മുല്ലപ്പെരിയാറിനൊപ്പം അട്ടപ്പാടിയിലും കേരളാ-തമിഴ്നാട് പോര്; ഭവാനിപ്പുഴയിലെ ചെക് ഡാം നിര്‍മ്മാണം അനുവദിക്കില്ലെന്ന് ജയലളിത; മോദിക്ക് വെല്ലുവിളിയാകാന്‍ മറ്റൊരു നദീജല വിഷയം കൂടി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരിലുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതിനിടയില്‍ കേരളത്തോട് മറ്റൊരു ഡാം നിര്‍മ്മാണത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍ തമിഴ്നാട് തയറാറെടുക്കുന്നു. പാലക്കാട് ജില്ലയില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ ഭവാനിപ്പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ പദ്ധതിക്കെതിരെയാണ് കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്.
കാവേരി ട്രിബ്യൂണലിന്റെ അനുവാദത്തോടെ ചെക്ക്ഡാം നിര്‍മ്മിക്കാന്‍ കേരളസര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ കേരളം ഇതിനുള്ള പാരിസ്ഥിതികാഘാതപഠനം നടത്തുകയാണ്. ഈ പഠനം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്. തമിഴ്നാട് സര്‍ക്കാരും മുഖ്യമന്ത്രി ജയലളിതയും, അവരുടെ രാഷ്ട്രീയപാര്‍ട്ടിയായ എഐഡിഎംകെയും ഈ വിഷയത്തില്‍ ഇടപെട്ടതോടെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളും കേരളത്തിന്റെ നീക്കത്തെ എതിര്‍ത്തു രംഗത്തുവന്നിരിക്കുകയാണ്. തമിഴ്നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഈ വിഷയം രാഷ്ട്രീയ അജണ്ടയായി ഏറ്റെടുത്തിരിക്കുകയാണ് അവിടത്തെ ചെറുതും വലുതുമായ പാര്‍ട്ടികള്‍.
കഴിഞ്ഞ വ്യാഴാഴ്ച കരുണാനിധിയുടെ പാര്‍ട്ടിയായ ഡിഎംകെ കേരളത്തിനെതിരേ സമരം നടത്തിയിരുന്നു. പാട്ടാളി മക്കള്‍ കക്ഷിയും, മറ്റ് കര്‍ഷകസംഘടനകളും ചേര്‍ന്ന് നടത്തിയ മാര്‍ച്ച് തമിഴ്നാട് പൊലീസ് ഇടപെട്ടാണ് തടഞ്ഞത്. പാരിസ്ഥിതികാഘാത പഠനം നിര്‍ത്തിവച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ അട്ടപ്പാടിയോടു ചേര്‍ന്ന കേരള-തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടിയില്‍ കേരള പൊലീസ് ശക്തമായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികളുടേയും പാലക്കാട് ജില്ലയുടെയും ജലക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച അട്ടപ്പാടിവാലി പദ്ധതിയുടെ ഭാഗമായാണ് ചെക്ക്ഡാം നിര്‍മ്മിക്കാന്‍ കേരളം തീരുമാനിച്ചത്. സൈലന്റ്വാലിയില്‍നിന്നുല്‍ഭവിച്ച് തമിഴ്നാട്ടിലേക്കൊഴുകുന്ന ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികളാണ് ശിരുവാണിപ്പുഴയും, വരാഗയാറും. തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളിലേക്ക് ശിരുവാണിപ്പുഴയില്‍നിന്നാണ് ജലംകൊണ്ടുപോകുന്നത്. ഭവാനിപ്പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിച്ചാല്‍ ശിരുവാണിപ്പുഴയിലേക്കുള്ള ജല ലഭ്യത കുറയുമെന്നു വാദിച്ചാണ് തമിഴ്നാട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കോയമ്ബത്തൂര്‍, തിരുപ്പൂര്‍ ജില്ലകളിലെ കുടിവെള്ളമായും കൃഷി ആവശ്യത്തിനും ശിരുവാണിപ്പുഴയിലെ ജലമാണ് ആശ്രയം. ഇവിടെനിന്ന് 1.3 ഘനയടി ജലമാണ് കേരളം നല്‍കുന്നത്.
തമിഴ്നാടുമായുള്ള തര്‍ക്കത്തില്‍പ്പെട്ട് അട്ടപ്പാടിവാലി ജലസേചന പദ്ധതി പ്രവര്‍ത്തനം അനന്തമായി വൈകുമ്ബോള്‍ കേരളത്തിന് നഷ്ടം കോടികളാണ്. കാവേരി വിഹിതം പ്രയോജനപ്പെടുത്താന്‍ കേരള ജലവിഭവ വകുപ്പിന് കീഴില്‍ കണ്ണൂരിലും പാലക്കാട് അഗളിയിലും രണ്ട് പ്രോജക്‌ട് ഡിവിഷനുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ഇടത്തരം, ചെറുകിട ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഒരു പദ്ധതിപോലും നടപ്പാക്കാനായില്ല. അട്ടപ്പാടിവാലി ജലസേചന പദ്ധതിക്കുവേണ്ടി അഗളിയില്‍ സ്ഥാപിതമായ പ്രോജക്‌ട് ഡിവിഷന്റെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടു മുമ്ബ് 218 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തിരുന്നു. കോടികള്‍ ചെലവഴിച്ച് ഓഫിസ്, ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റല്‍, റോഡ്, കനാല്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിച്ചു.
പദ്ധതിക്കായി അക്വയര്‍ ചെയ്ത ഭൂമിയില്‍ ഒരു ഭാഗം കുടിയേറ്റ കര്‍ഷകര്‍ കൈയേറിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുക ദുഷ്കരമാണ്. ഓഫിസ് പ്രവര്‍ത്തനം നാമമാത്രമാണെങ്കിലും പ്രോജക്‌ട് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിതരായ 35ലധികം ഉദ്യോഗസ്ഥര്‍ ഇപ്പോഴും തുടരുന്നുണ്ട്. 1970ല്‍ അട്ടപ്പാടിവാലി പദ്ധതിക്ക് രൂപം നല്‍കുമ്ബോള്‍ നിര്‍മ്മാണച്ചെലവായി കണക്കാക്കിയത് വെറും 4.76 കോടി രൂപയായിരുന്നു. എന്നാല്‍, പിന്നീട് കെട്ടിടങ്ങള്‍ക്കും റോഡിനും മാത്രമായി 19.5 കോടി രൂപയോളം ചെലവഴിച്ചു. നിലവിലുള്ള നിരക്ക് പ്രകാരം 700 കോടി രൂപയാണ് ഡാമിന്റെ നിര്‍മ്മാണച്ചെലവ് കണക്കാക്കുന്നതെങ്കിലും പദ്ധതി പൂര്‍ത്തിയാവുമ്ബോള്‍ ഇത് 1000 കോടിക്ക് മീതെയത്തെുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു
No comments:
Post a Comment