Thursday, 8 September 2016

കനത്ത കാറ്റില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു; ആല്‍പ്സ് മലനിരകള്‍ക്ക് മുകളില്‍ ഒരു ദിവസം മുഴുവന്‍ 45 പേര്‍ കേബിള്‍ കാറില്‍ തന്നെ ഇരുന്നു



ഫ്രഞ്ച് ആല്‍പ്സിലെ എയ്ഗുയില്ലെ ഡു മിഡി സ്റ്റേഷനില്‍ നിന്നും ഇറ്റലിയിലെ ഹെല്‍ബ്രോന്നെറിലേക്കുള്ള കേബിള്‍ കണക്ടിംഗിലെ കേബിള്‍ കാറുകള്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം സാങ്കേതികത്തകരാറ് മൂലം നിന്ന് പോയതിനെ തുടര്‍ന്ന് 110 പേര്‍ അതിനുള്ളില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ 65 പേരെ രക്ഷിച്ചെങ്കിലും 45 പേര്‍ കേബിള്‍ കാറുകളില്‍ തന്നെ അകപ്പെട്ട് പോവുകയായിരുന്നു. കനത്ത കാറ്റ് കാരണം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇതിനെ തുടര്‍ന്ന് ഫ്രഞ്ച്, ഇറ്റാലിയന്‍,സ്വിസ് റെസ്ക്യൂ സര്‍വീസുകള്‍ കുതിച്ചെത്തുകയും നാല് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച്‌ 65 പേരെ രക്ഷിക്കുകയുമായിരുന്നു.
ബാക്കിയുള്ളവരെ ഇന്ന് രാവിലെ 6.30ഓടെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത ഇരുട്ടും പ്രതികൂലമായ കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനം നടത്തുക ബുദ്ധിമുട്ടായതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ഇന്നലെ രാത്രി മുഴുവന്‍ കേബിള്‍ കാറുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായത്. ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെയാണ് രക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകരുടെ ധൈര്യത്തെ ഇന്റീരിയര്‍ മിനിസ്റ്ററായി ബെര്‍ണാര്‍ഡ് കാസെന്യൂവ് പ്രശംസിച്ചിട്ടുണ്ട്. അവര്‍ 36 പനോരമിക് മോണ്ട് ബ്ലാന്‍ക് പോഡുകളിലാണ് പെട്ട് കുടുങ്ങിപ്പോയിരുന്നത്. ഇതില്‍ ഓരോന്നിലും നാല് പേര്‍ക്കിരിക്കാവുന്ന സീറ്റുകളാണുള്ളത്.

രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടുവെങ്കിലും ഇതിലുള്ളവര്‍ക്ക് രാത്രി കഴിച്ച്‌ കൂട്ടുന്നതിനായി വെള്ളവും ഭക്ഷണവും ബ്ലാങ്കറ്റുകളും വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. 3800 മീറ്റര്‍ ഉയരത്തിലാണീ കേബിള്‍ കാറുകള്‍ സഞ്ചരിക്കുന്നത്. ഓരോ വര്‍ഷവും ഈ റൂട്ടിലെ കേബിള്‍ കാറുകളിലെ സാഹസികമായ യാത്രയ്ക്ക് ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേരാണ് എത്തുന്നത്. ശക്തമായ കാറ്റാണ് കേബിള്‍ കാറുകളെ തകരാറിലാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു ഹെലികോപ്റ്റര്‍ ഇന്നലെ രാത്രി 11.30നും ആല്‍പ്സിന് മുകളില്‍ നിരീക്ഷണാര്‍ത്ഥം പറക്കുന്നുണ്ടായിരുന്നു.
പടിഞ്ഞാറന്‍ യൂറോപ്പിലെ ഏററവും ഉയരം കൂടിയ പര്‍വതനിരയുടെ അപൂര്‍ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന കേബിള്‍ കാറുകളാണിവ. ഇവയില്‍ നിന്നുള്ള മഞ്ഞണിഞ്ഞ പര്‍വതനിരകളുടെ കാഴ്ച മനോഹരമാണ്. ഇവിടുത്തെ വാലീ ബ്ലാന്‍ചെ കേബിള്‍ കാര്‍ സമ്മര്‍സീസണിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ആ സമയത്താണ് വലിയ അളവില്‍ പര്‍വതാരോഹകരും വിനോദസഞ്ചാരികളും ഇവിടെയെത്തുന്നത്.

No comments:

Post a Comment