വിജിലൻസ് കേസിൽ മാണിക്കു വേണ്ടി എം.കെ.ദാമോദരൻ ഹൈക്കോടതിയിൽ
കൊച്ചി ∙ പുതിയ വിജിലന്‍സ് കേസുകളിൽ മുൻ ധനമന്ത്രി കെ.എം. മാണി എംഎൽഎയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ എം.കെ. ദാമോദരന്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദാമോദരൻ ഹൈക്കോടതിയില്‍ ഹാജരായത്. കോഴിഫാമുകള്‍ക്ക് നികുതി ഇളവ് നല്‍കിയ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ആയുർവേദ ഉൽപന്നങ്ങളുടെ നികുതി ഇളവുചെയ്ത കേസും റദ്ദാക്കണമെന്ന് മാണി ആവശ്യപ്പെട്ടു.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി ദാമോദരനെ നിയമിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ, വിവാദ കേസുകളിൽ ഹാജരായ ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകുന്നതിൽ എതിർപ്പുയർന്നതിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
സ്വകാര്യ കോഴി ഫാം കമ്പനിയുടെ നികുതിക്കുടിശിക എഴുതിത്തള്ളിയും ആയുർവേദ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സർക്കാരിനു 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് മാണിയെ മുഖ്യപ്രതിയാക്കി വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മാണിയുടെ മുൻ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനും കോഴി ഫാം ഉടമകളും അടക്കം ഒൻപതു പേർ പ്രതിപ്പട്ടികയിലുണ്ട്.
നികുതിക്കുടിശികയായ 65 കോടി രൂപ അടയ്ക്കാൻ കോഴി ഫാം കമ്പനിക്കു വാണിജ്യ നികുതി വകുപ്പു നോട്ടിസ് നൽകിയിരുന്നു. ഇത് ഒഴിവാക്കിക്കൊടുക്കാനും ആയുർവേദ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ നികുതി 12.5 ശതമാനത്തിൽ നിന്നു നാലു ശതമാനമായി കുറച്ചു കൊടുക്കാനും മാണി അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ചു ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിൾ മാത്യുവാണു പരാതി നൽകിയത്.

No comments:
Post a Comment