ഒറ്റ സ്കൂപ്പില്‍ ഒതുങ്ങുന്ന ക്രിക്കറ്ററല്ല തിലകരത്ന ദില്‍ഷന്‍
ഇരട്ടകളായി ഓര്‍മിക്കപ്പെടുന്നവരാണു ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാര്‍. അര്‍ജുന രണതുംഗയുടെയും അരവിന്ദ ഡിസില്‍വയുടെയും കാലം തൊട്ടേ തുടങ്ങുന്നു അത്. പിന്നെ ജയസൂര്യ-കാലുവിതരണ, ജയവര്‍ധന-സംഗക്കാര... എന്തിന് മുത്തയ്യ മുരളീധരനെന്ന പേരു കേള്‍ക്കുമ്ബോള്‍ പോലും പേസ് ബോളറായ ചാമിന്ദ വാസ് മനസ്സിലെത്തും. പക്ഷേ, തിലകരത്നെ ദില്‍ഷന് അങ്ങനെയൊരു കൂട്ടുണ്ടോ..? ഇല്ല എന്നത് ആശ്ചര്യമുണര്‍ത്തുന്ന സത്യം. അങ്ങനെ ലങ്കന്‍ ക്രിക്കറ്റിലെ ഒറ്റയാനാകുന്നു ദില്‍ഷന്‍. മറ്റുള്ളവരെപ്പോലെ ഓര്‍മിക്കപ്പെടില്ല എന്നതാണ് അതുകൊണ്ടുള്ള നഷ്ടം. ഏകദിനത്തിലും ടെസ്റ്റിലുമായി പതിനയ്യായിരത്തിലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുണ്ടായിട്ടും ട്വന്റി20യിലെ ക്ഷണികമായൊരു 'ദില്‍ സ്കൂപ്' വേണ്ടിവരുന്നില്ലേ പലപ്പോഴും ദില്‍ഷനെ ഓര്‍ക്കാന്‍!
വിരമിക്കല്‍ തീരുമാനം പെട്ടെന്നെടുത്തതാണെന്ന് ഈ മുപ്പത്തൊന്‍പതുകാരന്‍ പറയുന്നു. 'ഒരു രണ്ടുവര്‍ഷംകൂടി ക്രിക്കറ്റ് കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ഓഗസ്റ്റ് 25നു രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്കു തോന്നി, നിര്‍ത്താന്‍ സമയമായെന്ന്'. വിരമിക്കലിനു ദില്‍ഷന്‍ പറയുന്ന കാരണം പക്ഷേ ന്യായം. 'ഇനിയും കളി തുടര്‍ന്നാല്‍ 2019 ലോകകപ്പിനു മുന്‍പായിരിക്കും ഞാന്‍ വിരമിക്കുക. ലോകകപ്പില്‍ ടീമിനു പുതിയൊരു ഓപ്പണറെ തേടേണ്ടിവരും. എത്രയോ താരങ്ങള്‍ക്കൊപ്പം ഓപ്പണ്‍ ചെയ്തിട്ടും ഒരു സ്ഥിരം പങ്കാളിയെ കിട്ടാത്ത എനിക്ക്, ആ സ്ഥാനത്തു പെട്ടെന്നു കളിക്കേണ്ടിവരുന്ന ഒരാളുടെ ബുദ്ധിമുട്ട് നന്നായിട്ടറിയാം...'
എ.ബി.ഡിവില്ലിയേഴ്സിനെപ്പോലെ ഒരു മോഡേണ്‍ ക്രിക്കറ്ററാണു ദില്‍ഷനും. മൈതാനത്തിന്റെ നാലതിരുകളും തനിക്കുവേണ്ടി തുറന്നിട്ടതാണെന്ന ബോധ്യമുള്ള 360 ഡിഗ്രി ബാറ്റ്സ്മാന്‍. പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷകവേഷം ദില്‍ഷന്‍ പക്ഷേ, അധികം കെട്ടിയാടിയിട്ടില്ല. അതിനു കാരണമുണ്ട്. ടീമിനെ പ്രതിസന്ധിയിലാക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതുതന്നെ. വച്ചുനീട്ടുകയല്ല, പെട്ടെന്നു തീരുമാനമാക്കുക എന്നതാണു ദില്‍ഷന്റെ ശൈലി. ഒരുതരം വീരേന്ദര്‍ സേവാഗ് സ്റ്റൈല്‍! ഷോട്ടുകളുടെ വൈവിധ്യങ്ങള്‍ക്കുപരി ദില്‍ഷന്റെ ഇന്നിങ്സുകള്‍ ഓര്‍മിക്കപ്പെടാത്തതിനു കാരണം അതുമാകാം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കം കളി തുടങ്ങി ഈ വര്‍ഷംവരെ ക്രിക്കറ്റ് കളിച്ച രണ്ടുപേരില്‍ ഒരാളാണു ദില്‍ഷന്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് അപരന്‍. ശൈലി തീര്‍ത്തും വ്യത്യസ്തമാണെങ്കിലും മറ്റൊരു പാക്ക് താരത്തിന്റെ കരിയറുമായാണു ദില്‍ഷനു സാമ്യം. 42-ാം വയസ്സിലും കളി തുടരുന്ന മിസ്ബാ ഉല്‍ ഹഖ്. 1999ല്‍ തന്റെ ആദ്യ പരമ്ബരയില്‍ത്തന്നെ സിംബാബ്വെയ്ക്കെതിരെ ഒറ്റ മത്സരത്തില്‍ 163 റണ്‍സ് നേടി വരവറിയിച്ചെങ്കിലും 2009 ട്വന്റി20 ലോകകപ്പിനു ശേഷമാണു ദില്‍ഷന്‍ ശരിക്കും റണ്‍സ് സ്കൂപ് ചെയ്തെടുക്കാന്‍ തുടങ്ങിയത്. ഈ കണക്കുകള്‍ നോക്കുക: 35 വയസ്സുവരെ ദില്‍ഷന്‍ കളിച്ചത് 190 ഏകദിനങ്ങള്‍ - നേടിയത് പത്തു സെഞ്ചുറിയും 23 അര്‍ധ സെഞ്ചുറിയും. 35 വയസ്സിനുശേഷം കളിച്ചത് 112 ഏകദിനങ്ങള്‍ - 12 സെഞ്ചുറിയും 24 ഫിഫ്റ്റിയും!
പ്രായം കൂടുംതോറും ഏറുന്ന ഈ വീര്യത്തിനു കാരണമെന്താകാം? ദില്‍ഷന്റെ വാക്കുകള്‍ ഇങ്ങനെ: 'ഫീല്‍ഡ് ചെയ്യുമ്ബോള്‍ എല്ലാ പന്തും എന്റെയടുത്തേക്കുതന്നെ വരണമെന്നാണ് എന്റെ ആഗ്രഹം. കുറെനേരം നിന്നു ബോറടിച്ചാല്‍ പന്തു വരുന്നയിടത്തേക്കു പോയി നില്‍ക്കും'. വെല്ലുവിളിയെ നേര്‍ക്കുനേര്‍ നിന്ന് എതിരിടുന്ന ഈ മനോഭാവംതന്നെയല്ലേ 17 വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ ദില്‍ഷനെ നിലനിര്‍ത്തിയത്. പേസ്ബോളറുടെ ചീറിപ്പാഞ്ഞുവരുന്ന പന്തിനെ മുഖാമുഖം നിന്നു വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ കോരിയിടുന്ന ദില്‍ സ്കൂപ്പിലും അതുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്രകാലം കണ്ടിട്ടും ആരാധകര്‍ വീണ്ടും പറയുന്നതും: ദില്‍ഷന്‍, യെ ദില്‍ മാംഗേ മോര്‍ (ഈ ഹൃദയം കൂടുതല്‍ ആഗ്രഹിക്കുന്നു).
No comments:
Post a Comment