ആല്‍പ്സിനു പിന്നാലെ ബ്രിട്ടനിലും യാത്രികര്‍ കേബിള്‍ കാറില്‍ കുടുങ്ങി, 'ഐ360' യില്‍ കുടുങ്ങിയത് 200 പേര്‍
ലണ്ടന്‍ • ആല്‍പ്സ് പര്‍വതനിരകളെ ബന്ധിപ്പിച്ചുള്ള കേബിള്‍ കാറില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തിനു സമാനമായ സംഭവം ഇന്നലെ ബ്രിട്ടനിലെ ബ്രൈറ്റണ്‍ ബീച്ചിനു സമീപത്തെ 'ഐ360' ടവറിലും ആവര്‍ത്തിച്ചു. 'ബ്രൈറ്റണ്‍ ടവര്‍' എന്നറിയപ്പെടുന്ന 162 മീറ്റര്‍ (531 അടി) വെര്‍ട്ടിക്കല്‍ കേബിള്‍ കാറില്‍ ഇരുന്നൂറോളം യാത്രികരാണ് ഞായറാഴ്ച മണിക്കൂറുകള്‍ കുടുങ്ങിപ്പോയത്. സാങ്കേതിക തകരാറായിരുന്നു സാഹസികമായ ആകാശയാത്ര ഇടയ്ക്കു നിലയ്ക്കാന്‍ കാരണം. ഫയര്‍ഫോഴ്സും പൊലീസും ഏറെ പണിപ്പെട്ട് യാത്രക്കാരെ അപകടം കൂടാതെ രക്ഷിച്ചെങ്കിലും ആകാശത്തു കുടുങ്ങിയ യാത്രികര്‍ക്ക് ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മയായി.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഐ360 ടവറിന്റെ പ്രവര്‍ത്തനം സാങ്കേതിക പ്രശ്നങ്ങള്‍ മൂലം തകരാറിലാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു. തുടര്‍ച്ചയായ രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടവറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചരിക്കുകയാണ്.
കഴിഞ്ഞദിവസം ആല്‍പ്സിലെ മഞ്ഞുപാളികള്‍ മൂടിയ മോബ്ലോ പര്‍വതമുകളിലൂടെയുള്ള പതിനായിരം അടി ഉയരത്തിലെ റോപ് വേയില്‍ നൂറിലേറെ യാത്രികര്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിപ്പോയത് യൂറോപ്പിനെയാകെ ആശങ്കയുടെ മുള്‍മുനയില്‍ ആക്കിയിരുന്നു. ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള വ്യോമസേനാംഗങ്ങള്‍ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ മണിക്കൂറുകള്‍ പണിപ്പെട്ടാണ് ഇവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് ബ്രിട്ടനിലും ഇന്നലെ ഏറെക്കുറെ സമാനമായ സംഭവം അരങ്ങേറിയത്. രണ്ടു മണിക്കൂറിലേറെയാണ് ഇരുന്നൂറിലേറെ യാത്രക്കാര്‍ ഇന്നലെ ബ്രൈറ്റണില്‍ ആകാശത്ത് കുടുങ്ങിയത്. ഇതില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു.
ബ്രിട്ടീഷ് എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ളതാണ് 531 അടി ഉയരത്തില്‍ നിന്ന് 360 ഡിഗ്രിയില്‍ ബ്രൈറ്റണ്‍ നഗരത്തിന്റെയും ബീച്ചിന്റെയും ഭംഗി കറങ്ങി കണ്ട് ആസ്വദിക്കാവുന്ന ഈ വാച്ച് ടവര്‍. ലണ്ടന്‍ നഗരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ലണ്ടന്‍ ഐയുടെ ശില്പികളാണ് ബ്രൈറ്റണ്‍ ടവറിന്റെയും നിര്‍മാണത്തിനു പിന്നില്‍. 46.2 മില്യണ്‍ പൗണ്ട് ചെലവിട്ട് രണ്ടുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ടവര്‍ ഓഗസ്റ്റ് നാലിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ രണ്ടുതവണ സാങ്കേതിക തകരാറിലായ ടവറിന് ഇതിനകം അപകീര്‍ത്തി ആയിക്കഴിഞ്ഞു.
ലോകത്തിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ കേബിള്‍കാര്‍ എന്ന ഖ്യാതിയോടെ പ്രവര്‍ത്തനം ആരംഭിച്ച ടവര്‍ ഏറ്റവും വണ്ണം കുറഞ്ഞ വലിയ ടവറെന്ന പേരില്‍ 2017ലെ ഗിന്നസ് ബുക്കിലും ഇടം നേടും.
No comments:
Post a Comment