Monday, 12 September 2016

വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച; മൂന്ന് അന്യസംസ്ഥാനക്കാര്‍ പിടിയില്‍



പ്രതികളെന്ന് സംശയിക്കുന്നവരെ പിന്തുടര്‍ന്നെത്തിയ തൊടുപുഴ ഷാഡോ പോലീസ് ധന്‍ബാദ് എക്സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടുകയായിരുന്നു

ഷൊര്‍ണൂര്‍/തൊടുപുഴ: തൊടുപുഴയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. തൊടുപുഴ ഷാഡോ പോലീസ് റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.

തൊടുപുഴ അമ്ബലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം നടത്തിയത്. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ബെല്ലടിച്ച്‌ ഉണര്‍ത്തിയ ശേഷം ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു.

വീട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേര്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. തൊടുപുഴയില്‍ നിന്ന് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറിയെന്ന് പോലീസിന് വിവരം കിട്ടിയിരുന്നു.

പ്രതികളെന്ന് സംശയിക്കുന്നവരെ പിന്തുടര്‍ന്നെത്തിയ പോലീസ് ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടുകയായിരുന്നു. സംഘത്തിലെ ഒരംഗത്തെ കൂടി പിടികിട്ടാനുണ്ടെന്നാണ് വിവരം. പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇപ്പോള്‍ പിടിയിലായിരിക്കുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നതെന്നും എന്നാല്‍ കൂടുതല്‍ തെളിവെടുപ്പിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പോലീസ് അറിയിച്ചു.

No comments:

Post a Comment