Sunday, 11 September 2016

സക്കര്‍ബര്‍ഗിന്റെ ലൈക്ക് കിട്ടിയ മലയാളി



മൊബൈല്‍ ആപ്പിലൂടെ വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന സംരംഭമായ 'ബൈജൂസ്' ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പാണ്. ഏറ്റവുമൊടുവില്‍ ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിക്ഷേപവും ബൈജൂസിനെ തേടിയെത്തി. ഈ സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്നതാകട്ടെ, മലയാളിയായ ബൈജു രവീന്ദ്രനും...

സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന കമ്ബനികളുടെ കാലമാണിത്.
'എഡ്ടെക്' എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഈ മേഖലയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ബെംഗളൂരുവിലെ 'തിങ്ക് ആന്‍ഡ് ലേണി'ന്റെ സ്ഥാപകന്‍ ഒരു മലയാളിയാണ്. 

തിങ്ക് ആന്‍ഡ് ലേണ്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അറിയണമെന്നില്ല. 'ബൈജൂസ് ലേണിങ് ആപ്പ്' എന്ന് കേട്ടാല്‍ ഇന്ന് പലരും അറിയും. ഫെയ്സ്ബുക്കിന്റെ സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂലധന നിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ടപ്പാണ് ഇന്ന് ബൈജൂസ്.

ഇതിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുകാരനാണ്. അധ്യാപക ദമ്ബതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകന്‍. പഠനത്തില്‍ എന്നും മികവ് പുലര്‍ത്തിയിരുന്ന ബൈജു, അഴീക്കോട്ടെ സര്‍ക്കാര്‍ സ്കൂളില്‍ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്.

പഠനകാലത്ത് മാത്സ് ഒളിമ്ബ്യാഡിലും സയന്‍സ് ക്വിസ്സിലുമെല്ലാം ബൈജു മെഡലുകള്‍ വാരിക്കൂട്ടി. പ്ലസ് ടു പഠന ശേഷം, കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്കിന് ചേര്‍ന്നു. വിജയകരമായി ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം, ഒരു മള്‍ട്ടി നാഷണല്‍ ഷിപ്പിങ് കമ്ബനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. അവധിക്ക് നാട്ടില്‍ വന്ന ബൈജു, തന്റെ സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിലെത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) കാമ്ബസുകളിലെ എം.ബി.എ. പ്രവേശനത്തിനായുള്ള 'ക്യാറ്റ്' പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കൂട്ടുകാര്‍. പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പില്‍ ബൈജു അവരെ സഹായിച്ചു.

സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ബൈജുവും പരീക്ഷ എഴുതി. ഫലം വന്നപ്പോള്‍ 'ക്യാറ്റ് ടോപ്പര്‍'. ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശന പരീക്ഷകളിലൊന്നായ 'ക്യാറ്റ്', യാതൊരു തയ്യാറെടുപ്പുമില്ലാതെ തനിക്കെങ്ങനെ നേടാനായി എന്ന ചോദ്യം ബൈജുവിന്റെ മനസ്സില്‍ ഉയര്‍ന്നു. പഠനം രസകരവും എളുപ്പവുമാക്കിയതിലൂടെയാണ് അത് നേടിയതെന്ന തിരിച്ചറിവാണ് അദ്ദേഹത്തിനുണ്ടായത്. ആ മാര്‍ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതിനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമങ്ങള്‍.

അങ്ങനെ, 2007-ല്‍ ബെംഗളൂരുവിലെ ജ്യോതി നിവാസ് കോളേജില്‍ വാരാന്തങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ക്യാറ്റ് പരിശീലന ക്ലാസുകള്‍ നടത്താന്‍ തുടങ്ങി. എങ്ങനെ ശരിയായി പഠിക്കാമെന്നും എങ്ങനെ എളുപ്പത്തില്‍ പാഠങ്ങള്‍ മനസ്സിലാക്കാമെന്നും ബൈജുവിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ എണ്ണം അമ്ബതില്‍ നിന്ന് ആയിരത്തിലേറെയായി ഉയര്‍ന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് പരിശീലന പരിപാടി വ്യാപിച്ചു. ഇതിനിടെ, മറ്റു പൊതുപ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനവും തുടങ്ങി.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളിലേക്ക് ലളിതമായ പഠനമാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനുള്ള ശ്രമങ്ങളായി പിന്നീട്. ഇതിനായി 2011-ല്‍ 'തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ കമ്ബനിക്ക് രൂപം നല്‍കി. സ്കൂള്‍ കുട്ടികളുടെ പഠനം എളുപ്പമാക്കി അവരുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയായിരുന്നു ലക്ഷ്യം.

നാല് വര്‍ഷത്തെ ശ്രമഫലമായി സ്കൂള്‍ കുട്ടികള്‍ക്കായി കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കണ്ടന്റ് തയ്യാറാക്കി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കി. 2015 ആഗസ്തിലാണ് ബൈജൂസ് ലേണിങ് ആപ്പിന് തുടക്കമിട്ടത്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ആപ്പ്. കുട്ടികള്‍ക്ക് സ്വന്തമായും എളുപ്പത്തിലും പഠിക്കാന്‍ ഈ ലേണിങ് ആപ്പ് പ്രചോദനം നല്‍കുന്നു. നാലാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

ആപ്പ് അവതരിപ്പിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ 55 ലക്ഷം പേരാണ് അത് ഡൗണ്‍ലോഡ് ചെയ്തത്. നഗരങ്ങളിലുള്ള കുട്ടികള്‍ മാത്രമല്ല ഇന്ന് ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നത്. രാജ്യത്തെ 1,400 ഓളം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ഐ.ഒ.എസ് ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ബൈജൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ കണ്ടന്റ് വേണമെന്നുള്ളവര്‍ക്ക് ചെറിയൊരു ഫീസ് നല്‍കിയാല്‍ മതി. രണ്ടര ലക്ഷത്തിലേറെ പേര്‍ ഇന്ന് വാര്‍ഷിക ഫീസ് നല്‍കി ആപ്പ് ഉപയോഗിക്കുന്നുണ്ട്.

ലോകോത്തര നിലവാരത്തിലുള്ള അധ്യാപകരുടെ സഹായത്തോടെയാണ് ആപ്പിനായുള്ള പാഠഭാഗങ്ങള്‍ തയ്യാറാക്കുന്നത്. സ്വന്തമായി വികസിപ്പിച്ച കണ്ടന്റാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വീഡിയോ, ഗ്രാഫിക്സ് എന്നിവയുടെ പിന്തുണയോടെയാണ് പാഠങ്ങള്‍ തയ്യാറാക്കുന്നത്. കുട്ടികളുടെ പഠന നിലവാരം വിശകലനം ചെയ്ത്, എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിച്ച്‌, പഠനം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ലേണിങ് ആപ്പിലുണ്ട്.

കുട്ടികള്‍ക്ക് ലളിതവും രസകരവുമായി പഠിക്കാനുള്ള അവസരമാണ് ആപ്പിലൂടെ ഒരുക്കുന്നതെന്ന് സി.ഇ.ഒ.യും സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ പറയുന്നു. പഠിക്കുന്നത് ഇഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ രക്ഷിതാക്കളുടെ പ്രേരണ ഇല്ലാതെ തന്നെ കുട്ടികള്‍ സ്വന്തംനിലയില്‍ പഠിക്കാന്‍ തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ബൈജൂസ് ആപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ പഠന നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഒരു സര്‍വേയില്‍ 90 ശതമാനത്തിലധികം രക്ഷിതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതാണ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ബൈജൂസില്‍ മൂലധന നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചത്. സക്കര്‍ബര്‍ഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേര്‍ന്ന് 'ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്' എന്ന പേരിലുള്ള സംരംഭത്തിലൂടെയാണ് ബൈജൂസില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഇവര്‍ ഏഷ്യയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണ് ബൈജൂസിലേത്. ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ ഏറെ ഫലപ്രദമായി പഠനം എളുപ്പമാക്കുകയാണ് ബൈജൂസ് ചെയ്യുന്നതെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു. ലോകത്തിലെ കൂടുതല്‍ കുട്ടികളിലേക്ക് ഈ പഠനമാധ്യമം എത്തിക്കാനാണ് ബൈജൂസുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം മൂലധന നിക്ഷേപം ലഭിച്ച എഡ്ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബൈജൂസ്. ഇതിനോടകം ഏതാണ്ട് 1,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ബൈജൂസിനെ തേടിയെത്തിയത്. സക്കര്‍ബര്‍ഗിന്റേത് ഉള്‍പ്പെടെ ഏറ്റവും ഒടുവിലത്തെ റൗണ്ടില്‍ (2016 സപ്തംബര്‍) 330 കോടി രൂപ ലഭിച്ചു.

2016 മാര്‍ച്ച്‌ മാസത്തില്‍ അന്താരാഷ്ട്ര വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്ബനികളായ സെക്വയ, സോഫിന എന്നിവയില്‍ നിന്നായി 510 കോടി രൂപ സമാഹരിച്ചിരുന്നു. അതിന് മുമ്ബ് രണ്ട് ഘട്ടങ്ങളിലായി 215 കോടി രൂപയും നേടി. ഏറ്റവുമൊടുവിലത്തെ മൂലധന നിക്ഷേപം അനുസരിച്ച്‌ കമ്ബനിയുടെ മൂല്യം ഇപ്പോള്‍ 3,500 കോടി രൂപയ്ക്കടുത്ത് എത്തിനില്‍ക്കുകയാണ്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയില്‍ 1,000 ത്തിലേറെ പേരാണ് ജോലി ചെയ്യുന്നത്. ഡിസംബറോടെ ഇത് 1,500 ആകും. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കമ്ബനിയുടെ വരുമാനം 120 കോടി രൂപയായിരുന്നു. ഈ സാമ്ബത്തിക വര്‍ഷം ആദ്യ അഞ്ച് മാസം കൊണ്ടുതന്നെ ഇത് മറികടക്കാന്‍ കഴിഞ്ഞു.

ഇന്ന് ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള ഏറ്റവും വലിയ ലേണിങ് ആപ്പായി 'ബൈജൂസ്' വളര്‍ന്നിട്ടുണ്ട്. പഠനം എങ്ങനെ കൂടുതല്‍ ലളിതവും രസകരവുമാക്കാമെന്നും എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാമെന്നും എങ്ങനെ വ്യക്തികേന്ദ്രീകൃതമാക്കാമെന്നുമുള്ള ഗവേഷണം തുടരുമെന്ന് ബൈജു പറയുന്നു.

ലോകം മുഴുവനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ലളിതമായ പഠനോപാധികള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഇന്ത്യയില്‍ വിജയിച്ച ഈ മാതൃക കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. പ്രഗത്ഭരായ നിക്ഷേപകരുടെ പങ്കാളിത്തം ഇതിന് ശക്തിപകരും.

No comments:

Post a Comment