Tuesday, 6 September 2016

കിണറ്റില്‍ നിന്ന് കയറാന്‍ കൂട്ടാക്കാതെ മധ്യവയസ്കന്‍;രക്ഷാപ്രവര്‍ത്തകരെ കുഴക്കിയത് മണിക്കൂറുകള്‍



ചെങ്ങമനാട് (ആലുവ) : പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തിയ മധ്യവയസ്കന്‍ രക്ഷാ പ്രവര്‍ത്തകരെ വട്ടംകറക്കി. ദേശം കുന്നുംപുറത്തുള്ള ഒരു വീട്ടിലെ കിണറിലാണ് കരുമാല്ലുര്‍ മനയ്ക്കപ്പടി സ്വദേശി രാജേന്ദ്രനെ (54) കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

റൊഗാധെ ആശ്രമത്തിന് സമീപത്തുളള വീടിന്റെ കിണറ്റിലാണ് ഇയാളെ കണ്ടത്.
30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നാലടിയോളം മാത്രമാണ് വെള്ളമുണ്ടായിരുന്നത്.


രാത്രി നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചതോടെ ഇയാള്‍ പ്രകോപിതനായി.

ആലുവ ഫയര്‍ ഫോഴ്സും ചെങ്ങമനാട് പോലീസും സ്ഥലത്തെത്തി. കോണിയും അലുമിനീയം ലാഡറും കയറും വലയുമെല്ലാം കിണറ്റിലിറക്കി സേന രക്ഷാ പ്രവര്‍ത്തനത്തിന് തുനിഞ്ഞതോടെ രാജേന്ദ്രന്‍ ഒച്ചപ്പാടുണ്ടാക്കി. ലാഡര്‍ കിണറ്റിലേക്ക് വലിച്ചിടാനും ശ്രമിച്ചു.

അതിനിടെ കോണിയില്‍ പിടിച്ച്‌ സ്വയം കരയ്ക്ക് കയറാന്‍ രാജേന്ദ്രന്‍ തയ്യാറായെങ്കിലും മുകളിലെത്താറാകുമ്ബോള്‍ വീണ്ടും കിണറ്റിലേക്ക് ചാടും. ഇത് പലതവണ ആവര്‍ത്തിച്ചു. ഒടുവില്‍ പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ബലമായി പിടിച്ച്‌ മുകളില്‍ കയറ്റുകയായിരുന്നു.

സ്റ്റേഷനിലെത്തിയിട്ടും രാജേന്ദ്രന്‍ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. ഒടുവില്‍, ബന്ധുക്കളെ വിളിച്ചുവരുത്തി ഉച്ചയോടെ വിട്ടയച്ചു.

മാനസികാസ്വാസ്ഥ്യമുള്ള രാജേന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് രണ്ട് ദിവസമായി വീട്ടുകാര്‍ പലയിടത്തും അന്വേഷിക്കുകയായിരുന്നുവെന്ന്‍ പൊലീസ് പറഞ്ഞു.

No comments:

Post a Comment