Friday, 16 September 2016

സൗമ്യ കേസ്: പോസ്റ്റ്മോർട്ടം വിവാദത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല

തൃശൂർ ∙ സൗമ്യ വധക്കേസ് വിചാരണയ്ക്കിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംബന്ധിച്ചുണ്ടായ വിവാദങ്ങളിൽ കോടതി ഉത്തരവുപ്രകാരം ആരംഭിച്ച അന്വേഷണം സാങ്കേതികത്വത്തിൽ കുടുങ്ങിക്കിടക്കുന്നു. സൗമ്യ വധക്കേസിൽ വിധിപറഞ്ഞതിനൊപ്പം അതിവേഗ കോടതി ജ‍ഡ്ജി കെ. രവീന്ദ്രബാബു ഡോ. എ.കെ. ഉന്മേഷിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം സിജെഎം കോടതി ഒരു സിറ്റിങ് നടത്തിയെങ്കിലും സൗമ്യ വധക്കേസിന്റെ ഫയലുകൾ സുപ്രീം കോടതിയിൽ ഹാജരാക്കേണ്ടി വന്നതിനാൽ അന്വേഷണം മുടങ്ങുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായിരുന്നു ഫൊറൻസിക് സർജൻ ഡോ. ഉന്മേഷെങ്കിലും കോടതിയിൽ പ്രോസിക്യൂഷൻ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല. അതേസമയം, പ്രതിഭാഗം ഉന്മേഷിനെ വിചാരണയ്ക്കു വിളിപ്പിക്കുകയും ചെയ്തു. പൊലീസ് കോടതിയിൽ ഹാജരാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാണിച്ചപ്പോൾ ഇതു താൻ നൽകിയ റിപ്പോർട്ടല്ലെന്ന് ഉന്മേഷ് പറഞ്ഞതോടെയാണ് പോസ്റ്റ്മോർട്ടം വിവാദമുണ്ടായത്. താനും ഡോ. രാജേന്ദ്രപ്രസാദും ചേർന്നു പോസ്റ്റ്മോർട്ടം ചെയ്യുകയും ഇരുവരും ഒപ്പിട്ട റിപ്പോർട്ട് വകുപ്പുമേധാവി ഡോ. ഷേർലി വാസുവിനു സമർപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ഉന്മേഷ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നതോടെ ഇത് അന്വേഷിക്കാൻ കോടതി ഉത്തരവിടുകയും തുടർന്നു സർക്കാർ ഉന്മേഷിനെ സസ്പെ‍ൻഡ് ചെയ്യുകയും ചെയ്തു. അന്വേഷണം നടത്തണമെന്ന തൃശൂർ അതിവേഗ കോടതിയുടെ ഉത്തരവ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഉന്മേഷ് സുപ്രീം കോടതിയിൽ ഹർജി നൽകി. പോസ്റ്റ്മോർട്ടം നടത്തിയത് ഡോ. ഉന്മേഷും താനും ചേർന്നാണെന്നും ഡോ. ഷേർലി വാസു പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ലെന്നും ഫൊറൻസിക് സർജൻ ഡോ. രാജേന്ദ്രപ്രസാദ് നൽകിയ മൊഴിയും മറ്റ് അനുകൂല മൊഴികളും ഹൈക്കോടതിയിൽ ഉന്മേഷ് ഹാജരാക്കി. എന്നാൽ കീഴ്ക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് ഉന്മേഷിന്റെ ഹർജി കോടതി തള്ളി. ഇതുപ്രകാരം തെളിവുകൾ ഉന്മേഷ് തൃശൂർ ‍കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിലും നടപടിയായിട്ടില്ല.

സസ്പെൻഡ് ചെയ്തതിനെതിരെ ഉന്മേഷ് ഹൈക്കോടതിൽ നൽകിയ ഹർജിയിൽ അദ്ദേഹത്തിന് അനുകൂലമായി വിധി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 11 മാസത്തിനുശേഷം ഉന്മേഷ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ അസോഷ്യേറ്റ് പ്രഫസർ ആയി ജോലിയിൽ പ്രവേശിച്ചു.

No comments:

Post a Comment