Wednesday, 7 September 2016

വിജിലന്‍സിന്റെ നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതെന്തിന്? പത്മകുമാറിനെ മലബാര്‍ സിമന്റ്സ് എം ഡി സ്ഥാനത്ത് നിന്നു നീക്കിയത് അറസ്റ്റിനു ശേഷം; പ്രതികളായ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും നടപടിയില്ല; പത്മകുമാറിന്റെ ജാമ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് കൂട്ടുപ്രതികളായ ഉദ്യോഗസ്ഥര്‍




പാലക്കാട്: നാലു വിജിലന്‍സ് കേസുകളില്‍ പ്രതിയായ മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി കെ.പത്മകുമാറിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്പി ജൂലൈ 14-ന് വിജിലന്‍സ് ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. 16-ന് ഡി.ജി.പി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യവസായ മന്ത്രിയുടെ ഓഫീസിനു കൈമാറിയെങ്കിലും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഇതിനിടെ കേസ് ദുര്‍ബലപ്പെടുത്താന്‍ പത്മകുമാര്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് മറ്റു വഴിയില്ലാതെ മലബാര്‍ സിമന്റ്സിലും പ്രതികളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ നിര്‍ണായക തെളിവുകള്‍ കിട്ടിയതോടെ കെ.പത്മകുമാറിനെ സെപ്റ്റംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

ആദ്യം പത്മകുമാറിനെ എം.ഡി സ്ഥാനത്ത് നിന്നും നീക്കി. പിന്നെ വ്യവസായ പുനരുദ്ധാരണ ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ജൂലായ് 16-ന് വിജിലന്‍സ് നടപടി റിപ്പോര്‍ട്ട് നല്‍കിയിട്ടും രണ്ടു മാസത്തോളം നടപടിയെടുക്കാതെ സര്‍ക്കാര്‍ പത്മകുമാറിനെ സംരക്ഷിച്ചത് എന്തിനായിരുന്നുവെന്നു വ്യക്തമായില്ല. അറസ്റ്റ് വന്നപ്പോള്‍ പത്മകുമാറിനെ മാറ്റിയെങ്കിലും വിജിലന്‍സ് കേസുകളില്‍ പ്രതികളായ ജി.വേണുഗോപാല്‍, പ്രകാശ് ജോസഫ്, നമശിവായം, മുരളീധരന്‍, നരേന്ദ്രനാഥ് എന്നീ ഓഫീസര്‍മാര്‍ക്കെതിരെ ഇതുവരെയും നടപടിയെടുത്തിട്ടില്ല.

ഇവരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നടപ്പാക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഈ ഓഫീസര്‍മാരാണ് പത്മകുമാറിന് ജാമ്യം കിട്ടുന്നതിന് വേണ്ടി ഇപ്പോള്‍ രംഗത്തുള്ളത്. ചൊവ്വാഴ്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് മുന്നില്‍ ഇവരുണ്ടായിരുന്നു. അതും കമ്ബനിയുടെ മൂന്ന് വാഹനങ്ങളില്‍. ചേര്‍ത്തല പ്ലാന്റില്‍ നിന്നും പത്മകുമാറിന്റെ വിശ്വസ്ഥരായ സമദ്, ജോസഫ് ഫ്രാന്‍സിസ് എന്നിവരും എത്തിയിരുന്നു. എം.ഡി സ്ഥാനത്തുനിന്നും നീക്കംചെയ്ത ആള്‍ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്തിറങ്ങുകയും കമ്ബനി വാഹനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

പത്മകുമാറിന് മരുന്ന് കൊടുക്കാനും ജാമ്യത്തിന് ആളെ എത്തിക്കാനും ഹൈക്കോടതിയില്‍ നിന്നും അഭിഭാഷകനെ ഏര്‍പ്പെടുത്താനും ഒക്കെ മുന്നില്‍ നിന്നത് പ്രതികളായ ഈ ഉദ്യോഗസ്ഥരാണ്. എന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും വ്യക്തമല്ല.
അതിനിടെ മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പല നിര്‍ണായക വിവരങ്ങളും കിട്ടിയതായി ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. സാമൂഹിക പ്രതിബദ്ധതാ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതി, ഡീലര്‍മാര്‍ക്ക് ഇളവനുദിച്ചത് എന്നിവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരില്‍ നിന്നും വിജിലന്‍സ് അടുത്തുതന്നെ മൊഴിയെടുക്കും.

വിജിലന്‍സ് അറസ്റ്റ് ചെയ്ത പത്മകുമാറിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ആരോഗ്യനില മോശമായിതിനെ തുടര്‍ന്ന് ഇയാള്‍ മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലില്‍ ചികില്‍സയിലാണ്.പത്മകുമാറിന്റെ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അതിനുമുമ്ബ്്് ഹൈക്കോടതിയെ സമീപിക്കാനും ശ്രമിക്കുന്നുണ്ട്.

No comments:

Post a Comment