Thursday, 8 September 2016

പത്രം തുറന്നാല്‍ തെരുവ് നായ ആക്രമണങ്ങളുടെ കഥ മാത്രം; സുപ്രീം കോടതി നിയമിച്ച ജഡ്ജി പലതവണ സിറ്റിങ് നടത്തിയപ്പോള്‍ എത്തിയത് വെറും 20 പേര്‍ മാത്രം; ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ ഭാവിക്ക് നിര്‍ണ്ണായകമാകും



കൊച്ചി: തിരുവനന്തപുരത്ത് വയോധികയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന് ഭക്ഷിച്ചു എന്ന് വാര്‍ത്ത പുറത്തുവന്നതോടെ മലയാളികള്‍ കടുത്ത രോഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം രഞ്ജിനി ഹരിദാസിനെയും മനേകാ ഗാന്ധിയെയും അധിക്ഷേപിക്കുന്നതില്‍ മാത്രമാണ് രോഷപ്രകടനങ്ങള്‍ ഒതുങ്ങുന്നത്. എന്നാല്‍, ഇതില്‍ കൂടുതലൊന്നും സംഭവിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ മലയാളികള്‍ എന്തു ചെയ്യണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍. എല്ലാദിവസവും പത്രത്തില്‍ തെരുവ് നായ്ക്കളെ കൊന്ന കേസിനെ കുറിച്ച്‌ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്.
എന്നാല്‍, കടിയേറ്റവരെല്ലാം ചികിത്സ കഴിഞ്ഞ് പോകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ആരും പരാതി നല്‍കാന്‍ രംഗത്തെത്താത്തത് കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നായയുടെ കടിയേറ്റത് മൂന്ന് ലക്ഷത്തിലേറെ പേര്‍ക്കാണെങ്കിലും തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്ക് മുന്‍പാകെ ലഭിച്ചത് 20 പരാതികള്‍ മാത്രമാണെന്നതാണ് ഭാവിയില്‍ കേരളത്തിന് തിരിച്ചടിയാകാന്‍ പോകുന്നത്. തെരുവുനായയുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിന് കമ്മിറ്റിയെ സമീപിക്കാമെന്ന് ഒരു മാസം മുമ്ബ് മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. എന്നാല്‍ വളരെക്കുറച്ച്‌ പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ പറഞ്ഞു. പലരും ഇതറിഞ്ഞില്ലെന്നതാണ് വാസ്തവം.

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയെ സുപ്രീംകോടതി നിയമിച്ചിരുന്നു. കമ്മിറ്റിയുടെ ഓഫീസ് എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി സിരിജഗന്‍ കമ്മിറ്റിയെ നിയമിച്ചത്. ഏപ്രില്‍ അഞ്ചിനായിരുന്നു നിയമനം. പരാതികളിലേറെയും പാലക്കാട് ജില്ലയില്‍ നിന്നാണ്. തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്.

ഓരോ സംഭവവും പഠിച്ച ശേഷം റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കും. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. നായശല്യത്തിന്റെ രൂക്ഷത, സര്‍ക്കാര്‍ ആസ്?പത്രികളിലുള്‍പ്പെടെ പേവിഷ മരുന്നിന്റെ ലഭ്യത തുടങ്ങിയവയെല്ലാം കമ്മിറ്റിയുടെ പരിഗണനയില്‍ വരും. ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആവശ്യത്തിന് പരിശീലനം നല്‍കുക, മാലിന്യ സംസ്കരണം ഫലപ്രദമാക്കുക, തെരുവ് നായകളെ നിയന്ത്രിക്കുക, വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കുക എന്നിങ്ങനെ അഞ്ച് നിര്‍ദേശങ്ങള്‍ കമ്മിറ്റി സുപ്രീംകോടതിക്ക് നല്‍കിയിട്ടുണ്ട്.

കമ്മിറ്റി എല്ലാ ജില്ലകളിലും സിറ്റിങ് നടത്തുമെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ വിലാസം: ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റി, യു.പി.എ.ഡി. ഓഫീസ് കെട്ടിടം, ഒന്നാം നില, സ്പെഷലിസ്റ്റ്സ് ആശുപത്രിക്ക് സമീപം, നോര്‍ത്ത് പരമാര റോഡ്, കൊച്ചി17.

No comments:

Post a Comment