Wednesday, 7 September 2016

കശ്മീര്‍ വിഘടനവാദികളുമായി ഇനി ചര്‍ച്ചയില്ല; നിലപാടു കടുപ്പിച്ച്‌ ആഭ്യന്തരമന്ത്രി രാജ്നാഥ്



ശ്രീനഗര്‍ • കശ്മീര്‍ വിഘടനവാദികളോട് നിലപാടു കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. വിഘടനവാദികളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വവക്ഷിയോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വൈകിട്ട് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. കരസേന മേധാവിയുമായി ചേര്‍ന്ന് കശ്മീരിലെ സ്ഥിതിഗതികളും വിലയിരുത്തും.

രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സമാധാന ചര്‍ച്ചകള്‍ക്കായി കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സംഘത്തിന്റെ സന്ദര്‍ശനം വിജയം കണ്ടില്ല.
ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ 20 പാര്‍ട്ടികളില്‍നിന്നുള്ള 26 എംപിമാരാണു കശ്മീര്‍ സന്ദര്‍ശിച്ചത്. എംപിമാരുമായി കൂടിക്കാഴ്ചയ്ക്കു വിസ്സമ്മതിച്ച വിഘടനവാദി നേതാക്കളുടെ പ്രവൃത്തി ജനാധിപത്യത്തിനും മാനവികതയ്ക്കും എതിരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ശ്രീനഗറില്‍ വിഘടനവാദി നേതാക്കളുടെ വീടുകളിലെത്തിയിട്ടും എംപിമാരുടെ സംഘത്തെ മടക്കി അയയ്ക്കുകയായിരുന്നു.

എന്നാല്‍, പാക്കിസ്ഥാനെ ഉള്‍പ്പെടുത്താതെ കശ്മീര്‍ ചര്‍ച്ചകള്‍ക്കില്ലെന്നാണു വിഘടനവാദി സംഘടനകളുടെ നിലപാട്. ന്യൂഡല്‍ഹിയില്‍നിന്നു തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും എംപിമാരുടെ സംഘത്തെ തിരിച്ചയച്ച നടപടി ന്യായീകരിച്ച വിഘടനവാദികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

No comments:

Post a Comment