Thursday, 15 September 2016

സൗമ്യ വധക്കേസിലെ വിധി ദൗര്‍ഭാഗ്യകരം, കേരളത്തെ ഞെട്ടിച്ചു: വിഎസ്




തിരുവനന്തപുരം• സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം റദ്ദു ചെയ്ത സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരവും കേരളത്തെ ഞെട്ടിക്കുന്നതമാണെന്നു ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. വിധിക്കെതിരെ കേരള സര്‍ക്കാരിനു പുനഃപരിശോധന ഹര്‍ജി നല്‍കാവുന്നതാണ്. അഭിഭാഷകരെ മാറ്റിയതാണു വിധി പ്രതികൂലമാകാന്‍ കാരണമെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രസ്താവന അവഹേളനപരമാണെന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞു.

മറ്റു പ്രമുഖരുടെ പ്രതികരണങ്ങള്‍:

ഉമ്മന്‍ ചാണ്ടി: സര്‍ക്കാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച വരുത്തി. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പില്‍ ജാഗ്രത കാട്ടിയില്ല.
കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത കഠിനാധ്വാനം പാഴായി. അഡ്വ.സുരേശന്റെ സഹായം തേടണമെന്ന ഉത്തരവ് നടപ്പായില്ല.

വി.എം.സുധീരന്‍: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തത് സര്‍ക്കാരിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കുമുണ്ടായ പാളിച്ചയാണ്. കേസിനു വേണ്ട പരിഗണന നല്‍കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയാണ് കേസിലെ വിധിക്കു കാരണമായത്.

കോടിയേരി ബാലകൃഷ്ണന്‍: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച വിധിയാണിത്‍. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സുപ്രീം കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍റെ പാളിച്ച സര്‍ക്കാര്‍ പരിശോധിക്കണം. പുനഃപരിശോധനാ ഹര്‍ജി നല്‍കണം. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.

കുമ്മനം രാജശേഖരന്‍: സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് കേസ് പരാജയപ്പെടാന്‍ കാരണം. വധശിക്ഷയോടുള്ള സിപിഎം നിലപാട് സൗമ്യ വധക്കേസില്‍ കൂട്ടിക്കലര്‍ത്തി. കേസ് നടത്തുന്നതിലും പരമോന്നത നീതി പീഠത്തിന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷനും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. ജില്ലാ കോടതികളില്‍ പോലും ഒരു കേസ് നടത്താന്‍ സാധാരണക്കാരന്‍ കഷ്ടപ്പെടുമ്ബോഴാണ് ലക്ഷങ്ങള്‍ മുടക്കി ഗോവിന്ദച്ചാമിയെന്ന നിര്‍ദ്ധനന്‍ സുപ്രീംകോടതി വരെ പോയത്. ഗോവിന്ദച്ചാമി വെറുമൊരു ഭിക്ഷക്കാരന്‍ മാത്രമാണോ? അതോ ഏതെങ്കിലും മാഫിയാ സംഘം പിന്നിലുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടാത്ത സര്‍ക്കാരിന്‍റെ നിലപാട് പൊതു സമൂഹത്തിന് ഭീഷണിയാണ്. നീതിക്കായി സൗമ്യയുടെ അമ്മയും ബന്ധുമിത്രാദികളും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ബിജെപി ഉണ്ടാകും.

പി.കെ.കുഞ്ഞാലിക്കുട്ടി: പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ച. സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധനാ ഹരജി നല്‍കണം. സൗമ്യയുടെ മാതാവിന്റെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. കോടതിയില്‍ ഹാജരാകാന്‍, കേസ് പഠിച്ച അഭിഭാഷകരെ വിടണമെന്ന അവരുടെ ആവശ്യം നടപ്പായില്ലെന്നതു ഗൗരവമേറിയ കാര്യമാണ്. അക്കാര്യത്തില്‍ നടപടിയെടുക്കേണ്ടിയിരുന്നത് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നതും തെളിവുകള്‍ നിരത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തതും. സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരമാണ്.

അതേസമയം, സര്‍ക്കാരിനെതിരെയും ഗോവിന്ദച്ചാമിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ബി.എ.ആളൂരിനെതിരെയും പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചു. ഷൊര്‍ണ്ണൂര്‍ കാരയ്ക്കാട് സൗമ്യയുടെ വീടിനു സമീപമായിരുന്നു പ്രതിഷേധം.

No comments:

Post a Comment