ബുധനാഴ്ച കര്‍ണാടക ബന്ദില്ല, പ്രതിഷേധങ്ങള്‍ തുടരും, നാളെയും കര്‍ഫ്യൂ തന്നെ!
ബെംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കര്‍ണാടകയില്‍ ബന്ദ് ഇല്ല. നേരത്തെ, ബുധനാഴ്ച ബന്ദാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നാളെ ബന്ദ് പ്രഖ്യാപിച്ചിട്ടില്ല എന്ന് കന്നഡ രക്ഷണ വേദികെ നേതാവ് വാട്ടാള്‍ നാഗരാജ് അറിയിച്ചു. അതെസമയം, ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടക്കും. ബെംഗളൂരു നഗരത്തില്‍ പല ഭാഗങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ള കര്‍ഫ്യൂ നാളെയും തുടരും.
സുപ്രീം കോടതി വിധി അനുസരിച്ച് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
അതനുസരിച്ച് നിലവിലെ സ്ഥിതി തുടരും. അതേസമയം നിയമപരമായ പോരാട്ടം തുടരണമെന്നും മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്. സുപ്രീം കോടതിയില്‍ കര്‍ണാടകയിലെ കര്‍ഷകര്‍ ഹര്‍ജി നല്‍കട്ടെ എന്നാണ് എജി മധുസൂധനന്‍ ആര്‍ നായിക് നല്‍കുന്ന നിര്‍ദേശം.
നഗരത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. രാജഗോപാല്‍ നഗര്‍, കാമാക്ഷി പാളയ, വിജയ നഗര്‍, കെംഗേരി, മാഗഡി റോഡ്, രാജാജി നഗര്‍, ആര്‍ ആര്‍ നഗര, ചന്ദ്ര ലേ ഔട്ട്, യെശ്വന്ത് പുര, മഹാലക്ഷ്മി ലേ ഔട്ട് , പീനിയ, നന്ദിനി ലേ ഔട്ട്, ജ്ഞാനബാരതി തുടങ്ങിയ സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിരിക്കുന്നത്.
ഹെഗ്ഗനഹള്ളിയില്‍ കര്‍ഫ്യൂ കൊണ്ടും ഫലമില്ല എന്ന സ്ഥിതിയാണ്. ആളുകള്‍ കനത്ത പ്രതിഷേധം തുടരുകയാണ്. ഏറ്റവും കനത്ത പ്രതിഷേധം നടന്ന ഇവിടെ 30 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഈദ് നമസ്കാരം നടക്കുന്ന മോസ്കുകള്‍ ഒഴിച്ച് ആരാധനാലയങ്ങളെല്ലാം വിജനമായി കാണപ്പെടുന്നു. ബി എം ടി സി ബസ്സുകള്‍ ഒറ്റപ്പട്ട സര്‍വ്വീസ് മാത്രമേ നടത്തുന്നുള്ളൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഭാഗങ്ങളില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നില്ല. മെട്രൊ സര്‍വ്വീസും തടസ്സപ്പെട്ടു.
No comments:
Post a Comment