Wednesday, 7 September 2016

യൂണിഫോം ധരിച്ച്‌ ജോലിചെയ്യുന്നതു ബന്ധുക്കള്‍ക്ക് ഇഷ്ടമല്ല: 10 വര്‍ഷമായി സ്പെഷല്‍ യൂണിറ്റിലുള്ള ഉദ്യോഗസ്ഥ വീണ്ടും നര്‍ക്കോട്ടിക് സെല്ലിലേക്ക്



മലപ്പുറം: പോലീസ് യൂണിഫോം ധരിക്കാന്‍ താല്‍പര്യമില്ലാതെ 10 വര്‍ഷമായി വിവിധ സ്പെഷല്‍ യൂണിറ്റ് ഓഫീസുകളില്‍ ജോലിചെയ്തിരുന്ന മലപ്പുറത്തെ വനിതാ കോണ്‍സ്റ്റബിളിനു വീണ്ടും നര്‍ക്കോട്ടിക് സെല്ലില്‍ നിയമനം. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടല്‍വഴിയാണു മൂന്നുവര്‍ഷത്തേക്ക് ഇവരെ സ്പെഷല്‍ യൂണിറ്റില്‍ നിയമിച്ചതെന്നു സേനയ്ക്കുള്ളില്‍തന്നെ ആരോപണം. വര്‍ഷങ്ങളായി ലോക്കല്‍ പോലീസില്‍ തുടരുന്ന പലരുടെയും യൂണിറ്റ്മാറ്റ ആവശ്യം അവഗണിച്ചെന്നും പരാതി.

യൂണിഫോം ധരിച്ച്‌ ജോലിചെയ്യുന്നതു ബന്ധുക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാലാണ് ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥബന്ധം പ്രയോജനപ്പെടുത്തി ഇവര്‍ സ്പെഷ്യല്‍ യൂണിറ്റുകളില്‍ മാത്രം ജോലിചെയ്യുന്നതെന്നത് വകുപ്പുതലത്തില്‍ പാട്ടാണ്.
ഇവര്‍ക്കുപുറമേ മലപ്പുറം ജില്ലാ ആസ്ഥാനത്തു ജോലിചെയ്യുന്ന യൂണിഫോം അലര്‍ജിയുള്ള ഉദ്യോഗസ്ഥനെതിരേയും ആക്ഷേപം ശക്തമാണ്. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്‍ബലത്തില്‍ വര്‍ഷങ്ങളായി സ്പെഷല്‍ യൂണിറ്റുകളില്‍ മാത്രം ജോലി ചെയ്തിട്ടുള്ള ഇയാളുടെ പ്രധാനശ്രദ്ധ റിയല്‍ എസ്റ്റേറ്റ് ബിസിനസിലാണെന്നാണ് ആരോപണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ മാത്രമേ ഈ ഉദ്യോഗസ്ഥന്‍ ഓഫീസിലുണ്ടാകൂ. ഇയാള്‍ക്കെതിരേ ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍തന്നെ ആക്ഷേപങ്ങളുണ്ടെങ്കിലും നടപടിയൊന്നുമില്ലാത്തത് സഹപ്രവര്‍ത്തകരില്‍ പരാതിക്കിടയാക്കിയിട്ടുണ്ട്.



ഇതുകൂടാതെ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിലെ മന്ത്രിമാരുടെ ഗണ്‍മാന്‍മാരായിപ്പോയ രണ്ടുപോലീസുകാര്‍ തിരികെവന്നപ്പോള്‍ ലോക്കല്‍പോലീസിലേക്ക് മടങ്ങാന്‍ മടികാണിക്കുകയും ഇക്കാര്യം മേലുദ്യോഗസ്ഥനോട് പറയുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ സ്പെഷല്‍ യൂണിറ്റുകളില്‍ നിയമനം നല്‍കണമെന്നായിരുന്നു അഭ്യര്‍ഥന.

എന്നാല്‍ ഡിപ്പാര്‍ട്ട്മെന്‍റ് മെഡിക്കല്‍ ലാബല്ലെന്നും അസുഖമുണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും പറഞ്ഞ് മേലുദ്യോഗസ്ഥന്‍ ഇവരെ മടക്കി അയയ്ക്കുകയാണ് ചെയ്തത്. പോലീസിന്‍റെ ശന്പളവും ആനുകൂല്യവും അതേപടിയുള്ള സ്പെഷല്‍ യൂണിറ്റുകളിലെ ജോലിഭാരക്കുറവാണ് ഇവിടേക്ക് ഉദ്യോഗസ്ഥരെ ആകര്‍ഷിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂണിഫോമിനോട് അലര്‍ജിയുള്ള കോണ്‍സ്റ്റബിള്‍ തസ്തികയിലുള്ള നിരവധിപേര്‍ ജോലിഭാരം കുറവുള്ള ലാവണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

ലോക്കല്‍പോലീസിലെ ജോലിസമയവും അവധികള്‍ യഥേഷ്ടം ലഭിക്കാത്തതും സ്പെഷല്‍ യൂണിറ്റുകളിലേക്കു കൂടുമാറാന്‍ പലരേയും പ്രേരിപ്പിക്കുന്നു. ഇത്തരം യൂണിറ്റുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരമുണ്ടെങ്കിലും ഓഫീസ് സ്റ്റാഫുകള്‍ക്ക് താരതമ്യേനെ പണി കുറവാണ്. അതിനാല്‍ത്തന്നെ രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനമുള്ളവര്‍ ഇവിടേക്കു ചേക്കേറുന്നതും പതിവാണ്.

No comments:

Post a Comment