മുറ്റത്ത് പന്തല്‍ ഇട്ട് വിരുന്നുകാര്‍ക്കെല്ലാം സദ്യ നല്‍കി വെള്ളാപ്പള്ളിയുടെ 79-ാംപിറന്നാള്‍; എസ് എന്‍ ഡി പി നേതാക്കളും പ്രമുഖരും ആശംസകളുമായെത്തി; പാര്‍ട്ടി രൂപീകരിച്ചതിനാല്‍ മന്ത്രിമാരും നേതാക്കളും എത്താത്തതില്‍ വെള്ളാപ്പള്ളിക്ക് നിരാശ
ചേര്‍ത്തല: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 79ാം ജന്മദിനത്തില്‍ ആശംസാപ്രവാഹം. കണിച്ചുകുളങ്ങരയിലെ വസതിയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും നേതാക്കളടക്കം നിരവധി പ്രമുഖരെത്തി. എന്നാല്‍ മന്ത്രിമാരാരും എത്തിയില്ല. ഇടതു നേതാക്കളുടെ ആശംസയുമില്ല. ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരണത്തോടെ പിറന്നാളിന് തിളക്കം കുറയുകയോ എന്ന് സംശയവും വെള്ളാപ്പള്ളിക്കുണ്ട്.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ഒ. രാജഗോപാല്‍ എംഎല്‍എ. തുടങ്ങിയവര്‍ ഫോണില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. വീടിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ വിശേഷാല്‍ പൂജകളും നടത്തി. ആശംസ നേരാനെത്തിയവര്‍ക്കെല്ലാം പിറന്നാള്‍ സദ്യയും നല്‍കി. തനിക്കുനേരേ വരുന്ന ആരോപണങ്ങള്‍ പൂമാലകളായി മാറുകയാണ് പതിവെന്നും പ്രതിസന്ധികളാണ് ഊര്‍ജം പകരുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രതിസന്ധികളില്‍ തളരില്ലെന്നും അവസാനശ്വാസംവരെ സമുദായക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിങ്ങത്തിലെ വിശാഖം നക്ഷത്രമാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. പ്രത്യേകിച്ച് ആരേയും ആഘോഷത്തിന് ക്ഷണിച്ചില്ലെങ്കിലും നിരവധിപേര്‍ വെള്ളാപ്പള്ളിക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. പതിവുപോലെ പുലര്‍ച്ചെ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയെത്തിയപ്പോള്‍ കേക്കുമായി എറണാകുളം സ്വദേശി കെ. ജെ. മാത്യു വീട്ടില്‍ കാത്തിരിക്കുകയായിരുന്നു. 15 വര്‍ഷമായി വെള്ളാപ്പള്ളിക്ക് മുടങ്ങാതെ പിറന്നാളിന് കേക്ക് ഇദ്ദേഹമാണ് നല്‍കുന്നത്. കേക്ക് മുറിച്ച് ഭാര്യ പ്രീതിക്കും മറ്റുള്ളവര്‍ക്കും നല്‍കി.
തുടര്‍ന്ന് വിടിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ വെള്ളാപ്പള്ളിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രത്യേക പൂജകള്‍ നടത്തി. മൂന്നു ദിവസം നീണ്ട പൂജയാണ് നടന്നത്. മകന്‍ തുഷാര്‍ മുബൈയിലായതിനാല്‍ ആഘോഷത്തില്‍ പങ്കെടുത്തില്ല. നൂറുകണക്കിന് ആളുകളാണ് വെള്ളാപ്പള്ളിക്ക് ആശംസ നേര്‍ന്ന് വീട്ടിലെത്തിയത്.
No comments:
Post a Comment