പ്രീമിയര്‍ ലീഗില്‍ മാഞ്ച്സറ്ററിന്റെ ഓണത്തല്ല്
മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും മുഖാമുഖം വരുമ്ബോള്‍ രണ്ടു ലോകോത്തര പരിശീലകരുടെ മികവ് കൂടിയാണ് പരീക്ഷിക്കപ്പെടുക
ലണ്ടന്‍: ഇത്തവണത്തെ ഏറ്റവും വലിയ ഓണത്തല്ല് നടക്കുന്നത് മാഞ്ചസ്റ്ററിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരികയാണ്. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിന്റെ പ്രധാന്യം രണ്ടു ലോകോത്തര പരിശീലകര്‍ മുഖാമുഖം വരുന്നൂയെന്നതാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹൊസെ മൗറീന്യോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗാര്‍ഡിയോളയും. നാട്ടങ്കത്തില്‍ ജയിക്കേണ്ടത് ടീമുകള്‍ക്ക് മാത്രമല്ല പരിശീലകര്‍ക്കും അഭിമാനപ്രശ്നമാണ്.
ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകളുടെ തുടക്കം മികച്ചതാണ്.
ആദ്യ മൂന്നു മത്സരത്തിലും ഇരുടീമുകളും ജയിച്ചു. നാട്ടങ്കത്തില്‍ ജയിക്കുന്ന ടീമിന് മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസമേറും. ഗാര്‍ഡിയോള പ്രീമിയര്‍ ലീഗില്‍ കന്നിക്കാരനാണ്.
സ്പാനിഷ് ലാലിഗയിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലുമാണ് ഇതിനുമുമ്ബ് ടീമുകളെ പരിശീലിപ്പിച്ചത്. മൗറീന്യോക്ക് ഇംഗ്ലീഷ് ലീഗ് കൈവെള്ളയിലെ വരപോലെ വ്യക്തമാണ്. ചെല്‍സിയെ കിരീടവിജയങ്ങളിലേക്ക് നയിച്ച പാരമ്ബര്യവുമുണ്ട്. ജയത്തിന്റെ മധുരവും തോല്‍വിയും കയ്പും അറിഞ്ഞിട്ടുമുണ്ട്.
വര്‍ത്തമാനകാല ഫുട്ബോളില്‍ പരസ്പരം പോരടിക്കുന്ന രണ്ടു പരിശീലകരുടെ ആദ്യനാട്ടങ്കമാണിത്. ജയിക്കാന്‍ തന്ത്രങ്ങളില്‍ വിശ്വസിപ്പിക്കുന്ന പരിശീലകരുടെ പോരാട്ടമായതിനാല്‍ വീര്യംകൂടും. നാട്ടങ്കത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്ന ഘടകവും ഇതാണ്.
ഗാര്‍ഡിയോള ബാഴ്സയെയും ബയറണിനെയും പരിശീലിപ്പിക്കുന്നകാലത്ത് മൗറീന്യോയുമായുള്ള മത്സരങ്ങള്‍ക്ക് യുദ്ധമെന്ന വിശേഷണമായിരുന്നു. ചെല്‍സിയെയും റയല്‍ മാഡ്രിഡിനെയും കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ പരിശീലകന്റെ കളിയുദ്ധങ്ങള്‍.
കണക്കില്‍ ഗാര്‍ഡിയോളയ്ക്ക് നേരിയ മുന്‍തൂക്കമുണ്ട്. നേര്‍ക്കുനേര്‍വന്ന 16 കളിയില്‍ മൗറീന്യോക്ക് മൂന്നു ജയമേയുള്ളൂ. ഏഴുതവണ ജയം ഗാര്‍ഡിയോളയ്ക്കൊപ്പംനിന്നു. ആറു മത്സരങ്ങള്‍ സമനിലയായി. കിരീടങ്ങളുടെ കണക്കില്‍ ഇരുവരും ഒപ്പമാണ്. 18 കപ്പുകളാണ് വിവിധ ടീമുകള്‍ക്കൊപ്പം ഇരുവരും നേടിയത്. രണ്ട് ചാമ്ബ്യന്‍സ് ലീഗ് വിജയങ്ങളാണ് ഇവര്‍ക്കുള്ളത്.
ഇത്തവണ മാഞ്ചസ്റ്റര്‍ ടീമുകള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമൊഴുക്കിയിട്ടുണ്ട്. പോള്‍ പോഗ്ബ, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എറിക് ബെയ്ലി, ഹെന്റിക് മഖിത്യാരന്‍ എന്നിവര്‍ യുണൈറ്റഡിലെത്തി.
ഇല്‍കേ ഗുണ്ടേഗന്‍, ലിറോയ് സാനെ, ഗബ്രിയേല്‍ ജീസസ്, ജോണ്‍ സ്റ്റോണ്‍സ് എന്നിവരെ സിറ്റിയും കൂടാരത്തിലെത്തിച്ചു. നാട്ടങ്കത്തിന്റെ ഫലം സമനിലയല്ലെങ്കില്‍ അടുത്ത മത്സരംവരെ പരിശീലകര്‍ക്കത് അഭിമാനക്ഷതമായിരിക്കും.
No comments:
Post a Comment