികളുമായി എല്ലാ ആഴ്ചയും എത്തിയിരുന്നു. സ്വന്തം കുട്ടികളുടെയും സഹോദരിയുടെ മക്കളുടെയും സാന്നിധ്യത്തില്‍ ബൈജു പുഞ്ചിരിക്കുമായിരുന്നുവെന്ന് മാതാവ് ലീല പറയുന്നുണ്ട്. അരച്ചഭക്ഷണവും പാനീയങ്ങളും മാത്രം മൂക്കിലൂടെ കഴിച്ചുകൊണ്ട് ജീവിതം തള്ളിനീക്കിയ ബൈജു ഒടുവില്‍ മരണത്തിന് കീഴടങ്ങി. എന്നെങ്കിലും മകന്‍ എഴുന്നേറ്റുവരുമെന്നും എന്തെങ്കിലുമൊന്ന് മിണ്ടുമെന്നുമുള്ള അമ്മയുടെയും ബന്ധുക്കളുടേയും പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ.
No comments:
Post a Comment