Thursday, 8 September 2016

1017 രൂപയ്ക്ക് ഓടന്‍ അനുമതിയുള്ളപ്പോള്‍ ഈടാക്കുന്നത് 3000 വരെ രൂപ; കോണ്‍ട്രാക്‌ട് ക്യാരീജ് എന്ന വ്യാജേന സ്റ്റേജ് കാര്യേജില്‍ ഓടി അന്യസംസ്ഥാന ബസുകള്‍ കൊള്ളയടിക്കുന്നത് കോടികള്‍; കെഎസ്‌ആര്‍ടിസിയോട് ശരിക്കും സ്നേഹമുണ്ടെങ്കില്‍ പിണറായി വിജയനും ശശീന്ദ്രനും ആദ്യം തടയേണ്ടത് ബംഗളുരുവിലേക്കുള്ള ഈ വോള്‍വോ കൊള്ള




തിരുവനന്തപുരം: ആഘോഷകാലത്ത് ബംഗളുരുവിലേയും ചെന്നൈയിലേയും മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് എത്തും. ട്രയിനും ബസുമൊക്കെ നിറയും. ഈ സമയം കഴിയാവുന്നത്ര പിഴിച്ചെടുക്കുകയാണ് വോള്‍വോ ബസ് ലോബികള്‍. മൂവായിരവും നാലായിരവുമൊക്കെ വാങ്ങി ബംഗളുരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും യാത്രക്കാരെ കേരളത്തിലേക്ക് കൊണ്ടു വരുന്നു. ഇടപെടല്‍ നടത്തേണ്ട കെഎസ് ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താക്കി അധികൃതരും ഈ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു. എന്നാല്‍ നിയമപരമായി തോന്നുന്ന കാശിന് യാത്രക്കാരുമായെത്താന്‍ വോള്‍വോ ബസുകള്‍ക്ക് കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സര്‍ക്കാര്‍ നിശചയിച്ച നിരക്കു മാത്രമേ ഈടാക്കാന്‍ ഇവര്‍ക്ക് കഴിയൂ. എന്നാല്‍ വേണ്ടപ്പെട്ടവര്‍ കണ്ണടയ്ക്കുമ്ബോള്‍ വോള്‍വോ ബസ് ലോബി കൊള്ളയി തുടരുകയാണ്.

നിയമപ്രകാരം ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള വോള്‍വോ ബസ് യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദത്തോടെ വാങ്ങാവുന്നത് 1017 രൂപമാത്രമാണ്. വാങ്ങുന്നത് 2500രൂപയും. തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബ്ലാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ മള്‍ട്ടി ആക്സില്‍/ വോള്‍വോ ബസുകള്‍ ഓണാവധിക്കാലത്ത് യാത്രക്കാരെ കൊള്ളയടിക്കുന്നതിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ കര്‍ശന നിയമങ്ങളുണ്ടെങ്കിലും അതിന്റെ ഗുണം യാത്രക്കാര്‍ക്ക് മാത്രം ലഭിക്കുന്നില്ല. സംസ്ഥാന ഗതാഗത വകുപ്പിലും മോട്ടോര്‍ വാഹന വകുപ്പിലും വോള്‍വോ ബസുകളുടെ ലോബി നല്‍കുന്ന ലക്ഷക്കണക്കിനു രൂപയുടെ കൈക്കൂലിയുടെ പിന്‍ബലത്തിലാണ് ഈ തട്ടിപ്പ് നടന്ന് കൊണ്ടിരിക്കുന്നതെന്നു തെളിയുന്നു. കെ എസ് ആര്‍ ടിയുടെ നഷ്ടക്കണക്കുകള്‍ക്കിടെയാണ് ഈ ലോബി മലയാളി യാത്രക്കാരെ കൊള്ളയടിച്ച്‌ വന്‍ ലാഭമുണ്ടാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എകെ ശശീന്ദ്രനും ഇടപെട്ടാല്‍ ഒറ്റദിവസം കൊണ്ട് അവസാനിപ്പിക്കാവുന്നത് മാത്രമാണ് ഈ കൊള്ള.

കേരള, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലൂടെ സര്‍വീസ് നടത്തുന്ന വോള്‍വോ മള്‍ട്ടി അക്സില്‍ സ്വകാര്യ ബസുകള്‍ക്ക് മോട്ടോര്‍ വാഹന നിയമത്തിലെ 2 വകുപ്പുകള്‍ പ്രകാരമാണ് സര്‍വ്വീസ് നടത്താന്‍ അനുവാദം ലഭിക്കുന്നത്. ഒന്നെങ്കില്‍ അത് അന്തര്‍ സംസ്ഥാന സ്റ്റേജ് കാര്യേജ് സര്‍വീസായിരിക്കണം. ഇങ്ങനെയുള്ളവര്‍ക്കു മാത്രമേ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റാനും ഇറക്കാനും അവകാശമുള്ളൂ. സ്റ്റേജ് കാര്യേജ് അല്ലെങ്കില്‍ അത് കോണ്‍ട്രാക്റ്റ് കാര്യേജ് ആയിരിക്കണം. കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്ക് ഒരു നിശ്ചിത സ്ഥലത്ത് നിന്നും മറ്റൊരു നിശ്ചിത സ്ഥലത്തേക്ക് ഒരു ഗ്രൂപ്പായി മാത്രമേ യാത്രക്കാരെ കൊണ്ടുപോകാനാകൂ. വഴിയില്‍ നിന്നും യാത്രക്കാരെ കയറ്റാനോ ഇറക്കാനോ സാധിക്കില്ല. എന്നു മാത്രമല്ല ഒരു യാത്രയില്‍ പോകുമ്ബോഴും വരുമ്ബോഴും അതേ യാത്രക്കാര്‍ തന്നെയായിരിക്കണം യാത്ര ചെയ്യുന്നത്. യാത്രകള്‍ വിനോദസഞ്ചാര യാത്ര എന്നിവയൊക്കെ ലക്ഷ്യമാക്കിയാണ് കോണ്‍ട്രാക്റ്റ് കാര്യേജ് പെര്‍മിറ്റു നല്‍കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകളൊക്കെ സര്‍വ്വീസ് ആരംഭിക്കുന്ന സ്ഥലത്തിനും സംസ്ഥാന അതിര്‍ത്തിക്കും ഇടയില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റുന്നു. പല സ്ഥലങ്ങളിലും മോട്ടോര്‍ വാഹന ഓഫീസിനു തൊട്ടടുത്തു തന്നെയാണ് ഈ സ്വകാര്യ ബസ് കമ്ബനികളുടെ ബുക്കിങ് ഓഫീസുകള്‍. സത്യത്തില്‍ സ്വകാര്യ ബാംഗ്ലൂര്‍ സര്‍വീസുകളൊന്നും കോണ്‍ട്രാക്റ്റ് കാര്യേജ് ആയിട്ടല്ല സര്‍വീസ് നടത്തുന്നത്. മറിച്ച്‌ സ്റ്റേജ് കാര്യേജ് ആയിട്ടു തന്നെയാണ് സര്‍വീസ് നടത്തുന്നത്.

വോള്‍വോ മള്‍ട്ടി ആക്സില്‍ അടക്കം അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് നത്തുന്ന ബസുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാത്രക്കൂലിയും നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ നിരക്കു നിര്‍ണ്ണയ ഉത്തരവ് പ്രകാരം ജിഒ(പി) 38/ 2014 ട്രാന്‍ ഡേറ്റ് 19/ 5/ 2014 വോള്‍വോ ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 130 പൈസയാണ്. വോള്‍വോയില്‍ ആദ്യത്തെ 20 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന മിനിമം ചാര്‍ജ് 40 രൂപയും. എറണാകുളം ബാംഗ്ലൂര്‍ ദൂരം 700 കിലോമീറ്ററിന് താഴെയാണ്. അങ്ങനെ കണക്കാക്കിയാല്‍ എറണാകുളം ബാംഗ്ലൂര്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകളുടെ യാത്രക്കൂലി ആദ്യത്തെ 20 കിലോമീറ്ററിന് 40 രൂപയും ആക്കി 680 കിലോമീറ്ററിന് 884 രൂപയും ചേര്‍ത്ത് 924 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ.

ഫ്ളെക്സി ചാര്‍ജ്ജായി വര്‍ഷത്തില്‍ 5 മാസം (ഫെബ്രുവരി, മാര്‍ച്ച്‌, ജൂണ്‍, ജൂലൈ, ഒക്ടോബര്‍) ഈ നിരക്കില്‍ നിന്നും 15% കുറച്ച്‌ ആയിരിക്കണം നിരക്ക് ഈടാക്കേണ്ടത്. ബാക്കി 7 മാസങ്ങളില്‍ (ഏപ്രില്‍, മെയ്, ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി) നിലവിലെ നിരക്കിനേക്കാള്‍ 10% കൂട്ടി ഇടാക്കണം. കഴിഞ്ഞ നാളുകളില്‍ 15% കുറച്ചു നല്‍കാത്തതിനാല്‍ തിരക്കുള്ള മാസങ്ങളില്‍ 10% കൂട്ടി വാങ്ങാനാകില്ല. വാദത്തിന് വേണ്ടി കൂട്ടി വാങ്ങണമെന്നിരുന്നാലും ഈടാക്കാവുന്ന പരമാവധി യാത്രാക്കൂലി വോള്‍വോ മള്‍ട്ടി ആക്സില്‍ ബസില്‍ 1017 രൂപ മാത്രമാണ്. കെഎസ്‌ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും ഈ നിയമം ബാധകമാണ്.

1017 രൂപ പരമാവധി വാങ്ങുന്നിടത്താണ് 2000 മുതല്‍ 3000 വരെ വാങ്ങുന്നത്. സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസാണെങ്കില്‍ സാധാരണ നിരക്ക് 510 രൂപയും 10% അധിക കൂലി കൂട്ടിയാണെങ്കില്‍ 561 രൂപ മാത്രമേ ഈടാക്കാനാകൂ. നിയമവിരുദ്ധമായിട്ട് സ്റ്റേജ് കാര്യേജ് ആയിട്ടാണ് സ്വകാര്യ വോള്‍വോ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതെങ്കിലും വാദത്തിന് വേണമെങ്കില്‍ അവര്‍ക്ക് ആ സര്‍വ്വീസുകള്‍ കോണ്‍ട്രാക്റ്റ് കാര്യേജ് ആണെന്നും വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ അവിടെയും നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര മോട്ടോര്‍ വാഹന നിയമം വകുപ്പ് 67 പ്രകാരം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരും ഗതാഗത വകുപ്പും ശക്തമായി നിലപാടെടുത്താല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യ വോള്‍വോ ബസുകളിലെ തീവെട്ടി കൊള്ള ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാനാകും. കൊച്ചി ബ്ലാംഗ്ലൂര്‍ യാത്രക്കൂലി പരമാവധി 1200 രൂപയായി നിയന്ത്രിക്കണം.

കോടിക്കണക്കിനു രൂപയുടെ വാഹന നികുതി വെട്ടിപ്പാണ് ഈ വേളയില്‍ നടക്കുന്നത്. കേരളത്തിലേക്കുള്ള ഒറ്റ വോള്‍വോ ബാസും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതല്ല. എല്ലാം കര്‍ണ്ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്തവ. ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫെയര്‍ റിവിഷന്‍ കമ്മറ്റിയും ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറിയേറ്റിലും മോട്ടോര്‍ വാഹന വകുപ്പ് ഗതാഗത കമ്മീഷണര്‍ ഓഫീസിലും അത് പൂഴ്ത്തിയതായും ഇതിലൂടെ പ്രതിവര്‍ഷം 70 കോടി ഓളം സംസ്ഥാന സര്‍ക്കാരിനു നഷ്ടമുണ്ടാകുന്നതായും കണക്കാക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരും ഗതാഗത വകുപ്പും ഇന്നു തന്നെ പിടി മുറുക്കിയാല്‍ അന്തര്‍ സംസ്ഥാന ബസുകൂലി കൊള്ളയടി ഒറ്റ ദിവസം കൊണ്ടില്ലാതാക്കാനാകും എന്നുറപ്പ്.

No comments:

Post a Comment