Tuesday, 13 September 2016

ഉത്രാടപ്പാച്ചിലില്‍ മലയാളിയെ കൊള്ളയടിച്ച്‌ സ്വകാര്യ പച്ചക്കറി കേന്ദ്രങ്ങള്‍; ന്യായവിലയില്‍ ഉല്‍പന്നങ്ങള്‍ നല്‍കി കൃഷിവകുപ്പും സര്‍ക്കാര്‍ ഏജന്‍സികളും മാതൃക കാട്ടി; ഓണം വിപണി ചൂഷണം ചെയ്ത് തമിഴ്നാട് വ്യാപാരികളും



ഇടുക്കി: ഓണത്തെ ആഘോഷമാക്കാന്‍ മലയാളികള്‍ മുണ്ടു മുറുക്കിയുടുത്ത് ഷോപ്പിങ്ങിനിറങ്ങുമ്ബോള്‍ സ്വകാര്യവിപണിയില്‍ പച്ചക്കറി വ്യാപാരികളുടെ കൊള്ള.

കര്‍ഷകരില്‍നിന്നും കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് മൂന്നും നാലും വരെ ഇരട്ടി വിലയാണ് പലയിടത്തും. ഓണസദ്യയില്‍ എല്ലാക്കൂട്ടവും വിളമ്ബാന്‍ മലയാളി ഏറെ പ്രയാസപ്പെടുന്ന കാഴ്ചയാണെങ്ങും.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പച്ചക്കറി ശാലകള്‍ കേരളമൊട്ടാകെ തുറന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി.
ഓണം വിപണി ചൂഷണം ചെയ്തു തമിഴ്നാട്ടിലെ മൊത്തവ്യാപാരികള്‍ കഴിഞ്ഞ രണ്ടു ദിവസമായി ഉല്‍പന്നങ്ങളുടെ വില ഇരട്ടിയോളമാക്കി ഉയര്‍ത്തിയത് കേരളത്തിന് തിരിച്ചടിയാവുകയും ചെയ്തു.

ഏതാനും ദിവസം മുമ്ബുവരെ നാമമാത്രമായ വിലയ്ക്കു ലഭിച്ചിരുന്ന പച്ചക്കറികള്‍ക്ക് ഉത്രാടത്തലേന്നാണ് വില ഇടിച്ചുകയറിയത്. തമിഴ്നാട്ടിലെ പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം വരെ സവാള, ഉള്ളി, വെണ്ടക്ക, ബീറ്റ്റൂട്ട് അച്ചിങ്ങപ്പയര്‍, പച്ചമുളക്, പടവലങ്ങ, കത്രിക്ക എന്നിവയ്ക്ക് മൊത്തവില 7-8 രൂപയായിരുന്നത് ഇരട്ടിയായാണ് വര്‍ധിച്ചത്. ഈ ഉല്‍പന്നങ്ങളൊക്കെ 30 മുതല്‍ 60 വരെ രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അവിയലിന്റെ അവിഭാജ്യഘടകമായ മുരിങ്ങക്കായുടെ വില കിലോയ്ക്ക് 5 രൂപ ആയിരുന്നത് 20 രൂപയായി കൂട്ടി. നാല്‍പത് രൂപയാണ് മുരിങ്ങക്കായ്ക്ക് വിപണിയില്‍ ഈടാക്കുന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്റ്റാളുകളില്‍ വന്‍ വിലക്കുറവാണ് അനുഭവപ്പെടുന്നത്.

സപ്ലൈക്കോ മാര്‍ക്കറ്റുകളോടനുബന്ധിച്ചു തുറന്ന പച്ചക്കറി വ്യാപാര ശാലകളിലും ന്യായവില ഈടാക്കുമ്ബോള്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് സ്വകാര്യ വില്‍പന കേന്ദ്രങ്ങള്‍ കൊള്ള നടത്തുന്നത്.

കര്‍ഷകരില്‍നിന്നു വിപണി സംഭരണ വിലയേക്കാള്‍ പത്ത് ശതമാനം അധികം നല്‍കി ഉല്‍പന്നങ്ങള്‍ സമാഹരിച്ച്‌ വിപണി വിലയേക്കാള്‍ 30 ശതമാനം കുറച്ചു വിറ്റഴിച്ചാണ് കൃഷി വകുപ്പിന്റെ വില്‍പന. ഇതുകൊണ്ടുതന്നെ ഏറ്റവും തിരക്കും ഇത്തരം കേന്ദ്രങ്ങളിലാണ്. എന്നാല്‍ സര്‍ക്കാര്‍ പച്ചക്കറി ശാലകളിലെ വന്‍തിരക്കുമൂലം ആയിരക്കണക്കിനാളുകളാണ് നിരാശരായി സ്വകാര്യ പച്ചക്കറി ശാലകളെ അഭയം പ്രാപിക്കുന്നത്. കഴിഞ്ഞ ദിവസം നാല് രൂപയ്ക്ക് തമിഴ്നാട്ടിലെ കര്‍ഷകരില്‍നിന്നും സംഭരിച്ച തക്കാളിക്ക് വിപണിയില്‍ 30 രൂപയാണ് വില ഈടാക്കുന്നത്.

ഇതേസമയം സപ്ലൈക്കോയിലും കൃഷി വകുപ്പിന്റെ സ്റ്റാളിലും 14 രൂപയേ വിലയുള്ളൂ. കാര്‍ഷിക കര്‍മ സേനകളുടെയും വി. എഫ്. പി. സി. കെയുടെയും വിപണികളില്‍ പച്ചമുളക് 26 രൂപയ്ക്ക് വില്‍ക്കുമ്ബോള്‍ സ്വകാര്യ വില്‍പന ശാലകളില്‍ 50 മുതല്‍ 60 രൂപ വരെയാണ് വാങ്ങുന്നത്.

ഏത്തയ്ക്കായ്ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ 40 രൂപയാണ് ഈടാക്കുന്നത്. ഇത് പുറത്തുനിന്നു വാങ്ങാന്‍ 60 മുതല്‍ 75 വരെ രൂപ നല്‍കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ബീന്‍സിന് ന്യയവിലക്കടകളില്‍ 28 രൂപ ഈടാക്കുമ്ബോള്‍ തമിഴ്നാട്ടില്‍നിന്നെത്തുന്ന ബീന്‍സ് 40 മുതല്‍ 50 വരെ രൂപയ്ക്കാണ് സ്വകാര്യ ശാലകളില്‍.

സി. പി. എം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച ജൈവപച്ചക്കറി ശാലകളില്‍ സര്‍ക്കാര്‍ ഏജന്‍സികളുടേതിനേക്കാള്‍ നേരിയ വര്‍ധനവേയുള്ളൂ. മിക്കയിടത്തും ജൈവപച്ചക്കരി ഉല്‍പന്നങ്ങളാണെന്ന നേട്ടമുണ്ട്. സര്‍ക്കാര്‍ സംവിധാനം പരമാവധി ജനോപകാരപ്രദമാക്കാന്‍ കഴിഞ്ഞുവെങ്കിലും ആവശ്യമായ പ്രചാരണവും സ്റ്റോക്ക് കുറവും ഈ മേന്മയ്ക്ക് ഇടിവുണ്ടാക്കി. സ്വകാര്യ വില്‍പന കേന്ദ്രങ്ങളിലെ അന്യ വില ഈടാക്കല്‍ നിയന്ത്രിക്കാന്‍ കഴിയാത്തതും ഓണപ്പൊലിമ കുറച്ചു.

No comments:

Post a Comment