Tuesday, 13 September 2016

കോടികളുടെ അഴിമതിയുണ്ടായ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ സോഫ്റ്റ് വെയറില്‍ വൈറസ് ബാധ; മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളുടെ ഡാറ്റ മുഴുവനായും നഷ്ടപ്പെട്ടു; വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കാനിരിക്കെ പര്‍ച്ചേസ് ഡാറ്റ നഷ്ടപ്പെട്ടത് അട്ടിമറിയോ?



തിരുവനന്തപുരം: വി എസ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കാലാവധി തീരാറായ കോടികളുടെ മരുന്നുകള്‍ വാങ്ങിക്കൂട്ടി വന്‍ അഴിമതി നടത്തിയെന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങാനിരിക്കെ കോര്‍പ്പറേഷന്‍ സോഫ്റ്റ് വെയര്‍ തകരാറിലാക്കി മുന്‍കാലങ്ങളില്‍ മരുന്നുവാങ്ങിയതിന്റെ ഡാറ്റാബേസ് പൂര്‍ണമായും നശിപ്പിച്ചതായി സംശയം.

മുന്‍ മന്ത്രി ശിവകുമാറിനെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച 600 കോടിയുടെ അഴിമതി ആരോപണത്തിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കമ്മീഷന്‍ അടിച്ചെടുക്കാന്‍ അനാവശ്യമായി മരുന്നുകള്‍ വാങ്ങിക്കൂട്ടുകയും കോടികളുടെ മരുന്ന് ഇത്തരത്തില്‍ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്തുവെന്ന പാലക്കാട് സ്വദേശിയും പ്രവാസിയുമായ ലിജേഷ് ജോയിയുടേയും പരാതികളില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങാനിരിക്കെയാണ് സോഫ്റ്റ് വെയര്‍ തകരാറിലായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കല്‍ പര്‍ച്ചേസുകളുടെ വിവരങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുള്ളത്.

വൈറസ് ബാധയെ തുടര്‍ന്നാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ സോഫ്്റ്റ് വെയര്‍ തകരാറിലായി ഡാറ്റ നഷ്ടപ്പെട്ടതെന്ന് പറയുന്നുണ്ടെങ്കിലും ഇത് അട്ടിമറിയാണെന്ന സംശയം കോര്‍പ്പറേഷനിലെ ചിലര്‍തന്നെ ഉന്നയിക്കുകയാണിപ്പോള്‍. കോര്‍പ്പറേഷനിലെ ഉന്നതര്‍ക്കും മുന്‍ ആരോഗ്യമന്ത്രിക്കുമെതിരെ സംശയത്തിന്റെ മുനകള്‍ നീളുകയും വിജിലന്‍സ് അന്വേഷണം ആരംഭിക്കാനിരിക്കുകയും ചെയ്യുമ്ബോള്‍ ഉണ്ടായ സംഭവം കോര്‍പ്പറേഷനില്‍ ചിലര്‍തന്നെ രഹസ്യമാക്കിവച്ചിരിക്കുകയാണ്.

ഡാറ്റാബേസ് നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കാന്‍ കൈവശമുണ്ടായിരുന്ന ചില ഫയലുകളിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് തല്‍ക്കാലം പ്രശ്നം പരിഹരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായാണ് സൂചനകള്‍.

വി എസ് സര്‍ക്കാരിന്റെ കാലത്ത് മരുന്നുകള്‍ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും സുതാര്യത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2007ല്‍ ആരംഭിച്ച സംരംഭമായിരുന്നു മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് കോര്‍പ്പറേഷനിലൂടെ മരുന്നുവാങ്ങലും വിതരണവും തുടങ്ങിയതോടെ ഏതാണ്ട് പരിഹാരമാകുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകര്‍ മേധാവിയായിരിക്കെ സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. മരുന്നുകളുടെ വാങ്ങലും വിതരണവും നിയന്ത്രിക്കാന്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയര്‍ മാറ്റി വി എസ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായതിനു പിന്നാലെ ലക്ഷങ്ങള്‍ മുടക്കി പുതിയ സോഫ്റ്റ് വെയര്‍ കൊണ്ടുവന്നു.

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ സോഫ്റ്റ് വെയര്‍ മാറ്റി ടാസ്ക് എന്ന പുതിയ സോഫ്റ്റ് വെയര്‍ കൊണ്ടുവന്നതിനെച്ചൊല്ലി അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഇടയ്ക്കിടെ ഈ സോഫ്റ്റ് വെയര്‍ പണിമുടക്കുന്നതും പതിവായി. ഇത് ശരിയായി പ്രവര്‍ത്തിക്കാതിരുന്നതോടെ വെയര്‍ഹൗസുകളില്‍ ഏതെല്ലാം മരുന്നുകള്‍ എത്രത്തോളം സ്റ്റോക്കുണ്ടെന്നോ എവിടെയെല്ലാം വിതരണം ചെയ്തുവെന്നോ കൃത്യമായി അറിയാനാകാതെ വീണ്ടും വീണ്ടും മരുന്നുകള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യം വന്നു. മരുന്നുകള്‍ വാങ്ങിക്കൂട്ടിയത് വന്‍തോതില്‍ കമ്മിഷന്‍ അടിച്ചുമാറ്റാനായിരുന്നെന്നും ഇതിന്റെ മറവില്‍ കോടികളുടെ കോഴ ഇടപാടുകള്‍ നടന്നുവെന്നുമാണ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ മരുന്നുകൊള്ളയുമായി ബന്ധപ്പെട്ട് നടന്ന ഒരു ആരോപണം.

യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ബിജു പ്രഭാകറിനെ തിരുവനന്തപുരം ജില്ലാ കളക്ടറായി മാറ്റുകയും പകരം ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ ആര്‍ കമലഹറിനെ സ്ഥാപനത്തിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മരുന്നുകള്‍ പര്‍ച്ചേസ് ചെയ്യുന്ന ചുമതലകളില്‍ വേണ്ടപ്പെട്ടവരെ നിയമിച്ചും മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ അഴിമതിക്ക് കളമൊരുക്കിയെന്ന് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സോഫ്റ്റ് വെയറില്‍ ഇടക്കിടെ തകരാറുണ്ടാറുണ്ടെന്നും ഇത് നന്നാക്കാന്‍ വൈകിച്ചുകൊണ്ട് അതിന്റെ മറവില്‍ കൂടുതല്‍ മരുന്ന് പര്‍ച്ചേസ് നടത്തി ഉന്നതര്‍ കോടികളുടെ കമ്മീഷന്‍ മരുന്നുകമ്ബനികളില്‍ നിന്ന് കൈപ്പറ്റിയിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോള്‍ സോഫ്റ്റ് വെയറില്‍ വൈറസ് ബാധമൂലം ഡാറ്റ നഷ്ടപ്പെട്ടുവെന്ന് പറയുന്നത് ഈ കള്ളക്കളികളുടെ തെളിവുകള്‍ നശിപ്പിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും ഇത് അട്ടിമറിയാണെന്ന് തീര്‍ച്ചയാണെന്നും ജീവനക്കാരില്‍ ചിലര്‍ തന്നെ പറയുന്നു.

കാലാവധി തീരാന്‍ ആറുമാസം മാത്രം ബാക്കിയുള്ള മരുന്നുകള്‍ വാങ്ങിക്കൂട്ടുകയും അത് ലേബല്‍ മാറ്റി കാലാവധി ദീര്‍ഘിപ്പിച്ച്‌ വിതരണം നടത്താന്‍ ശ്രമിക്കുകയും ചെയ്തത് പലകുറി പിടിക്കപ്പെട്ടിരുന്നു. ഇതേ കമ്ബനികള്‍ പുറത്ത് രണ്ടുവര്‍ഷം വരെ എക്സ്പയറി ഡേറ്റുള്ള മരുന്നുകള്‍ നല്‍കുമ്ബോള്‍ ആറുമാസത്തില്‍ താഴെ കാലാവധിയുള്ള മരുന്നുകള്‍ കോര്‍പ്പറേഷന്‍ വാങ്ങിയതെന്തിനെന്ന സംശയം ഉയരുകയാണ്.

ഇവ വിതരണം ചെയ്യാനായി ആശുപത്രികളിലെത്തുമ്ബോഴേക്കും അവയുടെ കാലാവധി തീരുന്ന സ്ഥിതിയാണ് പലപ്പോഴും ഉണ്ടായത്. ഇതില്‍ പല ഇടപാടുകളിലും അഴിമതിക്കറയുണ്ടെന്ന് സംസാരം ഉയര്‍ന്നതോടെ കോടികളുടെ മരുന്ന് നശിപ്പിച്ചുകളഞ്ഞ് മുഖംരക്ഷിക്കാനാണ് കോര്‍പ്പറേഷന്‍ ശ്രമിച്ചത്.

കമലാഹറിന്റെ നിയമനംപോലെതന്നെ മരുന്നു പര്‍ച്ചേസിനായി കെഎസ്‌ഇബിയില്‍ പര്‍ച്ചേസ് നടത്തുന്നതിന് കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വനിതയെ മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിയമിച്ചതിനെ ചൊല്ലിയും വിവാദമുയര്‍ന്നു. ഇവര്‍ വന്‍തോതില്‍ മരുന്നുകള്‍ വാങ്ങാന്‍ ഉത്സാഹം കാണിച്ചതിനെ ചൊല്ലിയായിരുന്നു സംശയം. കെഎസ്‌ഇബിയില്‍ കമ്ബി വാങ്ങുന്നതുപോലെ മരുന്നുവാങ്ങി കൂട്ടിയിടുന്നുവെന്ന കളിയാക്കല്‍ വരെ കോര്‍പ്പറേഷന്‍ സ്റ്റാഫിനിടയില്‍ ഉണ്ടായി.

കമലാഹറിന്റെയും ഇവരുടെയും നിയമനമുള്‍പ്പെടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാറ്റി നിയമിക്കപ്പെട്ടവര്‍ക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനിടെയാണ് സിഎജിയുടെ കണക്കെടുപ്പ് വന്നത്. ഇതോടെ കള്ളങ്ങള്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നേടിയവരെല്ലാം കൂട്ടത്തോടെ രാജിവയ്ക്കാനും മാറാനും നീക്കം നടന്നു. ചിലര്‍ കണക്കുകള്‍ നല്‍കാതെ മുങ്ങി.

മരുന്നുകള്‍ വാങ്ങിക്കൂട്ടി കോടികള്‍ അടിച്ചെടുത്തത് പുറത്തറിയാതിരിക്കാന്‍ നടത്തിയ നീക്കങ്ങളാണിതെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ സോഫ്റ്റ് വെയര്‍ തന്നെ തകരാറിലായി പര്‍ച്ചേസ് ഡാറ്റ ഉള്‍പ്പെടെ നശിച്ചതായ വിവരങ്ങള്‍ പുറത്തുവരുന്നത്.

No comments:

Post a Comment