കോളേജ് അധ്യാപകര്‍ക്ക് മികവ് നോക്കി ശമ്ബളം പരിഗണിക്കുന്നു
ശമ്ബള പരിഷ്കരണത്തിന് മുമ്ബ് യു.ജി.സി. സര്‍വേ
തിരുവനന്തപുരം : കോളേജ് അധ്യാപകരുടെ ശമ്ബളം പ്രവര്‍ത്തനത്തിലെ മികവുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കാന്‍ യു.ജി.സി. ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാരോടും സര്‍വകലാശാലകളിലെ വകുപ്പ് മേധാവികളോടും യു.ജി.സി. അഭിപ്രായമാരാഞ്ഞു. കോളേജ് അധ്യാപകരുടെ ശമ്ബളം പരിഷ്കരിക്കുന്നതിന് പുതിയ കമ്മിഷനെ യു.ജി.സി. നിയോഗിച്ചു. ഈ കമ്മിഷന്‍ പരിഗണിക്കുന്നതിനായി യു.ജി.സി. തയ്യാറാക്കിയ വിപുലമായ ചോദ്യാവലിയിലാണ് ഇക്കാര്യമുള്ളത്.
അധ്യാപകരുടെ മെറിറ്റ്, പ്രവര്‍ത്തനം, നേട്ടം എന്നിവയുമായി ബന്ധപ്പെടുത്തിയ ശമ്ബളഘടന വേണമോയെന്ന കാര്യത്തിലാണ് അഭിപ്രായം ചോദിച്ചത്.
ഈ നിര്‍ദേശം എങ്ങനെ നടപ്പിലാക്കാമെന്നും അറിയിക്കണം. കോളേജ് അധ്യാപകരുടെ സ്ഥാനക്കയറ്റം പ്രവര്‍ത്തനമികവ് കൂടി കണക്കിലെടുത്ത് നടപ്പാക്കാന്‍ മുന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതനുസരിച്ച് നിശ്ചിത ഗ്രേഡ് പോയിന്റ് ലഭിച്ചാലേ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂ. ഇതിന്റെ തുടര്‍ച്ചയായാണ് ശമ്ബളഘടനയെ പ്രവര്‍ത്തന മികവുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദേശം യു.ജി.സി. മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയില്‍ അധ്യാപകര്‍ക്ക് സ്ഥിരം നിയമനം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. വിദേശ രാജ്യങ്ങളിലെപ്പോലെ എന്‍ട്രി ലെവലില്‍ നിശ്ചിത കാലത്തേക്ക് അധ്യാപകരെ നിയമിക്കുന്ന സംവിധാനവും യു.ജി.സി. മുന്നോട്ടുവെക്കുന്നു. ഒരു സര്‍വകലാശാലയിലൊ, കോളേജിലൊ ജോലിയില്‍ കയറുന്ന അധ്യാപകന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാന്‍ നിയമപരവും സാങ്കേതികവുമായ ഒട്ടേറെ തടസ്സങ്ങളുണ്ട്.
ഇത് ലഘുവാക്കി അധ്യാപകര്‍ക്ക് സ്ഥിരമായോ, താത്കാലികമായോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാന്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദേശവും യു.ജി.സി. ചര്‍ച്ചയ്ക്ക് വെക്കുന്നു. അധ്യാപകരുടെ വിരമിക്കല്‍ പ്രായം എത്രയായിരിക്കണമെന്നതിലും യു.ജി.സി. അഭിപ്രായം തേടുന്നു. വിരമിച്ച അധ്യാപകരെ എത്രകാലം ഉപയോഗപ്പെടുത്താം.
എന്‍ട്രി തസ്തികയില്‍ വരുന്ന ചെറുപ്പക്കാരുടെ അവസരം നഷ്ടമാകാതെ വിരമിക്കുന്ന അധ്യാപകരുടെ അനുഭവ സമ്ബത്തും അറിവും ഗവേഷണമടക്കമുള്ള മേഖലകളില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശവും യു.ജി.സി. മുന്നോട്ടുവെക്കുന്നു. വനിതാ അധ്യാപകര്‍ക്ക് ജോലി സമയം സൗകര്യപ്രദമായ വിധത്തില്‍ ക്രമീകരിക്കുന്നതിനും പ്രസവാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിനും ഉള്ള നിര്‍ദേശങ്ങള്‍ യു.ജി.സി. ചോദ്യാവലിയില്‍ ഉന്നയിക്കുന്നുണ്ട്.
കോളേജും വ്യവസായ ലോകവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ യു.ജി.സി. ആരായുന്നു. പഠിച്ചിറങ്ങുന്ന കുട്ടികള്‍ വ്യവസായ മേഖലയ്ക്ക് ഉപയോഗപ്പെടുത്താന്‍ തക്കവിധ പ്രാവീണ്യമുള്ളവരാണോയെന്നത് സംബന്ധിച്ച അഭിപ്രായവും ചോദിച്ചിട്ടുണ്ട്. കോളേജ്, സര്‍വകലാശാലാ അധ്യാപകര്‍ക്ക് ഒരേ ശമ്ബളഘടന വേണോ, നിലവില്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തി ഗ്രേഡ് പോയിന്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചും അഭിപ്രായമാരാഞ്ഞിട്ടുണ്ട്.
25 നകം ഈ ചോദ്യാവലിക്കുള്ള മറുപടി സ്ഥാപനമേധാവികള്‍ നല്‍കണം. ഓരോ കോളേജിന്റെയും പ്രവര്‍ത്തനം, അധ്യാപകരുടെ വിവരങ്ങള്‍, ഉപയോഗപ്പെടുത്തിയ ഫണ്ടുകള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും വിപുലമായ ചോദ്യാവലിയാണ് യു.ജി.സി. തയ്യാറാക്കിയിരിക്കുന്നത്.
No comments:
Post a Comment