ബിജെപി സംസ്ഥാന കമ്മിറ്റി ഒാഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്–വിഡിയോ
തിരുവനന്തപുരം ∙ ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്. ബൈക്കിലെത്തിയ ഒരാൾ സ്ഫോടകവസ്തു എറിയുകയായിരുന്നു. സമീപത്തുള്ള വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യം പതിഞ്ഞത്. എന്നാൽ, ഒരു വശത്തു നിന്നുള്ള ദൃശ്യം മാത്രമാണ് പുറത്തുവന്നത്. അതിനാൽ തന്നെ അക്രമിയുടെ രൂപം വ്യക്തമല്ല. സ്ഥലത്ത് ഫെറൻസിക് വിദഗ്ധർ പരിശോധന നടത്തി.
ഇന്നലെ രാത്രി 12 മണിയോടെയാണ് കുന്നുകുഴിയിലെ ബിജെപി ഒാഫിസിനു നേരെ ആക്രമണമുണ്ടായത്. ഓഫിസിന്റെ മുൻഭാഗത്തെ ജനൽച്ചില്ലുകൾ തകർന്നു. ഓഫിസിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. നാടൻ ബോംബ് ആക്രമണമാണെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഏറുപടക്കമാണെന്നാണു പൊലീസിനു കിട്ടിയ ആദ്യ സൂചന.
ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാർ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞു മ്യൂസിയം എസ്ഐ സുനിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
ആക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഒാഫിസ് ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇടതുപക്ഷത്തിന്റെ അസഹിഷ്ണുതയാണ് പുറത്തുവരുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശഖരൻ പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിവേണം. ഇവരെ ഉടൻ പിടികൂടണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ നടക്കുന്ന അക്രമങ്ങൾ സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഒാഫിസ് ആക്രമിച്ചതെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസും ആരോപിച്ചു.
വിവരമറിഞ്ഞു ബിജെപി പ്രവർത്തകർ ഓഫിസിനു മുന്നിൽ തടിച്ചുകൂടി. ആക്രമണം ഉണ്ടാകുന്നതിന് ഒരു മണിക്കൂർ മുൻപാണ് കുമ്മനം രാജശേഖരൻ ഒാഫിസിൽ നിന്നു പുറത്തു പോയത്. സ്ഥലത്തു വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.


No comments:
Post a Comment