Thursday, 8 September 2016

വിയ്യൂര്‍ ജയിലില്‍നിന്ന് ഒരു 'കരിങ്കുന്നം സിക്സസ്'; ടീമില്‍ ടിപി വധക്കേസ് തടവുകാരും - വിഡിയോ



തൃശൂര്‍• തടവുകാരെ പരിശീലിപ്പിച്ചു വോളിബോള്‍ ടീമുണ്ടാക്കുന്ന കരിങ്കുന്നം സിക്സസ് എന്ന സിനിമാക്കഥ യാഥാര്‍ഥ്യമാവുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതകകേസിലടക്കം ശിക്ഷ അനുഭവിക്കുന്നവരെ ചേര്‍ത്ത് ടീം ഉണ്ടാക്കിക്കഴിഞ്ഞു. ജയില‍ിനു പുറത്തിറങ്ങി പ്രഫഷനല്‍ ടീമുകളുമായി മല്‍സരിക്കാനുള്ള അനുവാദത്തിന് ആഭ്യന്തരവകുപ്പിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഈ വിയ്യൂര്‍ ടീം.

ജയിലിനുള്ളില്‍ കിടക്കുന്ന തടവുകാരെ കണ്ടെത്തി വോളിബോള്‍ ടീമുണ്ടാക്കുക, അവര്‍ ജയിലിനു പുറത്തെത്തി മറ്റു ടീമുകളെ തോല്‍പിച്ചു ചാംപ്യന്‍മാരാവുക. ഇതായിരുന്നു മഞ്ജു വാര്യര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച കരിങ്കുന്നം സിക്സസിന്റെ കഥ.

ഇതൊക്കെ വെറും സിനിമാക്കഥയല്ലേയെന്നു ചോദിക്കുന്നവര്‍ ഈക്കഥ അറിയുക, വിയ്യൂര്‍ ജയിലില്‍ അതുപോലൊരു ടീം ഉണ്ടായിരിക്കുന്നു.

കരിങ്കുന്നം സിക്സസാണെങ്കില്‍ ഇവിടെ വിയ്യൂര്‍ സിക്സ്റ്റീനാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടങ്ങി മാനഭംഗം വരെയുള്ള വിവിധ കുറ്റങ്ങളിലായുള്ള 16 തടവുകാര്‍ തടവുപുള്ളിയുടെ കുപ്പായം അഴിച്ചുവെച്ച്‌ വോളിബോള്‍ താരത്തിന്റെ ജഴ്സി അണിഞ്ഞിരിക്കുന്നു. ജയിലിനുള്ളില്‍ നേരംപോക്കിനായി വോളിബോള്‍ കളിക്കാറുണ്ടെങ്കിലും കഴിവുള്ളവരെ കണ്ടെത്തി ടീമുണ്ടാക്കുകയെന്ന ആശയത്തിനു പിന്നില്‍ മുന്‍ ഇന്ത്യന്‍ താരവും ബിപിസിഎല്‍ ടീംഅംഗവുമായ കിഷോര്‍കുമാറാണ്.

ജയിലിനുള്ളില്‍ കളിക്കാവുന്ന മല്‍സരമെന്ന നിലയില്‍ ജയില്‍ ഉദ്യോഗസ്ഥരും തടവുകാരെ പ്രോത്സാഹിപ്പിച്ചു. നാലു മാസത്തെ കടുത്ത പരിശീലനത്തിനൊടുവില്‍ നടന്ന പരിശീലന മല്‍സരത്തില്‍ പൊലീസ് ടീമിനെ തറപറ്റിച്ചു കരുത്തു തെളിയിച്ചു. കരുത്തുള്ള ടീമിനപ്പുറം കുറ്റവാളികളുടെ സ്വഭാവത്തിലും മാറ്റമുണ്ടെന്നാണു ജയിലധികൃതരുടെ വിലയിരുത്തല്‍.

സിനിമയിലേതുപോലെ തന്നെ ജയിലിനു പുറത്തെത്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യം ജയില്‍ ടീമാവുകയാണ് ഇവരുടെ ലക്ഷ്യം. അതിനായി മുഖ്യമന്ത്രിക്കു നല്‍കിയിരിക്കുന്ന അപേക്ഷയിലെ തീരുമാനത്തിലാണ് വിയ്യൂര്‍ ടീമിന്റെ ഭാവി.

No comments:

Post a Comment