Monday, 12 September 2016

ഹരിയാനയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ബസ് യാത്ര



ചണ്ഡിഗഢ്: ഹരിയാനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി മുതല്‍ സൗജന്യ ബസ് യാത്ര. ഗതാഗതമന്ത്രി കൃഷ്ണന്‍ ലാല്‍ പന്‍വാര്‍ ആണ് ഇക്കാര്യം തിങ്കാളാഴ്ച വ്യക്തമാക്കിയത്. പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയോ യാത്ര നിഷേധിക്കുകയോ ചെയ്യുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥിനികളെ ബസില്‍ തടയാന്‍ പാടില്ലെന്നും ജീവനക്കാര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ ഈ സൗജന്യം വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കും. ബസ് ജീവനക്കാര്‍ യാത്ര അനുവദിക്കുന്നില്ലെന്ന് കാണിച്ച്‌ ഖന്ദ്ര ഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹരിയാന സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

പെണ്‍കുട്ടികള്‍ക്ക് യാത്ര നിഷേധിച്ച ബസ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കാനും ഭാവിയില്‍ ഇത്തരം നടപടികളോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നല്‍കാനും ഗതാഗതമന്ത്രി ഹരിയാന റോഡ്വേയ്സ് ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി.

സ്ത്രീകളോടും മുതിര്‍ന്ന പൗരന്മാരോടും മാന്യമായി പെരുമാറണമെന്നും കാണിച്ച്‌ ഗതാഗത വകുപ്പ് ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment