ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു
കാസര്‍കോട് • ജില്ലയില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ വീട്ടിലേക്ക് വീണ്ടും സന്ദേശം അയച്ചു. തൃക്കരിപ്പൂര്‍ പടന്നയിലെ ഡോക്ടര്‍ ഇജാസിന് മകള്‍ ജനിച്ചതായാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. ഇജാസിന്റെ ഭാര്യ പടന്നക്കാട്ടെ റിഫൈലയുടെ സഹോദരനാണ് സമൂഹ മാധ്യമായ ടെലഗ്രാം വഴി സന്ദേശം ലഭിച്ചത്. കാണാതായ അബ്ദുല്‍ റാഷിദിന്റെ അക്കൗണ്ടില്‍നിന്നുമാണ് സന്ദേശം വന്നിരിക്കുന്നത്.
കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനു സന്ദേശം കൈമാറി. ജില്ലയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ പതിനേഴുപേരെ കാണാതായി രണ്ടു മാസത്തിനു ശേഷമാണ് ബന്ധുക്കള്‍ക്കു സന്ദേശം ലഭിച്ചിരിക്കുന്നത്. നേരത്തെയും കാണാതായവര്‍ ടെലഗ്രാം വഴി ബന്ധുക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു.
അതേസമയം, കേരളത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ അഫ്ഗാനിസ്ഥാനിലോ ഇറാനിലോ എത്തിച്ചേര്‍ന്നിട്ടില്ലെന്നു റിപ്പോര്‍ട്ട്. കാണാതായ 21 പേരെ കണ്ടെത്താനായിട്ടില്ലെന്ന് ഇരുരാജ്യങ്ങളും ഇന്ത്യയെ അറിയിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
മലയാളികള്‍ അഫ്ഗാനിസ്ഥാന്‍ വഴി ഇറാനിലേക്കു പോയതായാണ് നേരത്തെയുണ്ടായിരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിവരം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യ തേടിയിരുന്നത്. എന്നാല്‍ ഒരു വിവരവുമില്ലെന്നാണ് ബന്ധപ്പെട്ട രാജ്യങ്ങള്‍ മറുപടി നല്‍കിയെന്ന് ആഭ്യന്തരവകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍നിന്നാണ് 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഇവരില്‍ ചിലര്‍ ലക്ഷ്യസ്ഥാനത്തെത്തിയതായി ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു.
No comments:
Post a Comment