Thursday, 8 September 2016

കര്‍ണാടത്തില്‍ ബന്ദ്: ഗതാഗതം സ്തംഭിക്കും



ബന്ദ് മണിക്കൂറുകള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂവെങ്കിലും പൊതുഗതാഗതം അടക്കം പൂര്‍ണ സ്തംഭനത്തിലായിരിക്കുകായാണ്

ബെംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം നല്‍കുന്നതിനെതിരെ കര്‍ണാടകത്തില്‍ ബന്ദ്. നാല് ദിവസത്തോളം നീണ്ട് നിന്ന പ്രക്ഷോഭത്തിനൊടുവിലാണ് പ്രതിഷേധക്കാര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. വിവിധ സംഘടനകള്‍ ബന്ദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

ബന്ദി തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പൊതുനിരത്തില്‍ വാഹനങ്ങള്‍ കുറവാണ്. ഓട്ടോ ടാക്സികള്‍ സര്‍വീസ് നടത്തുന്നില്ല. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ ബസ്സുകളും നിരത്തിലിറങ്ങിയിട്ടില്ല.
ഇതോടെ മെട്രോ സര്‍വീസ് മാത്രമാണ് ബാംഗ്ലൂരുകാര്‍ക്ക് നഗരത്തിലെത്തിപ്പെടാനുള്ള ഏക ആശ്രയം.

കന്നട, കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ 'കന്നട ഒക്കൂട്ട' എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയാണ് ബന്ദ്. വിവിധ മേഖലകളിലെ ചെറുതും വലുതുമായ രണ്ടായിരത്തോളം സംഘടനകള്‍ പിന്തുണയ്ക്കുന്നുണ്ട്. ബി.ജെ.പി.യും ബന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.

ആവശ്യസര്‍വീസുകളെ ബന്ദില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. അണക്കെട്ടുകളുടെ സുരക്ഷക്കായി പോലീസിനോടൊപ്പം കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ മാത്രം സുരക്ഷക്കായി 62,000 പോലീസുകാരെയാണ് നിയോഗിച്ചത്.

ഓട്ടോ, ടാക്സി യൂണിയനുകള്‍, റസ്റ്റോറന്റ്സ് അസോസിയേഷനുകള്‍, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, ചലച്ചിത്ര സംഘടനകള്‍ തുടങ്ങി ഒട്ടേറെ സംഘടനകള്‍ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. ബന്ദിനെ പിന്തുണച്ച്‌ നഗരത്തില്‍ തമിഴ് ടി.വി. ചാനലുകള്‍ നല്‍കില്ലെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. അമ്ബത്തിരണ്ടോളം തമിഴ് ചാനലുകളാണ് കര്‍ണാടകത്തില്‍ സംപ്രേഷണം ചെയ്യുന്നത്.

സ്കൂളുകളും സ്വകാര്യസ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു കോര്‍പ്പറേഷന്റെ കീഴിലുള്ള ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. കന്നട, കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച്‌ ബി.ജെ. പി.യും ജനതാദള്‍ എസ്സും രംഗത്തെത്തി. തമിഴ്നാടിന് വെള്ളംനല്‍കുന്ന കെ.ആര്‍.എസ്. അണക്കെട്ട് നിലനില്‍ക്കുന്ന മാണ്ഡ്യയിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.

ഇതോടെ ബെംഗളൂരു- മൈസൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. മൈസൂരുവഴി കേരളത്തിലേക്കുള്ള കര്‍ണാടക, കേരള ആര്‍.ടി.സി.കളുടെ പകല്‍സര്‍വീസുകള്‍ റദ്ദാക്കി. ഇതോടെ മലബാര്‍ ഭാഗത്തേക്കുള്ള യാത്രാ പ്രശ്നവും രൂക്ഷമായി. അതിനിടെ, തമിഴ്നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ കര്‍ണാടകസര്‍ക്കാര്‍ തീരുമാനിച്ചു.

No comments:

Post a Comment