വര്‍ഷങ്ങളായി തെരുവില്‍ അന്തിയുറങ്ങിയ വൃദ്ധന് സുരക്ഷിതത്വമുള്ള താമസമൊരുക്കി പോലീസ്
കൊല്‍ക്കത്ത:വര്‍ഷങ്ങളായി തെരുവില്‍ അന്തിയുറങ്ങുന്ന വൃദ്ധന് തണലൊരുക്കി കൊല്‍ക്കത്ത പോലീസ്. മുന്‍ മുന്‍സിപ്പാലിറ്റി ജീവനക്കാരനായ അലോക് ബാരി(76)യ്ക്കാണ് പോലീസ് ഇടപെട്ട് ആശ്രയമൊരുക്കിയത്. കഴിഞ്ഞ ദിവസമാണ് ചാരു മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലേക്ക് റോഡരുകില്‍ അനാഥവൃദ്ധനെ കണ്ടെത്തിയതായി അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ റോഡരുകില്‍ അന്തിയുറങ്ങുന്ന അലോക് ബാരിയെ കണ്ടു.
മുന്‍ മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു അലോക്. ജോലിയില്‍ നിന്ന് വിരമിച്ച അലോകിന് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. അനന്തരവനൊപ്പമായിരുന്നു താമസം. എന്നാല്‍ ഇനി തുടര്‍ന്നങ്ങോട്ട് അലോകിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അനന്തരവന്‍ പറഞ്ഞതോടെ അദ്ദേഹത്തിന് തെരുവിലേക്കിറങ്ങേണ്ടിവന്നു.
തനിക്ക് സഹായത്തിന് മറ്റാരുമില്ലായെന്നും തനിക്ക് ജീവിക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലം ഒരുക്കിത്തരണമെന്നും അലോക് പോലീസിനോട് അപേക്ഷിച്ചു.
തുടര്‍ന്ന് അലോകിന്റെ അവസ്ഥ മനസിലാക്കിയ പോലീസുകാര്‍ ഒരു എന്‍ജിഒ സംഘടനയോട് അലോകിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ശേഷം തപസ് ചന്ദ്ര ഭൗമിക് എന്ന എന്‍ജിഒ അംഗം കൊലാഘട്ടില്‍ ഒരു വൃദ്ധസദനത്തില്‍ അലോകിനായി താമസമൊരുക്കി. ധാരാളം കോടീശ്വരന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് വര്‍ഷങ്ങളായി വീടോ സുരക്ഷിതത്വമോ ഉറപ്പാക്കാന്‍ കഴിയാതെ ഈ വൃദ്ധന്‍ വഴിയരികില്‍ അന്തിയുറങ്ങിയതെന്ന് തപസ് പറഞ്ഞു.
No comments:
Post a Comment