മെഡിക്കൽ പ്രവേശനം: വെബ്സൈറ്റുകൾ ജയിംസ് കമ്മിറ്റിയുടെ നിരീക്ഷണത്തിൽ
തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ മാനേജ്മെന്റ്, എൻആർഐ സീറ്റുകളിലേക്ക് അപേക്ഷിക്കേണ്ട തീയതി നാളെ വരെ നീട്ടാൻ നിർദേശം നൽകിയതിനെ തുടർന്ന് എല്ലാ കോളജുകളുടെയും വെബ്സൈറ്റുകൾ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റി കർശന നിരീക്ഷണത്തിലാക്കി. വെബ്സൈറ്റ് വിദ്യാർഥികൾക്കു തുറന്നു നൽകാത്ത തിരുവനന്തപുരം എസ്‌യുടി മെഡിക്കൽ കോളജിനെ കമ്മിറ്റി താക്കീതു ചെയ്തു. അവധി ദിവസങ്ങൾ തുടർച്ചയായി വരുന്ന പശ്ചാത്തലത്തിൽ മാനേജ്മെന്റ്, എൻആർഐ സീറ്റുകളിലേക്കുള്ള ആദ്യഘട്ട പ്രവേശനം പഴയതു പോലെ 17ന് ആയിരിക്കുമെന്നും കമ്മിറ്റി അധികൃതർ അറിയിച്ചു.
പല സ്വാശ്രയ മെഡിക്കൽ കോളജുകളുടെയും വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാങ്കേതിക തടസ്സം ഉണ്ടായതായി പരാതി ലഭിച്ച സാഹചര്യത്തിലാണു തീയതി നീട്ടിയത്. തുടർന്ന് എസ്‍യുടി ഒഴികെ എല്ലാവരും വിദ്യാർഥികൾക്കായി വെബ്സൈറ്റ് തുറന്നുനൽകി. കമ്മിറ്റി ഉത്തരവ് അനുസരിക്കാതെ വിദ്യാർഥികളെ പ്രവേശിപ്പിച്ചാൽ അതു റദ്ദാക്കുമെന്ന് എസ്‌യുടിക്കു കമ്മിറ്റി മുന്നറിയിപ്പു നൽകി. വിദ്യാർഥികൾക്കു ബാങ്ക് ഗാരന്റി എടുക്കുന്നതിനു വേണ്ടത്ര സമയം ലഭിക്കില്ലെന്നതു പരിഗണിച്ചാണ് ആദ്യഘട്ട പ്രവേശനം പഴയപടി 17ന് ആക്കിയത്.
23നു കോളജിൽ ചേരണം. സർക്കാരുമായി സഹകരിക്കാത്ത പാലക്കാട് കരുണ മെഡിക്കൽ കോളജിന്റെ പ്രോസ്പെക്ടസ് ജയിംസ് കമ്മിറ്റി അംഗീകരിച്ചു. ആകെയുള്ള 100 സീറ്റിൽ 35% വിവിധ ട്രസ്റ്റുകളിലെ അംഗങ്ങൾക്കായി നീക്കിവയ്ക്കാനുള്ള അവരുടെ തീരുമാനം കമ്മിറ്റി റദ്ദാക്കുകയും ആ സീറ്റിൽ മെറിറ്റ് അനുസരിച്ചു പ്രവേശനം നടത്തണമെന്ന് ഉത്തരവു നൽകുകയും ചെയ്തു. എൻആർഐ ഒഴികെയുള്ള സീറ്റുകളിൽ ഏഴു ലക്ഷത്തിലേറെ രൂപയാണ് അവർ ഫീസ് ആവശ്യപ്പെട്ടതെങ്കിലും 100% സീറ്റിലും താൽക്കാലികമായി 4.4 ലക്ഷം രൂപ അനുവദിക്കാനാണു കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ നീറ്റ് റാങ്ക് പട്ടികയിൽ നിന്ന് ഇന്റർസേ മെറിറ്റ് അനുസരിച്ച് ഇവിടെ പ്രവേശനം നടത്താം. കോഴിക്കോട് മലബാർ മെഡിക്കൽ കോളജ് കൂടി ഇന്നലെ സർക്കാരുമായി കരാർ ഒപ്പുവച്ചു. ഇതോടെ കരാർ ഒപ്പുവച്ച സ്വാശ്രയ മെഡിക്കൽ കോളജുകളുടെ എണ്ണം 16 ആയി.
പക്ഷേ ആകെയുള്ള 150 സീറ്റിൽ 50 സീറ്റ് മാത്രമേ അവർ സർക്കാരിനു നൽകിയിട്ടുള്ളു. 2014ൽ സുപ്രീം കോടതി വിധിയെ തുടർന്നു 150 സീറ്റിലും സർക്കാർ ഫീസിൽ വിദ്യാർഥികൾക്കു പ്രവേശനം നൽകേണ്ടിവന്ന സാഹചര്യത്തിലാണ് അവർ സീറ്റ് കുറച്ചത്. കഴിഞ്ഞ വർഷവും ഇവർ സർക്കാരിന് 50 സീറ്റേ നൽകിയിരുന്നുള്ളു. മലബാറിന്റെ മാനേജർ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ മുഖ്യ ഭാരവാഹിയാണ്. എന്നിട്ടും ഇത്തരമൊരു നീക്കത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാതിരുന്നതിൽ അസോസിയേഷൻ അംഗങ്ങൾക്കു പ്രതിഷേധമുണ്ട്. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജ് (50 സീറ്റ്) ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല.
100 സീറ്റിൽ കൂടി മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിനു ശ്രമിക്കുന്ന അവർ അംഗീകാരം ലഭിക്കുന്നമുറയ്ക്കു കരാർ ഒപ്പുവച്ചേക്കും. കോഴിക്കോട് കെഎംസിടി, അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ്, വർക്കല എസ്ആർ, പാലക്കാട് കേരള എന്നിവയ്ക്ക് ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതിനാൽ അലോട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരവ് ലംഘിച്ച് ഏതെങ്കിലും വിദ്യാർഥിയെ മാനേജ്മെന്റുകൾ പ്രവേശിപ്പിക്കുകയാണെങ്കിൽ അതു ജയിംസ് കമ്മിറ്റി അംഗീകരിക്കില്ലെന്നു മാത്രമല്ല ആ വിദ്യാർഥിക്കു റജിസ്ട്രേഷൻ നൽകരുതെന്ന് ആരോഗ്യ സർവകലാശാലയ്ക്കു നിർദേശം നൽകുകയും ചെയ്യും.
അർഹതയുള്ളവർക്കു പ്രവേശനം നിഷേധിക്കപ്പെട്ടാൽ ആ വിദ്യാർഥികൾ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. സുതാര്യത ഉറപ്പുവരുത്തിയാൽ പോലും കനത്ത ഫീസും ഡിപ്പോസിറ്റും ബാങ്ക് ഗാരന്റിയുമെല്ലാം നൽകണമെന്നതിനാൽ മാനേജ്മെന്റ്, എൻആർഐ സീറ്റുകളിൽ സാധാരണക്കാർക്ക് അത്ര എളുപ്പം പ്രവേശനം നേടാനാവില്ല. സർക്കാർ സീറ്റിൽ അലോട്മെന്റ് ലഭിച്ചവർക്കു നാളെ വരെ ഫീസ് അടച്ചു കോളജുകളിൽ ചേരാം. ചേർന്ന വിദ്യാർഥികളുടെ വിശദാംശങ്ങൾ നാളെ വൈകുന്നേരം അഞ്ചരയ്ക്കു മുൻപു പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം.

No comments:
Post a Comment