പയ്യന്നൂര്‍; അമിതവേഗതയിലെത്തിയ ലോറി ഡ്രൈവറുടെ കോപം കവര്‍ന്നത് 5 ജീവനുകള്‍
പയ്യന്നൂര്‍: അമിതവേഗതയില്‍ കുതിച്ചെത്തിയ ടിപ്പര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധ കവര്‍ന്നത് 5 ജീവനുകള്‍. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബം പൂര്‍ണായി ഇല്ലാതായി. റോഡില്‍ മീന്‍ വാങ്ങാന്‍ നിന്ന വയോധികയുടെ ജീവനും ടിപ്പര്‍ ലോറി കവര്‍ന്നു.
ടിപ്പര്‍ ലോറി ഡ്രൈവര്‍ ശേഖരന്‍ കുന്നരുവിലെ ബാര്‍ബര്‍ഷാപ്പില്‍ ബഹളമുണ്ടാക്കിയിരുന്നുവെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ബഹളത്തിനുശേഷം ഓടിച്ച ലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമാക്കിയത്.
ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ത്ത് മറ്റൊരു ഗുഡ്സ് ഓട്ടോറിക്ഷയെയും തട്ടിത്തെറിപ്പിച്ച് മതിലും തകര്‍ത്താണ് ലോറി നിന്നത്. ഓണം കഴിഞ്ഞ് പുതിയങ്ങാടി ചൂട്ടാടു ബീച്ചുവരെ ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ട ദമ്ബതിമാരുടെയും കുഞ്ഞിന്റെയും ജീവന്‍ ശേഖരന്റെ അശ്രദ്ധ ഇല്ലാതാക്കി.
ഓട്ടോ ഡ്രൈവര്‍ രാമന്തളി വടക്കുമ്ബാടെ കാനാങ്കിരിയല്‍ ഗണേശന്‍ (38), ഭാര്യ ലളിത (36), മകള്‍ ലിഷ്ണ (ഏഴ്), ബന്ധുവായ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ (മൂന്ന്) എന്നിവരും മത്സ്യം വാങ്ങാന്‍ നിന്നിരുന്ന കാറന്താട്ടെ നടുവിലെപുരയില്‍ ദേവകിയമ്മ (70)യുമാണു മരിച്ചത്.
വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തില്‍ പരിക്കേറ്റവരെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
മരിച്ച രണ്ടു കുട്ടികളും ദമ്ബതിമാരും രാമന്തളി വടക്കുമ്ബാട്ടുള്ളവരാണ്. വഴിയാത്രക്കാരിയായ വയോധിക കുന്നരു കാരന്താട് സ്വദേശിയും. അപകടം നടന്ന കാരന്താട്ട് ആരാണ് അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ ഉണ്ടായിരുതെന്ന വിവരം അറിഞ്ഞില്ല. സംഭവസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. രാമന്തളി വടക്കുമ്ബാട്ടുള്ളവരാണെന്ന് പിന്നീടറിഞ്ഞു. ഓരോരുത്തരായി മരിച്ച വിവരവും ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. സംഭവം നടന്ന കുന്നരുവിലെയും നാലുപേര്‍ മരിച്ച രാമന്തളി വടക്കുമ്ബാട്ടെയും ജനം നടുങ്ങി. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി.
No comments:
Post a Comment