അരാജകത്വം ആഘോഷമാക്കി അഭയാര്‍ഥികള്‍, ആരുമില്ലാതെ അലയുന്നത് 800 കുഞ്ഞുങ്ങള്‍
ലണ്ടന്‍• ഫ്രാന്‍സിന്റെ അതിര്‍ത്തി തുറമുഖമായ കാലൈസിലെ അഭയാര്‍ഥി ക്യാംപില്‍ ആരോരുമില്ലാതെ അലഞ്ഞുതിരിയുന്നത് എണ്ണൂറിലേറെ അനാഥക്കുഞ്ഞുങ്ങള്‍. നരകതുല്യമായ കൂടാരങ്ങളില്‍ അന്തിയുറങ്ങുന്നത് ഏഴായിരത്തോളം അഭയാര്‍ഥികളും. മനുഷ്യാവകാശങ്ങളുടെ കണികപോലും ലഭിക്കാതെ അലയുന്ന ഇവരെ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.
സിറിയ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും അതിസാഹസികമായി കടല്‍കടന്നു യൂറോപ്പില്‍ അഭയാര്‍ഥികളായെത്തിയവരുടെ മക്കളാണ് കാലൈസിലെ 'ജംഗിള്‍ ക്യാംപ്' എന്നറിയപ്പെടുന്ന ഇവിടെ മൃഗതുല്യമായി ജീവിതം തള്ളിനീക്കുന്നത്. ഇതില്‍ നാനൂറോളം കുഞ്ഞുങ്ങള്‍ നിയമപരമായി ബ്രിട്ടനില്‍ അഭയം തേടാന്‍ യോഗ്യരാണെങ്കിലും ഇവരെ ഏറ്റെടുക്കാനുള്ള തീരുമാനവും നയതന്ത്രപരമായ നടപടികളും ബ്രിട്ടീഷ് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്.
മാതാപിതാക്കളോ ബന്ധുക്കളോ ബ്രിട്ടനിലുള്ള കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ നിയമപരമായി ബ്രിട്ടനിലെത്താന്‍ യോഗ്യതയുള്ളവര്‍. അനധികൃതമായ മാര്‍ഗത്തിലൂടെ അതിര്‍ത്തികടന്നെത്തിയവരാണ് ഇവരെല്ലാം. കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ബ്രിട്ടന്‍ അലംഭാവം കാട്ടുന്നതും ഇതുകൊണ്ടുതന്നെ.
അനാഥത്വത്തിന്റെ എല്ലാ ദുരിതങ്ങളും പേറി കുഞ്ഞുങ്ങള്‍ അലയുമ്ബോള്‍ അരാജകത്വം ആഘോഷമാക്കിയാണ് അഭയാര്‍ഥികളായ മറ്റുള്ളവരില്‍ ചിലരുടെ ജീവിതം. അഭയാര്‍ഥികളോടുള്ള അനുകമ്ബ ഇല്ലാതാക്കുന്ന പ്രവര്‍ത്തിയാണ് ഇവരുടേത്. ഇതിനെതിരായ പ്രതിഷേധം ഫ്രാന്‍സിലും ബ്രിട്ടനിലും അതിശക്തമായിക്കഴിഞ്ഞു. കാലൈസിലെ ബിസിനസുകാരും അതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിക്കാരും ട്രക്ക് ഡ്രൈവര്‍മാരുമാണ് ഇക്കൂട്ടരുടെ അഴിഞ്ഞാട്ടത്തിന് ഇരയാകുന്നവരില്‍ ഏറെയും. ക്യാംപിനു സമീപത്തെ മോട്ടര്‍വേയിലൂടെയുള്ള കാര്‍ യാത്രക്കാരെയും ഇവര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുന്നതു പതിവായിക്കഴിഞ്ഞു.
അഭയാര്‍ഥികളുടെ അഴിഞ്ഞാട്ടത്തിനെതിരെ കഴിഞ്ഞദിവസം പ്രാദേശിക വ്യാപാരികളും തൊഴിലാളി സംഘടനകളും കൃഷിക്കാരും ലോറി ഡ്രൈവര്‍മാരും ചേര്‍ന്നു നടത്തിയ പ്രതിഷേധ സമരത്തിന് വന്‍ പിന്തുണയാണു ലഭിച്ചത്.
ഗുണ്ടാസംഘങ്ങളുടെ ആക്രമണമാണു ലോറി ഡൈവര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി ലോറിയില്‍ കയറിപ്പറ്റി എങ്ങനെയും ബ്രട്ടനിലെത്തിപ്പെടാനാണ് ഇവരുടെ ശ്രമം. ഇതിനെ എതിര്‍ക്കുന്നവരെ ബലമായി കീഴ്പ്പെടുത്തി ട്രക്കുകള്‍ തട്ടിയെടുക്കാന്‍ വരെ ശ്രമമുണ്ടായി. തുറമുഖത്തെ ഫെറി സര്‍വീസുകാര്‍ക്കും സമാനമായ ഭീഷണികള്‍ സാധാരണമായിക്കഴിഞ്ഞു.
രാത്രി-പകല്‍ ഭേദമില്ലാതെ വിളകള്‍ മോഷ്ടിക്കുന്നതാണു കര്‍ഷകര്‍ നേരിടുന്ന പ്രശ്നം. കാലൈസിനു സമീപ പ്രദേശങ്ങളിലെ കടകള്‍ കൊള്ളയടിക്കുന്നതും നിത്യസംഭവമാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത അഭയാര്‍ഥികള്‍ നിവൃത്തികേടുകൊണ്ടു ചെയ്യുന്നതാണെങ്കിലും കൃഷിയും കച്ചവടവും ജീവിതമാര്‍ഗമാക്കുന്നവര്‍ക്ക് ഈ കൊള്ളയും കളവും താങ്ങാവുന്നതിലേറെയാണ്. രാജ്യാന്തര ശ്രദ്ധയാര്‍ഷിച്ച പ്രശ്നമായതിനാല്‍ പ്രാദേശിക ഭരണകൂടത്തിനും ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ നിസഹായാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞദിവസത്തെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത മേയര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭരണാധികളുടെ സാന്നിധ്യം.
ഏഴായിരത്തോളം അഭയാര്‍ഥികള്‍ താമസിക്കുന്ന ക്യാംപ് മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമായും മാറിക്കഴിഞ്ഞു. ഇതിനും നേതൃത്വം നല്‍കുന്നത് ക്യാംപിലെ ഗുണ്ടാസംഘങ്ങളാണ്. ഫ്രാന്‍സിന്റെ അതിര്‍ത്തിയിലെത്തി ബ്രിട്ടന്‍ ലക്ഷ്യമാക്കി തമ്ബടിച്ചിരുന്ന അഭയാര്‍ഥികളെ അതിര്‍ത്തികടത്താന്‍ ആരും ചിന്തിക്കാത്ത മാര്‍ഗങ്ങളാണ് ഓരോദിവസവും ഗുണ്ടാസംഘങ്ങള്‍ അവലംബിക്കുന്നത്. ഹൈവേയില്‍ മരച്ചില്ലകള്‍ മുറിച്ചിട്ടും മറ്റും അപകടം സൃഷ്ടിച്ച് അതിന്റെ മറവില്‍ വാഹനവുമായി രക്ഷപ്പെടുന്നവരും ഗതാഗതം തടസപ്പെടുത്തി ട്രക്കുകളില്‍ ചാടിക്കയറുന്നവരുമെല്ലാം ഇതില്‍പെടും.
No comments:
Post a Comment