ഗണേശോത്സവം; സമസ്ത കണ്ണുരുട്ടിയപ്പോള്‍ എംകെ മുനീര്‍ മാപ്പു പറഞ്ഞു; 'ഇനി ആവര്‍ത്തിക്കില്ല'
കോഴിക്കോട്: ശിവസേനയുടെ ഗണേശോത്സവത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച എം.കെ.മുനീര്‍ എംഎല്‍എ സമസ്ത കണ്ണുരുട്ടിയപ്പോള്‍ മാപ്പു പറഞ്ഞ് തടിയൂരി.
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ക്ഷമചോദിച്ച് കത്തു നല്‍കിയ മുനീര്‍ സമസ്തയുടെ പൊതുപരിപാടിയിലും ഖേദം അറിയിച്ചു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും സമസ്തയ്ക്ക് തന്നെ തിരുത്താനുള്ള അവകാശമുണ്ടെന്നും മുനീര്‍ പറഞ്ഞു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കല്ലിട്ടനടയില്‍ ശിവസേനയും ഗണേശോത്സവ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച ഗണേശോത്സവത്തിലാണ് മുനീര്‍ പങ്കെടുക്കുകയും നിലവിളക്ക് കൊളുത്തുകയും ചെയ്തിരുന്നത്.
തീവ്രഹിന്ദുത്വ നിലപാടുള്ള സംഘടനയുടെ പരിപാടിയില്‍ മുനീര്‍ പങ്കെടുത്തതും നിലവിളക്ക് കൊളുത്തിയതും മുസ്ലീം വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലീഗിന്റെ കോഴിക്കോട്ടെ ചില നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.
എന്നാല്‍, ബഹറില്‍ മുസല്ലയിട്ട് നമസ്കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ ബാപ്പയുടെ രക്തം തന്നെയാണ് സിരകളിലോടുന്നതെന്നും, തന്റെ വിശ്വാസം ഒരു ഉത്സവ വേദിയില്‍ പണയപ്പെടുത്താനുള്ളതല്ലെന്നും മുനീര്‍ ഫേസ്ബുക്കിലെഴുതിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.
സ്വന്തം മണ്ഡലത്തിലെ ഭക്തജനങ്ങളുടെ സ്നേഹത്തില്‍ പങ്ക് ചേരുക മാത്രമാണ് ചെയ്തത്. അവര്‍ തന്റെ വോട്ടര്‍മാരാണ്. അതവരോടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം കൂടിയാണെന്ന ഉത്തമ ബോധ്യമുണ്ടെന്നും മുനീര്‍ വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment