അനീതി തന്നെ; എങ്കിലും അക്രമം വേണ്ട: സമരക്കാരോട് കര്‍ണാടക
ബെംഗളൂരു • കാവേരി പ്രശ്നത്തില്‍ അക്രമസമരം അരുതെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയും ആവശ്യപ്പെട്ടു.കര്‍ണാടകയോട് അനീതിയാണു കാട്ടിയതെങ്കിലും സമാധാനമാര്‍ഗത്തിലൂടെയാണു പ്രതിഷേധിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അക്രമസംഭവങ്ങളുടെ പേരില്‍ കര്‍ണാടക പൊലീസ് ഇരുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് റജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കു നേരെ അക്രമം വ്യാപകമായതോടെ പൊലീസ് തന്നെ ഇത്തരം വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകള്‍ അഴിച്ചുകൊടുത്തു.
അതിനിടെ, തമിഴ്നാട്ടിലെ കന്നഡിഗരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സിദ്ധരാമയ്യ ജയലളിതയ്ക്കു കത്തയച്ചു. ബെംഗളൂരുവില്‍ തമിഴ്നാട് സ്വദേശികള്‍ കൂടുതലുള്ള ഭാഗങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ചെന്നൈയിലും കര്‍ണാടക ആസ്ഥാനമായുള്ള സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവയ്ക്കു സുരക്ഷ കൂട്ടി.
അക്രമങ്ങള്‍ ബെംഗളൂരുവിലെ വിപണിയെ പ്രതികൂലമായി ബാധിച്ചു. നഗരത്തിലെ മൊത്തവ്യാപാര വിപണന കേന്ദ്രമായ എപിഎംസി യാഡ് ഉള്‍പ്പെടെ പ്രമുഖ ചന്തകളെല്ലാം അടച്ചതു ബലിപെരുന്നാള്‍ - ഓണം കച്ചവടത്തിനു തിരിച്ചടിയായി. നഗരത്തിലെ വാണിജ്യസിരാകേന്ദ്രമായ കൊമേഴ്സ്യല്‍ സ്ട്രീറ്റിലെ കടകളെല്ലാം ഉച്ചയോടെ അടച്ചു.
തമിഴ്നാട് സ്വദേശികളുടെ ഹോട്ടലുകളും കടകളും തകര്‍ത്തതു വന്‍ നഷ്ടമുണ്ടാക്കിയതായി വ്യാപാരികള്‍ പറയുന്നു. ബെംഗളൂരുവില്‍ അഡയാര്‍ ആനന്ദഭവന്‍ ഗ്രൂപ്പിന്റെ രണ്ടു ഹോട്ടലുകള്‍ തല്ലിത്തകര്‍ത്തു.കാവേരി വിഷയത്തില്‍ കര്‍ണാടക നിലപാടിനെതിരെ കഴിഞ്ഞദിവസം ആരംഭിച്ച അക്രമങ്ങളുടെ തുടര്‍ച്ചയ്ക്കാണു തമിഴ്നാട് സാക്ഷിയായത്.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മൈലാപൂരില്‍ കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വുഡ്ലാന്‍സ് ഹോട്ടല്‍ പത്തിലേറെപ്പേര്‍ ചേര്‍ന്ന് ആക്രമിച്ചു. പെട്രോള്‍ ബോംബ് എറിഞ്ഞതിനൊപ്പം ചില്ലുഭിത്തികളും അടിച്ചുതകര്‍ത്തു. കര്‍ണാടക സ്വദേശികള്‍ തമിഴ്നാട് വിട്ടുപോകണമെന്ന് എഴുതിയ കുറിപ്പ് ഇവിടെ പതിച്ചു. അക്രമികള്‍ 'തന്തൈ പെരിയാര്‍ കഴകം' പ്രവര്‍ത്തകരാണെന്നാണു സംശയിക്കുന്നത്. ചെന്നൈ കോയമ്ബേട് ബസ് സ്റ്റാന്‍ഡില്‍ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെടേണ്ടിരുന്ന ബസിനു സമരക്കാര്‍ കേടുവരുത്തി.
രാമേശ്വരത്തു കര്‍ണാടക സ്വദേശിയായ യുവാവിനെ മര്‍ദിച്ച സംഘം കാവേരി തമിഴ്നാടിനുള്ളതെന്നു പറയിപ്പിക്കുകയും ചെയ്തു. നാഗപട്ടണം സീര്‍ക്കാഴിയില്‍ കര്‍ണാടക റജിസ്ട്രേഷനുള്ള ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു.
No comments:
Post a Comment