Tuesday, 6 September 2016


ബാബുറാമിനു 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കർ ഭൂമിയെന്ന് അന്വേഷണസംഘം



കൊച്ചി/തൊടുപുഴ ∙ മുൻ മന്ത്രി കെ.ബാബുവിന്റെ ബെനാമി എന്നു വിജിലൻസ് ആരോപിക്കുന്ന ബാബുറാമിനു മരടിലും തൃപ്പൂണിത്തുറയിലുമായി 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കർ ഭൂമിയുണ്ടെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചു. മരടിൽ മാത്രം കോടികൾ വിലമതിക്കുന്ന രണ്ടേക്കറോളം ഭൂമിയുണ്ടെന്നാണു വിജിലൻസ് രേഖകൾ. 22 ഭൂമി ഇടപാടുകളാണു മരടിൽ മാത്രമുള്ളത്. ഇതുകൂടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റും ഉണ്ട്.

തൃപ്പൂണിത്തുറയിൽ 14 ഇടങ്ങളിലും ഭരണിക്കാവിൽ ഒന്നും കരിയിലകുളങ്ങരയിൽ രണ്ടിടങ്ങളിലുമായി 425 സെന്റ് ഭൂമിയുമുണ്ട്. മരടിൽ മൂന്നര കോടി വിലമതിക്കുന്ന ഭൂമിയാണ് ഏറ്റവും വിലകൂടിയ സ്വത്ത്. കെ.ബാബു മന്ത്രിയായിരിക്കെ 27 ഭൂമിയിടപാടുകളാണു ബാബുറാം നടത്തിയതെന്നും വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ആകെ 41 ഭൂമിയിടപാടുകളുടെ രേഖയാണു വിജിലൻസ് സംഘം ബാബുറാമിന്റേതായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിലൊരെണ്ണം ബാബുറാമിന്റെ ഭാര്യയുടെ പേരിലാണ്, ബാക്കിയെല്ലാം ബാബുറാമിന്റെ പേരിലും. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു ബാങ്ക് ലോക്കറുകൾ കൂടി വിജിലൻസ് പരിശോധിച്ചു.

കെ.ബാബുവിന്റെ മൂത്ത മകളുടെയും ഭർത്താവിന്റെയും പേരിൽ തൊടുപുഴയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിലുള്ള ലോക്കറിൽ 39 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. സ്വർണാഭരണങ്ങൾ പരിശോധനയ്ക്കു ശേഷം ലോക്കറിൽ തന്നെ വച്ചു സീൽ ചെയ്തു. മൂത്ത മകളുടെ ഭർതൃപിതാവിന്റെ പേരിലുള്ള ലോക്കർ പരിശോധിച്ചെങ്കിലും കാലിയായിരുന്നു. ഡിവൈഎസ്പി ബിജി ജോർജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ 11നു തുടങ്ങിയ പരിശോധന വൈകിട്ട് നാലു വരെ നീണ്ടു.

കെ.ബാബുവിന്റെ പേരിൽ തൃപ്പൂണിത്തുറയിലെ ബാങ്കിലുള്ള ലോക്കറും ഇളയ മകളുടെ പേരിൽ വെണ്ണലയിലെ ബാങ്കിലുള്ള ലോക്കറും ഇന്നു പരിശോധിച്ചേക്കും. ബാബുവിന്റെയും മക്കളുടെയും വീടുകളിലും ബെനാമികൾ എന്നു സംശയിക്കപ്പെടുന്നവരുടെ വീടുകളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത 246 രേഖകൾ ഇന്നലെ വിജിലൻസ് കോടതിയിൽ ഹാജരാക്കി. ബാബുവിന്റെ വീട്ടിൽ നിന്നു ലഭിച്ച 1.80 ലക്ഷം രൂപ, ഇളയ മകളുടെ വീട്ടിൽനിന്നു ലഭിച്ച 18 പവൻ സ്വർണം, ബാബുവിന്റെ ബെനാമി എന്നു സംശയിക്കപ്പെടുന്ന മോഹനന്റെ വീട്ടിൽനിന്നു ലഭിച്ച 6.67 ലക്ഷം രൂപ തുടങ്ങിയവ ട്രഷറിയിലേക്കു മാറ്റി.

ആദ്യ ദിവസത്തെ വിജിലൻസ് പരിശോധനയിൽ ലഭിച്ച രേഖകളും മറ്റുമാണ് ഇന്നലെ വീണ്ടും മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ലഭിച്ച രേഖകൾ ഇന്നു ഹാജരാക്കും.

No comments:

Post a Comment