Sunday, 11 September 2016

ബംഗ്ലാദേശ് സുരക്ഷിതമല്ല.. താന്‍ കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്‍, ഹെയ്ല്‍സുമില്ല!



ലണ്ടന്‍: അടുത്തിടെ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും ഓപ്പണിംഗ് ബാറ്റ്സ്മാന്‍ അലക്സ് ഹെയ്ല്‍സും പിന്മാറി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശില്‍ കളിക്കാന്‍ തങ്ങളില്ലെന്ന് ഇരുവരും സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചത്. താരങ്ങളുടെ അഭിപ്രായം മാനിക്കുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ ആന്‍ഡ്രൂ സ്ട്രോസ് അറിയിച്ചു.

ഇയാന്‍ മോര്‍ഗന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ലറാകും ഇംഗ്ലണ്ടിനെ നയിക്കുക.
ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ബട്ലര്‍. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇംഗ്ലണ്ട് ബംഗ്ലാദേശില്‍ കളിക്കുന്നത്. ഈ പര്യടനത്തിനായുള്ള ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കാനിരിക്കേയാണ് മോര്‍ഗനും ഹെയ്ല്‍സും തങ്ങള്‍ പിന്മാറുന്നതായി അറിയിച്ചത്.

ടീമിലെ പ്രമുഖ താരങ്ങളായ മോര്‍ഗന്റെയും ഹെയ്ല്‍സിന്റെയും തീരുമാനത്തില്‍ നിരാശയുണ്ടെന്ന് ആന്‍ഡ്ര്യൂ സ്ട്രോസ് പറഞ്ഞു. പക്ഷേ കളിക്കാരുടെ അഭിപ്രായം മാനിക്കുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്നാണ് കരുതുന്നത്. ഇക്കാര്യം കളിക്കാരോട് ഓരോരുത്തരോടുമായി സംസാരിച്ചിട്ടുണ്ട് എന്നും സ്ട്രോസ് പറഞ്ഞു. കൂടുതല്‍ കളിക്കാര്‍ പരമ്ബരയില്‍ നിന്നും പിന്മാറില്ല എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കരുതുന്നത്.

ബംഗ്ലാദേശില്‍ ജൂലൈ മാസത്തില്‍ ഉണ്ടായ ഭീകരാക്രമണമാണ് കളിക്കാരില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നേരത്തെ, ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കുന്നത് ഐ സി സി രാജ്യങ്ങള്‍ ഒഴിവാക്കിയിരുന്നു. അതേസമയം, സ്പിന്‍ ബൗളിംഗിനെ നേരിടാനുള്ള പേടികൊണ്ടാണ് ഹെയ്ല്‍സും മോര്‍ഗനും ബംഗ്ലാദേശിലേക്ക് വരാത്തതെന്നാണ് ബംഗ്ലാ ഫാന്‍സ് പറയുന്നത്.

No comments:

Post a Comment