Friday, 9 September 2016

നാടക സംവിധായിക ആലപ്പി ദേവമ്മ അന്തരിച്ചു



ആലപ്പുഴ • മലയാളത്തിലെ ആദ്യ പ്രഫഷണല്‍ നാടക സംവിധായിക ആലപ്പി ദേവമ്മ (75) അന്തരിച്ചു. അവിവാഹിതയായ ദേവമ്മ അമ്ബലപ്പുഴ വളഞ്ഞവഴിയില്‍ സഹോദരന്റെ മകന്‍ ദേവദാസിനൊപ്പമായിരുന്നു താമസം. കുറച്ചുകാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു. ഇന്നു രാവിലെ ആറിനാണ് അന്ത്യം.

സിനിമയില്‍പ്പോലും സംവിധാനത്തോടൊപ്പം സ്ത്രീയുടെ പേരു കേട്ടു തുടങ്ങിയിട്ടില്ലാത്ത കാലത്താണു ആലപ്പി ദേവമ്മ പ്രഫഷണല്‍ നാടക സംവിധായികയായത്. ദേവമ്മ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചവയില്‍ എസ്‌എല്‍ പുരം സദാനന്ദന്‍, സി.എല്‍. ജോസ് തുടങ്ങിയവരുടെ നാടകങ്ങളും ഉള്‍പ്പെടുന്നു. മൃദംഗ വിദ്വാനായിരുന്ന കൊച്ചുകുഞ്ഞാശാന്റെയും നാരായണി ആശാട്ടിയുടെയും മകളായ േദവമ്മയെ ജ്യേഷ്ഠന്‍ രാമദാസ് എന്ന ആലപ്പി ദാസ് ആണു നാടകലോകത്തേക്കു കൈപിടിച്ചു കൊണ്ടുവന്നത്.
1954 ല്‍, 13-ാം വയസില്‍ ആദ്യ വേദിയില്‍ കയറി. ബന്ധുവായ ശാരംഗപാണിയുടെ പിന്‍ബലത്തില്‍ ഉദയ സ്റ്റുഡിയോയുടെ ഭാര്യ, പാലാട്ടുകോമന്‍, പഴശിരാജ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 1966 ല്‍ സേതുനാഥന്റെ 'ഉളിക്കു മൂര്‍ച്ചയുണ്ട്' എന്ന നാടകത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം കിട്ടി.

എസ്‌എല്‍ പുരത്തിന്റെ 'വിലകുറഞ്ഞ മനുഷ്യന്‍', സി.എല്‍. ജോസിന്റെ 'ജ‍ീവിതം ഒരു കൊടുങ്കാറ്റ്', 'നൊമ്ബരങ്ങള്‍' തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. 1970 - കളുടെ അവസാനകാലത്ത് ഒട്ടേറെ നാടകങ്ങള്‍ ദേവമ്മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. 1990 ല്‍ നാടകവേദിയോടു വിട പറഞ്ഞു. 1984 മുതല്‍ ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫിസില്‍ അപേക്ഷ എഴുതിക്കൊടുത്താണു കഴിഞ്ഞുപോന്നത്.

No comments:

Post a Comment