Wednesday, 7 September 2016

ഓക്സിജന്‍ സിറ്റിക്കെതിരെയുള്ള മറുനാടന്‍ റിപ്പോര്‍ട്ടുകള്‍ ശരിവച്ച്‌ കണ്‍സ്യൂമര്‍ കംപ്ലൈന്റ് കൗണ്‍സില്‍; വിഎസിന്റെ മുന്‍ ഉപദേഷ്ടാവ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്റെ പത്രപരസ്യം വ്യാജമെന്ന് തീര്‍പ്പ്; സ്വര്‍ണ്ണക്കട മുതലാളിയുടെ വ്യാജ പരസ്യത്തില്‍ കണ്ണു മഞ്ഞളിച്ച്‌ നിക്ഷേപം നടത്താന്‍ ഒരുങ്ങിയവര്‍ വായിച്ചറിയുക



തിരുവനന്തപുരം: പത്രങ്ങളിലുടെ വ്യാജപരസ്യം നല്‍കി പ്രവാസികള്‍ അടക്കമുള്ളവരില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. തൃശ്ശൂരില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച 6000 കോടിയുടെ ഓക്സിജന്‍ സിറ്റിയെ കുറിച്ചുള്ള അവകാശ വാദങ്ങള്‍ തെറ്റാണെന്ന് കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ് കൗണ്‍സിലും വ്യക്തമാക്കി. കോടികള്‍ മുടക്കി പത്രങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തിലെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് നേരത്തെ മറുനാടന്‍ മലയാളി ചൂണ്ടിക്കാട്ടിയിരുന്നു.

മറുനാടന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ് കൗണ്‍സില്‍ ശരിവച്ചിരിക്കുന്നത്.

30 കോടിയുടെ പരസ്യം പത്രങ്ങള്‍ക്ക് നല്‍കി 6000 കോടി പിരിച്ചെടുക്കാനായി വ്യാജ അവകാശവാദങ്ങളുമായി എത്തിയ ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജന്‍ സിറ്റി എന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതി രാജ്യത്ത് നിലവില്‍ ഉള്ള സര്‍വ്വ നിയമങ്ങള്‍ക്കും വിരുദ്ധമാണ് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം നേരത്തെ മറുനാടന്‍ റിപ്പോര്‍ട്ട് ചെയതിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖയില്‍ നടക്കുന്ന വമ്ബന്‍ ചൂഷണങ്ങള്‍ക്കു പരിഹാരമായി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പാസ്സാക്കിയ നിയമങ്ങളില്‍ ഒന്നുപോലും പാലിക്കാതെയായിരുന്നു ബോബിയുടെ ഓക്ജിസന്‍ സിറ്റിയെ കുറിച്ചുള്ള പരസ്യം. ഈ പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് അടുത്തിടെ ബോബി തന്നെ ഒരു ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു.

പരസ്യങ്ങളിലൂടെ ബോബി ലക്ഷ്യമിട്ടത് വലിയ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് കണ്‍സ്യൂണര്‍ കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട്. വി എസ് അച്യുതാനന്ദന്റെ മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു നല്‍കിയ പരാതിയില്‍ കഴമ്ബുണ്ടെന്നാണ് കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ സെസിന് അനുമതി ലഭിച്ചു എന്നത് അടക്കം ഓക്സിജന്‍ സിറ്റിയെ കുറിച്ചു നല്‍കിയ പരസ്യം അടിമുടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ജോസഫ് സി മാത്യു ചൂണ്ടിക്കാട്ടിയത്. ഇങ്ങനെ സ്വകാര്യ സെസ് അനുവദിക്കാനുള്ള കാര്യങ്ങളൊന്നു ഇല്ലെന്നും പ്രാഥമിക അനുമതി പോലും ഇല്ലാതെയാണ് വലിയ പദ്ധതിയെ കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. 62 ഏക്കറിലായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ 29000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാദവും തെറ്റാണെന്ന് കണ്‍സ്യൂമര്‍ കൗണ്‍സില്‍ കണ്ടെത്തി.

ജോസഫ് സി മാത്യു നല്‍കിയ പരാതി പരിശോധിച്ച ശേഷം പരസ്യത്തില്‍ അടിമുടി അപാകതയാണെന്നാണ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ വിലയിരുത്തിയത്. ബോബിയുെട ഈ പരസ്യത്തില്‍ കണ്ണുമഞ്ഞളിച്ച്‌ പദ്ധതിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയവരാണ് ഇതോടെ പുലിവാല് പിടിച്ചിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന കാര്യം ഉറപ്പായതോടെ മുടക്കിയ പണം തിരിച്ചു കിട്ടുമോയെന്ന ആശങ്കയും പലര്‍ക്കുമുണ്ട്. അതേസമയം വ്യാജ പരസ്യം നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ച ബോബിക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യം കണ്‍സ്യൂമര്‍ കൗണ്‍സിലും വ്യക്തമാക്കിയിട്ടില്ല.

600 കോടിവരെ പിഴ ലഭിക്കാവുന്നതും, മൂന്ന് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ ചട്ടലംഘനങ്ങളാണ് ഓക്സിജന്‍സിറ്റിക്കായി നിബന്ധനകള്‍ മറികടന്ന് നല്‍കിയ പരസ്യങ്ങളില്‍ ഉണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമം സംസ്ഥാനങ്ങള്‍ നടപ്പിലാക്കാനുള്ള തീയതിക്ക് മുമ്ബ് തന്നെ കേരളം നിയമം പാസാക്കിയതുകൊണ്ട് കേരളത്തില്‍ ഈ നിയമം ഇപ്പോള്‍ ബാധകമാണ്. ഈ വര്‍ഷം ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരള റിയല്‍ എസ്റ്റേറ്റ് റഗുലേററ്ററി അഥോറിറ്റിയുടെ ചട്ടങ്ങളില്‍ ഒരു റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടര്‍ പാലിക്കേണ്ടതായി പറയുന്ന നിബന്ധനകള്‍ ഒന്നടങ്കം ലംഘിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ഓക്സിജന്‍ സിറ്റിക്കായുള്ള പരസ്യങ്ങള്‍ നല്‍കിയിട്ടുള്ളത്. കേരളത്തിലെമ്ബാടും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച്‌ ഫ്ളാറ്റുകളും വില്ലകളും യഥാസമയം നിര്‍മ്മിച്ചു നല്‍കാതെ ഉപഭോക്താക്കളെ പറ്റിക്കപ്പെടുന്നത് വ്യാപകമായതോടെയാണ് ഇത്തരമൊരു അഥോറിറ്റി സര്‍ക്കാര്‍ കൊണ്ടുവന്നത്.

2015ലെ കേരള റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ആക്റ്റ് പ്രകാരം അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പദ്ധതികള്‍ക്കേ പരസ്യം നല്‍കാനും ഉപഭോക്താക്കളില്‍ നിന്നും അഡ്വാന്‍സ് സ്വീകരിക്കുന്നതിനും അനുവാദമുള്ളൂ. അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ത്തന്നെ ബില്‍ഡിങ് പെര്‍മിറ്റ് ലഭിക്കണം. അതുപോലും നടത്താതെയാണ് ബോബി സകലമാന പത്രങ്ങളിലും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും വന്‍ പരസ്യങ്ങള്‍ നല്‍കി റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് കളമൊരുക്കുന്നത്.

നിയമം നിലവില്‍വന്നതിനുശേഷം ബില്‍ഡിങ് പെര്‍മിറ്റ് ലഭിച്ച പുതിയ പാര്‍പ്പിട, വാണിജ്യ പദ്ധതികളൊക്കെ അഥോറിറ്റിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്ലോട്ടുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, വാണിജ്യ പദ്ധതികള്‍ എന്നിങ്ങനെ വില്‍പ്പനക്കായുള്ള പദ്ധതികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പുതിയ നിയമപ്രകാരം ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നതിനും ബില്‍ഡര്‍മാര്‍ ബാധ്യസ്ഥരാണ്. ലേ ഔട്ട് പ്ലാന്‍, ലഭ്യമായിട്ടുള്ള അനുമതികള്‍, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയ വിവരങ്ങളൊക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. ഇക്കാര്യങ്ങള്‍ അഥോറിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കിയ ശേഷമേ പരസ്യങ്ങളും നല്‍കാവൂ.

പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിക്കഴിഞ്ഞാല്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലോട്ടിന്റെയോ അപ്പാര്‍ട്ട്മെന്റിന്റെയോ അളവുകളില്‍ ബില്‍ഡര്‍ക്ക് മാറ്റം വരുത്താനാകില്ല. ഇതിനെല്ലാം പുറമെ ഒരു പദ്ധതിക്കായി ഉപഭോക്താക്കളില്‍ നിന്നും ബില്‍ഡര്‍മാര്‍ സമാഹരിക്കുന്ന പണത്തിന്റെ 70 ശതമാനവും നിര്‍മ്മാണ ചെലവിലേക്കായി ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടില്‍ നിര്‍ബന്ധമായും നിക്ഷേപിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

നാടൊട്ടുക്കും ഫളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചോ, പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ പരസ്യങ്ങള്‍ ചെയ്തോ പണം തട്ടുന്ന വ്യാജ ഫളാറ്റ് നിര്‍മ്മാതാക്കളെ കയ്യോടെ പിടികൂടുന്നതിനാണ് അഥോറിറ്റി രൂപീകരിച്ചത്. പക്ഷേ പദ്ധതിക്കായി അപേക്ഷയോ, അപ്രൂവലിനായി ലേഔട്ട് പഌനോ സമര്‍പ്പിക്കുകപോലും ചെയ്യാതെയാണ് ബോബി വ്യാജ പരസ്യവുമായി രംഗത്തെത്തിയത്. ബോബിയുടെ അവകാശവാദങ്ങളെ പൊളിച്ചുകൊണ്ടാണ് നേരത്തെ മറുനാടന്‍ വാര്‍ത്ത നല്‍കിയിരുന്നത്. പരസ്യം നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍ ബോബിക്കെതിരെ മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും രംഗത്തുവന്നിരുന്നില്ല. മറിച്ച്‌ പലരും പെയ്ഡ് അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചും സംപ്രേഷണം ചെയ്തും ബോബിയെ വെള്ളപൂശുകയായിരുന്നു. ബോബിയെ കുറിച്ച്‌ വാര്‍ത്ത നല്‍കാന്‍ തെളിവില്ലായിരുന്നു ചാനലുകളും സ്വീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ വിഎസിന്റെ മുന്‍ ഉപദേഷ്ടാവ് നല്‍കിയ പരാതിയില്‍ ബോബിയുടെ ഓക്സിജന്‍ സിറ്റിയെ കുറിച്ചുള്ള പരസ്യങ്ങളെല്ലാം വ്യാജമായി. ഇത് വാര്‍ത്തയാക്കും മറ്റാരും തയ്യാറല്ലെന്നതാണ് വാസ്തവം.

No comments:

Post a Comment