Friday, 16 September 2016

ടിവി ഷോ പ്രചോദനമായി; അനുജത്തിയെ സ്വന്തമാക്കന്‍ ഭാര്യയെ കൊന്നയാള്‍ പിടിയില്‍



ഡെറാഡൂണ്‍: ഭാര്യയുടെ അനുജത്തിയുമായുള്ള പ്രണയസാഫല്യത്തിനായി ഭാര്യയെ തന്ത്രപരമായി ഇല്ലാതാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പരിപാടിയില്‍ കണ്ടരീതിയിലായിരുന്നു ഡെറാഡൂണ്‍ സ്വദേശിയായ മൊഹമ്മദ് ഡാനിഷ് ഭാര്യ ഇമ്രാനയെ മാസങ്ങള്‍ക്ക് മുന്‍പ് കൊലപ്പെടുത്തി ഉപേക്ഷിച്ചത്.

ക്രൈം പട്രോള്‍ എന്ന ടിവി പരിപാടിയാണ് തനിക്ക് കൊലപാതകത്തിന് പ്രചോദനമായതെന്ന് പ്രതി പിന്നീട് പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 18നായിരുന്നു കൊലപാതകം. ഇതിനുശേഷം മൃതദേഹം ഒരു പെട്ടിയില്‍ അടച്ച്‌ ദോയിവാല ഫോറസ്റ്റിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
മെയ് മാസത്തില്‍ ബോഡി കണ്ടെടുത്തെങ്കിലും തിരിച്ചറിയപ്പെടാത്ത രീതിയില്‍ വികൃതമായിരുന്നു.





മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ കാണാതായവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഏതാണ്ട് 40ഓളം പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. പിന്നീട് ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എയുമായി മൃതദേഹത്തിന്റെ ഡിഎന്‍എ ഒത്തുനോക്കുകയായിരുന്നു. അങ്ങിനെയാണ് ഇമ്രാനയുടെ അച്ഛന്റെയും അമ്മയുടെയും ഡിഎന്‍എയുമായി ഒത്തുചേര്‍ന്നത്.

അന്വേഷണത്തിനൊടുവില്‍ ഡാനിഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാര്യയുടെ അനുജത്തി ഇര്‍ഫാനയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. കൊലപാതകം ടിവി ചാനലിലെ ക്രൈം പരിപാടിയില്‍ കണ്ടതുപോലെയാണ് ആസൂത്രണം ചെയ്തതെന്നും പ്രതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഡാനിഷിനെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment