Tuesday, 13 September 2016

കാവേരി പ്രശ്നം: മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്, ഇല്ലെന്ന് കോണ്‍ഗ്രസ്



ബെംഗളൂരു: കാവേരി നദീ ജല പ്രശ്നം കര്‍ണാടകത്തില്‍ കത്തിപ്പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശ്ന പരിഹാരത്തിനായി വാതിലുകളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ സിദ്ധരാമയ്യയ്ക്ക് മുന്നില്‍ രാജിയല്ലാതെ മറ്റ് വഴിയില്ല എന്നാണ് ആളുകള്‍ പറയുന്നത്. കാവേരി വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതോടെ ബെംഗളൂരു അടക്കമുള്ള കര്‍ണാടക നഗരങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.

അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച്‌ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ്. കാവേരി വിഷയത്തില്‍ നിയമപരമായ പരിഹാരം കാണാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ബെംഗളൂരു നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കര്‍ഫ്യൂ തുടരുകയാണ്. ബി എം ടി സി ബസുകള്‍ രാവിലെ സര്‍വ്വീസ് നടത്തിയില്ല. ബി എം ടി സി ബസ്സുകള്‍ ഉച്ചയോടെ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു. ബൈക്കുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. സ്വകാര്യ ടാക്സികളും സര്‍വ്വീസ് നടത്തുന്നുണ്ട്. കടകമ്ബോളങ്ങള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിന്റെ ഹൃദയഭാഗമായ എം ജി റോഡ് മിക്കവാറും ഒഴിഞ്ഞുകിടക്കുകയാണ്.

ഐ ടി നഗരമായ ബെംഗളൂരു അവധി ദിവസത്തിന്റെ മൂഡിലാണ്. വന്‍കിട കമ്ബനികള്‍ ജീവനക്കാര്‍ക്ക് അവധിയോ വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള ഓപ്ഷനോ കൊടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബസ്സുകള്‍ ഏതാണ് അവസാനിച്ച നിലയിലാണ്. ഓണം പ്രമാണിച്ച്‌ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവ വൈകുന്നേരം പുറപ്പെടും.

No comments:

Post a Comment