അറുപതു കോടിയില്‍പ്പരം രൂപയുടെ മരുന്ന് കെട്ടിക്കിടന്ന് നശിച്ചതെങ്ങനെ? സ്റ്റോക്കുണ്ടായിട്ടും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കോടികളുടെ മരുന്ന് വാങ്ങിക്കൂട്ടിയത് വന്‍ കോഴ ഇടപാടുകള്‍ക്കുവേണ്ടിയോ? വി എസ് ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണവുമായി വിജിലന്‍സ്; പാലക്കാട്ടുകാരനായ പ്രവാസിയുടെ പരാതിയില്‍ പ്രാഥമിക പരിശോധന തുടങ്ങി
തിരുവനന്തപുരം: 60 കോടിയില്‍പ്പരം രൂപയുടെ മരുന്നുകള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ കെട്ടിക്കിടന്ന് നശിച്ചസംഭവത്തില്‍ വിജിലന്‍സ് തുടങ്ങുന്ന അന്വേഷണം മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിലേക്കും ആരോഗ്യവകുപ്പിലെയും കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലേയും ഉന്നതരിലേക്കും നീളുമോ?
എക്സ്പയറി ഡേറ്റ് കഴിയാറായ മരുന്നുകള്‍ വാങ്ങിയും മരുന്നുകള്‍ സ്റ്റോക്കില്ലെന്നുള്ള രീതിയില്‍ കമ്ബ്യൂട്ടറില്‍ കൃത്രിമം കാണിച്ചും കോടികളുടെ മരുന്ന് സ്റ്റോക്കുണ്ടായിട്ടും വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുകയും അത് പൊതുഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തതിനെപ്പറ്റി വിജിലന്‍സ് പ്രാരംഭ പരിശോധന തുടങ്ങി.
ഇത്തരത്തില്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടിയത് വന്‍ അഴിമതിക്ക് കാരണമായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണമാണ് നടക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കുന്ന വിജിലന്‍സ് കെ. ബാബുവിനെതിരെയും കെഎം മാണിക്കെതിരെയുമുയര്‍ന്ന കോഴ ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചിരിക്കെ മറ്റ് മന്ത്രിമാര്‍ക്കെതിരെയും ഉടന്‍ അന്വേഷണം തുടങ്ങുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇതില്‍ ആദ്യം അന്വേഷണം നടക്കുന്നത് മരുന്നുകളുടെ ഇടപാടില്‍ നടന്ന കോടികളുടെ അഴിമതിയെപ്പറ്റിയായിരിക്കുമെന്ന വിവരങ്ങളാണ് മറുനാടന് ലഭിച്ചിട്ടുള്ളത്.
പ്രവാസി മലയാളിയും പാലക്കാട് സ്വദേശിയുമായ ലിജേഷ് ജോയി ഇക്കഴിഞ്ഞ ജൂലായ് 28ന് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലിജേഷ് ഇതേ പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ അന്വേഷണമൊന്നും നടന്നിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ വന്നതോടെ വീണ്ടും വിജിലന്‍സിന് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അഴിമതിയും എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ കോര്‍പ്പറേഷന്‍ വാങ്ങാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലിജേഷ് പുതിയ പരാതി നല്‍കിയിരിക്കുന്നത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിനോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ലിജേഷ് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച പുറത്തുവന്ന പത്രവാര്‍ത്തകളും ചാനല്‍ റിപ്പോര്‍ട്ടുകളും സഹിതമാണ് ലിജേഷ് പരാതി നല്‍കിയിരിക്കുന്നത്.
നിരോധിക്കപ്പെട്ട കമ്ബനികളില്‍ നിന്ന് മരുന്നുവാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഒരു ആരോപണം. ഈ കമ്ബനികളുടെ പേരുകള്‍ ഐടി വിഭാഗം വെബ്സൈറ്റില്‍ നിന്ന് നീക്കിയെങ്കിലും അവര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കി നടപടി അവസാനിപ്പിക്കുകയായിരുന്നു. ഇതില്‍ കള്ളക്കളില്‍ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.
കമ്ബനികളില്‍ നിന്ന് അക്കാലത്തുണ്ടായിരുന്ന മെഡിക്കല്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പണം വാങ്ങിയതായി അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് തന്നെ ഫോണില്‍ തന്നോട് പറഞ്ഞിട്ടുള്ളതായും അതിന്റെ ശബ്ദരേഖ ഹാജരാക്കാമെന്നും ലിജേഷ് പരാതിയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പല വെയര്‍ ഹൗസുകളിലും കോടികളുടെ മരുന്ന് നശിച്ചുപോയതായും പലയിടത്തും ഇത് കത്തിച്ചുകളഞ്ഞതായും നിരവധി മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ, ഇതിന്റെ സാഹചര്യം പരിശോധിക്കപ്പെട്ടില്ല.
ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ഓഫീസില്‍ നിന്ന് ഫിനാന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിതന്നെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നതായാണ് മറ്റൊരു വിവരം. എന്നിട്ടും ശിവകുമാര്‍ മന്ത്രിയായിരുന്ന ആരോഗ്യവകുപ്പിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് കോണ്‍ഗ്രസ് തയ്യാറായില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
പക്ഷേ, ഇതിന്മേല്‍ അന്വേഷണം നടത്തുമെന്നാണ് ശിവകുമാര്‍ നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്. ഉന്നതര്‍ ഇടപെട്ട് അഴിമതി നടത്തുന്നതിനെ പറ്റി വ്യക്തമായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് 2014ല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ തന്നെ ഇങ്ങനെയൊരു അന്വേഷണത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു. അതും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. ഇതിനെല്ലാം പുറമെ, കോടികളുടെ മരുന്ന് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയിലൂടെ നശിച്ചുപോയതായി സിഎജി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം, ആരോപണങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയും ആരോഗ്യരംഗത്തെ ഉന്നതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം മുക്കുകയുമായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. മരുന്നുകളുടെ സ്റ്റോക്കിന്റെയും മറ്റും ഡാറ്റ ഉള്‍പ്പെടുത്തി അപ്പപ്പോള്‍ വിലയിരുത്താനുള്ള ടാസ്ക് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനത്തില്‍ പലതവണ പാളിച്ചകള്‍ സംഭവിച്ചതായി മാനേജിങ് ഡയറക്ടര്‍കകും ആരോഗ്യ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും അതു നന്നാക്കാന്‍ കൂട്ടാക്കിയില്ല.
സോഫ്റ്റ് വെയറില്‍ മരുന്നുകള്‍ സ്റ്റോക്കില്ലെന്ന് കാണിച്ചതിനെ തുടര്‍ന്നാണ് കെട്ടുകണക്കിന് സ്റ്റോക്കുണ്ടായിരുന്ന മരുന്നുകള്‍തന്നെ വാങ്ങിക്കൂട്ടിയതെന്നും കൈവശമുണ്ടായിരുന്ന മരുന്നുകള്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ് ഉപയോഗ ശൂന്യമായതെന്നും ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ വീണ്ടും വീണ്ടും മരുന്നുവാങ്ങാനും അതിന്റെ മറവില്‍ കോടികള്‍ തട്ടാനും ചിലര്‍ കരുതിക്കൂട്ടി ശ്രമം നടത്തിയെന്ന ആരോപണമാണ് ഇപ്പോഴും ഉയരുന്നത്.
ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ അക്കമിട്ടു നിരത്തി പരാതി നല്‍കിയ ലിജേഷ് ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഹാജരാക്കാമെന്നും വിജിലന്‍സിനെ അറിയിച്ചിരുന്നു. പരാതി സ്വീകരിച്ച വിജിലന്‍സ് ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധനയ്ക്ക് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഇദ്ദേഹത്തിന് വിവരങ്ങളും രേഖകളും തെളിവുകളും കൈമാറാനാണ് ലിജേഷിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇപ്പോള്‍ വിദേശത്തുള്ള ലിജേഷ് അടുത്തമാസം നാട്ടിലെത്തുമ്ബോള്‍ വിജിലന്‍സിന് നേരിട്ട് തെളിവുകള്‍ നല്‍കുമെന്ന് മറുനാടനോട് വ്യക്തമാക്കി. കൈവശമുള്ള മറ്റു വിവരങ്ങള്‍ ഇതിനകം നല്‍കുകയും ചെയ്തി്ട്ടുണ്ട്. ഇതില്‍ അന്വേഷണം ശക്തമായി നടക്കുന്നതോടെ ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതിയുടെ കഥകള്‍ പുറത്തുവരുമെന്നാണ് സൂചനകള്‍.
No comments:
Post a Comment